LIC Bima Sakhi Yojana : പത്താം ക്ലാസ് പാസായ വനിതകളാണോ ? ബീമ സഖി യോജനയിലൂടെ പണം സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം
LIC Bima Sakhi Yojana how women can apply : സ്‌കീമിന്റെ ഭാഗമാകുന്ന സ്ത്രീകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഒരു നിശ്ചിത സ്റ്റൈപ്പന്‍ഡ് ലഭിക്കും. കൂടാതെ പോളിസി വില്‍പനയില്‍ നിന്ന് കമ്മീഷനുകളും ലഭിക്കും
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ (എൽഐസി) പദ്ധതിയാണ് ബീമാ സഖി യോജന. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമീണ സ്ത്രീകൾക്ക് ഇൻഷുറൻസ് ഏജൻ്റുമാരാകാനും ഉപജീവനമാർഗം കണ്ടെത്താനും പദ്ധതിയിലൂടെ സാധിക്കും. ഗ്രാമപ്രദേശങ്ങളിൽ ഇൻഷുറൻസിനെക്കുറിച്ച് അവബോധം വളർത്താനും പദ്ധതി സഹായകരമാകും.
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ബീമാ സഖിയെ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം പേരെയും എൻറോൾ ചെയ്യാൻ എൽഐസി പദ്ധതിയിടുന്നു. പദ്ധതിയുടെ ഭാഗമാകുന്ന സ്ത്രീകള്‍ അറിയപ്പെടുന്ന പേരാണ് ബീമാ സഖി. ബീമാ സഖികള്‍ക്ക് എല്‍ഐസി ഏജന്റുമാരാകാനുള്ള അവസരം മാത്രമല്ല, കമ്പനിയിലെ ഡെവലപ്‌മെന്റ് ഓഫീസര്‍ റോളുകളിലേക്ക് പോലും അര്‍ഹത ലഭിച്ചേക്കാം.
നിശ്ചിത സ്റ്റൈപ്പന്‍ഡ്
സ്‌കീമിന്റെ ഭാഗമാകുന്ന സ്ത്രീകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തേക്ക് ഒരു നിശ്ചിത സ്റ്റൈപ്പന്‍ഡ് ലഭിക്കും. കൂടാതെ പോളിസി വില്‍പനയില്‍ നിന്ന് കമ്മീഷനുകളും ലഭിക്കും. ടാര്‍ജറ്റ് കൈവരിക്കുകയോ മറികടക്കുകയോ ചെയ്യുന്നവര്‍ക്ക് അധിക കമ്മീഷനുകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവുകള്‍ ലഭിക്കും.
പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് പ്രവര്‍ത്തന സമയം സ്വയം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. സ്കീമിൽ ഉൾപ്പെട്ടിരിക്കുന്ന ഏജൻ്റുമാർക്ക് സമഗ്രമായ പരിശീലന പരിപാടികൾ എൽഐസി ഉറപ്പാക്കും. ആദ്യത്തെ മൂന്ന് വർഷത്തേക്ക് സ്ത്രീകൾക്ക് പ്രത്യേക പരിശീലനമാണ് ലഭിക്കുന്നത്.
ശ്രദ്ധിക്കേണ്ടത്
എല്‍ഐസിയുടെ ബീമാ സഖി ഒരു മൈക്രോ ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റ്‌സ് (എംസിഎ) സ്‌കീമാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്‌റ്റൈപ്പന്‍ഡറി സ്‌കീമാണ് ഇത്. മൂന്ന് വര്‍ഷത്തെ സ്റ്റൈപ്പന്‍ഡറി കാലയളവാണുള്ളത്.
എംസിഎ സ്കീമിലുള്ള നിയമനം കോർപ്പറേഷനിലെ ജീവനക്കാരനെന്ന നിലയിൽ ശമ്പളമുള്ള നിയമനമായി പരിഗണിക്കില്ല. 18 മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയമാണ് കുറഞ്ഞ യോഗ്യത. ഓരോ സ്റ്റൈപ്പൻഡറി വർഷത്തിലും മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
ഏഴായിരം രൂപയാണ് ആദ്യ വര്‍ഷത്തെ സ്റ്റൈപ്പന്‍ഡ്. രണ്ടാം വര്‍ഷത്തില്‍ ആറായിരമാണ് സ്റ്റൈപ്പന്‍ഡ്. ആദ്യ വർഷത്തിൽ പൂർത്തിയാക്കിയ പോളിസികളിൽ 65% എങ്കിലും രണ്ടാം വർഷത്തിൻ്റെ അവസാനത്തിലും സജീവമായിരിക്കണം.
മൂന്നാം വര്‍ഷം അയ്യായിരമാണ് സ്റ്റൈപ്പന്‍ഡ്. മൂന്നാം വർഷത്തിൽ, രണ്ടാം വർഷം വിൽക്കുന്ന പോളിസികളിൽ 65% എങ്കിലും സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.. ഒന്നാം വർഷ കമ്മീഷൻ (ബോണസ് കമ്മീഷൻ ഒഴികെ) 48,000 രൂപയാണ്.
Read Also : വിദ്യാർത്ഥികൾക്കൊപ്പം കേന്ദ്രസർക്കാർ; പിഎം വിദ്യാലക്ഷമിയിലൂടെ കേരളത്തിൽ പലിശയിളവ് 2070 പേർക്ക്
അയോഗ്യര്‍
നിലവിലുള്ള ഏജൻ്റിൻ്റെയോ ജീവനക്കാരൻ്റെയോ ബന്ധുക്കൾക്ക് എംസിഎകളായി റിക്രൂട്ട് ചെയ്യപ്പെടാനാകില്ല. എല്‍ഐസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരനോ, പുനര്‍നിയമനം ആഗ്രഹിക്കുന്ന മുന്‍ ഏജൻ്റിനോ ഈ സ്‌കീമിന് കീഴില്‍ ഏജന്‍സി അനുവദിക്കില്ല. അതുപോലെ, നിലവിലുള്ള ഏജന്റിന് എംസിഎ ആയി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ സാധിക്കില്ല.
അപേക്ഷിക്കുമ്പോള്‍
ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ അപേക്ഷാ ഫോമിനൊപ്പം അപ്‌ലോഡ് ചെയ്യേണ്ടി വരും. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എന്നിവയും ആപ്ലേക്കഷന്‍ ഫോമിനൊപ്പം വേണ്ടതാണ്. നൽകിയ വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. www.licindia.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.