Loan Fraud : ലോൺ തട്ടിപ്പിൽ നിന്ന് രക്ഷ നേടാം; അംഗീകൃത ലോൺ ആപ്പുകളുടെ ഡേറ്റാബേസുമായി ആർബിഐ
Loan Fraud RBI : ലോൺ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസ് പുറത്തിറക്കാനൊരുക്കി റിസർവ് ബാങ്ക്. ഇത്തരം ഡേറ്റാബേസിലൂടെ ആളുകൾക്ക് അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഏതെന്ന് തിരിച്ചറിയാനാവുമെന്ന് റിസർവ് ബാങ്ക് കണക്കുകൂട്ടുന്നു.
വ്യാജ ലോൺ ആപ്പുകളുടെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ആർബിഐ ഡേറ്റാബേസ് പുറത്തിറക്കുന്നതിലൂടെ അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഏതൊക്കെയെന്ന് ഉപഭോക്താവിന് തിരിച്ചറിയാനാവുമെന്നും ലോൺ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളാവും അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് മേല്‍നോട്ടം വഹിക്കുക. ഈ സ്ഥാപനങ്ങൾ ലോണ്‍ ആപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യും. നിലവിൽ ലോൺ തട്ടിപ്പുകൾ തടയുന്നതിനും വ്യാജ ലോൺ ആപ്പുകളെ നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ആളുകൾ കുരുക്കിൽ പെടുന്നുണ്ട്. പുതിയ സംവിധാനം ലോൺ ആപ്പുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് സഹായകരമാവുമെന്ന് റിസർവ് ബാങ്ക് കണക്കുകൂട്ടുന്നു.
Also Read : Income tax Refund: ഇങ്ങനെയൊരു മെസ്സേജ് വന്നാൽ സൂക്ഷിക്കണെ, ക്ലിക്ക് ചെയ്യും മുൻപ് അറിഞ്ഞിരിക്കണം ഇതൊക്കെ
ഡേറ്റാബേസ് പ്രസിദ്ധീകരിക്കുന്നതിലൂടെ ഉപഭോക്താക്കൾ കൂടുതൽ സുരക്ഷിതരാവുമെന്ന് എസ്ബിഐ എംഡി അശ്വിനി കുമാർ തിവാരി പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. “ഓരോ ദിവസവും പുതിയ ആപ്പുകൾ ഉണ്ടാവുന്നത് വ്യാജ ആപ്പുകളെ തിരിച്ചറിയുന്നതിൽ ഉപഭോക്താക്കൾക്ക് വെല്ലുവിളിയാവാറുണ്ട്. ഈ ആപ്പുകൾ ഏതൊക്കെയെന്ന് ജനങ്ങളെ അറിയിക്കുക എന്നത് അനിവാര്യമാണ്. ഇത്തരം ആപ്പുകളുടെ പ്രവർത്തനം തടയേണ്ടതുണ്ട്.”- അദ്ദേഹം പറഞ്ഞു.
ഐടി ആർ റീഫണ്ടുമായി ബന്ധപ്പെട്ടും തട്ടിപ്പ് നടക്കുന്നുണ്ട്. റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി ഇത്തരത്തിൽ ചെയ്യാം എന്ന് കാണിച്ച് ചില മെസ്സേജുകൾ നിങ്ങളുടെ ഫോണിലേക്ക് വന്നേക്കാം. കേന്ദ്രസർക്കാരിൻ്റെ സൈബർ വിഭാഗമായ സൈബർ ദോസ്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഈ തട്ടിപ്പിനെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങൾക്ക് റീഫണ്ട് ലഭിച്ചുവെന്ന് അവകാശപ്പെട്ട് വിവിധ തട്ടിപ്പുകാർ വിവിധ തരത്തിലുള്ള സന്ദേശങ്ങൾ അയക്കും. നിങ്ങളുടെ സാമ്പത്തിക വിശദാംശങ്ങളാവും പലപ്പോഴും അതിൽ ചോദിക്കുന്നത്. നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും ചോദിച്ചേക്കാം. ഇത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കുക. ഒപ്പം എല്ലായ്പ്പോഴും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം ഇത്തരം വിവരങ്ങൾ സ്ഥിരീകരിക്കുക- സൈബർ ദോസ്തിൻ്റെ ട്വീറ്റിൽ പറയുന്നു.അതേസമയം ആളുകളെ കൊള്ളയടിക്കാൻ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഇത് പൊതുജനങ്ങൾക്ക് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.