Kerala Airlines: ഇത് പുതുവര്‍ഷ സമ്മാനം! മലയാളി വിമാനക്കമ്പനികള്‍ വരുന്നു; എയർ കേരള, അല്‍ ഹിന്ദ് എയർ റൂട്ടുകൾ ഇങ്ങനെ
Air Kerala, Alhind Air to Start Operations by Mid 2025: എയർ കേരള തുടക്കത്തിൽ കൊച്ചി, ഹൈദരാബാദ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നടത്തുക. ഇതിനായി 100-ൽ താഴെ സീറ്റുകളുള്ള എടിആർ വിമാനങ്ങൾ ആണ് ഉപയോഗിക്കുക.
കേരളത്തിന് സ്വന്തമായി വിമാനക്കമ്പനികൾ എന്ന സ്വപ്നത്തിന് ചിറകുവിരിയുന്നു. എയർ കേരളയും (Air Kerala) അൽ ഹിന്ദ് എയറും (AlHind Air) 2025-ന്റെ ആദ്യ പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്ന് സൂചന. കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ എന്ന സ്വപനം സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നത് കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അൽ ഹിന്ദ് എയറും, പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഭരംഭകരായ അഫി അഹമദ് ആണ് എയർ കേരളയുടെ ചെയർമാൻ, ആയൂബ് കല്ലട ആണ് വൈസ് ചെയർമാൻ. സ്പേസ് ജെറ്റിൽ നിന്നുള്ള ഹാരിഷ് മൊയ്‌ദീൻ കുട്ടിയാണ് എയർ കേരളയുടെ സിഇഒ. കഴിഞ്ഞ ജൂലായിലാണ് എയർ കേരളയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചത്. ഇനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അഥവാ വിമാന സർവീസ് നടത്താനുള്ള അനുമതി എന്നിവ കൂടി ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാവുന്നതാണ്.
എയർ കേരളയുടെ ആദ്യ വിമാനം ഏപ്രിലിലും രണ്ടാമത്തെ വിമാനം ജൂണിലും ലഭിക്കുമെന്നാണ് കരുതുന്നതെന്നും, ജൂണോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിഇഒ ഹരീഷ് കുട്ടി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ മാസത്തിലും ഓരോ വിമാനം വീതം കമ്പനി കൂട്ടിച്ചേർത്ത്, 2026 ആദ്യ പകുതിയോടെ ആറ് വിമാനങ്ങൾ ആക്കാനാണ് ശ്രമം.
എയർ കേരളയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് എയർ ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയക്ടറായ കീർത്തി റാവു ആണ്. സ്പേസ് ജെറ്റ്, എയർ ഇന്ത്യ എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള ഷാമോൻ പട്ടവാതുക്കൽ സയ്യിദ് മുഹമ്മദിനാണ് ഗ്രൗണ്ട് ഓപ്പറേഷൻസ് ചുമതല. മുൻ ഡിജിസിഎ ഉദ്യോഗസ്ഥൻ ജെയിംസ് ജോർജ് ആണ് ക്വാളിറ്റി മാനേജർ. മെയിന്റനൻസ് വിഭാഗം മേധാവി പരർഥപറമ്പിൽ രംഗരാജ മല്യ കമലേഷ് ആണ്. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ പ്രവർത്തന വിഭാഗത്തിലെയും നിയമനങ്ങൾ കമ്പനി നടത്തി വരികയാണ്.
എയർ കേരള തുടക്കത്തിൽ കൊച്ചി, ഹൈദരാബാദ്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നടത്തുക. ഇതിനായി 100-ൽ താഴെ സീറ്റുകളുള്ള എടിആർ വിമാനങ്ങൾ ആണ് ഉപയോഗിക്കുക. തുടർന്ന്, 2026-ഓടെ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് വ്യാപിക്കാനാകുമെന്നാണ് കരുതുന്നത്. അതോടെ, വലിയ വിമാനങ്ങൾ കൊണ്ടുവരാനും, വിമാനങ്ങളുടെ എണ്ണം 20 ആയി ഉയർത്താനും ലക്ഷ്യമിടുന്നു.
അതേസമയം, അൽ ഹിന്ദ് എയറും സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിയമനങ്ങൾ സജീവമാക്കിയിട്ടുണ്ട്. തുടക്കത്തിൽ, രണ്ട് എടിആർ വിമാനങ്ങളാകും പ്രവർത്തനം ആരംഭിക്കുക. 2025 ജൂണോടെ അൽ ഹിന്ദ് എയറിന്റെ ആദ്യ വിമാനം പറന്നു തുടങ്ങുമെന്നാണ് കരുതുന്നത്. തുടർന്ന്, 2026-നുള്ളിൽ വിമാനങ്ങളുടെ എണ്ണം ഏഴായി ഉയർത്താൻ ഉന്നമിടുന്നു. അൽ ഹിന്ദ് എയറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) നിയമിച്ചിരിക്കുന്നത് വ്യോമയാന രംഗത്തെ പ്രമുഖനായ അലക്‌സാണ്ടർ എൻവൂബയെ ആണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് വിമാന സർവീസ് നടത്താനുള്ള അനുമതി കാത്തിരിക്കുകയാണ് അൽ ഹിന്ദ് എയറും.
അൽ ഹിന്ദ് എയറിന്റെ ആദ്യ സർവീസുകൾ കൊച്ചി, മധുര, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ എന്നീ വിമാനത്താവങ്ങളെ ബന്ധിപ്പിച്ചായിരിക്കും. പിന്നീട് ഇന്ത്യയിലെ 40 നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സർവീസ് വ്യാപിക്കാൻ ആണ് ലക്ഷ്യമിടുന്നത്. പിന്നീട് ഗൾഫ് മേഖലകളിലേക്കും സർവീസ് വ്യാപിപ്പിക്കും. പിന്നീട്, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും അൽഹിന്ദ് എയർ പ്രവർത്തനം വ്യാപിപ്പിച്ചേക്കും.