Ration Updates : അരി വില വർധനവ് മാത്രമല്ല; നീല, വെള്ള കാർഡുകാർക്ക് ഇരുട്ടടിയായി സെസും ഏർപ്പെടുത്തും
Kerala Ration Card Updates : നീല കാർഡ് ഉടമകൾക്ക് നൽകുന്ന അരി വില ഉയർത്താനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ് സെസും ഏർപ്പെടുത്താനുള്ള നിർദേശം വന്നിരിക്കുന്നത്.

തിരുവനന്തപുരം : നീല, വെള്ള നിറത്തിലുള്ള മുൻഗണനേതര വിഭാഗത്തിലുള്ള റേഷൻ കാർഡുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള നടപടികൾക്കായി ഒരുങ്ങി സംസ്ഥാന സർക്കാർ. ഒരു മാസം ഒരു രൂപ വീതം നീല, വെള്ള റേഷൻ കാർഡ് ഉടമകളിൽ നിന്നും ഈടാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നത്. മന്ത്രിസഭ അംഗീകാരം നൽകിയാൽ അടുത്ത സാമ്പത്തിക വർഷം മുതൽ വെള്ള നീല കാർഡുകൾക്ക് ഒരു സെസ് ഏർപ്പെടുത്തുമെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു വർഷത്തേക്കാകാം സെസേർപ്പെടുത്തുക.
ഈ സെസ് പിരിവിലൂടെ ഒരു വർഷം നാല് കോടിയിലേറെ വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സെസിലൂടെ ഈ പിരിച്ചെടുക്കുന്ന തുക റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ ഉപയോഗിക്കും. റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണവുമായി നിയോഗിച്ച മൂന്നംഗ സമിതി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ശുപാർശ ചെയ്യുന്നത്.
ALSO READ : Ration Rice Price: അവിടെയും രക്ഷയില്ല..! റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറാക്കും
ഇത് കൂടാതെ നീല കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില ഉയർത്തമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. നിലവിൽ നാല് രൂപയ്ക്ക് നൽകുന്ന അരിയുടെ വില ആറ് രൂപയായി ഉയർത്തണമെന്നാണ് ശുപാർശ. അരിക്ക് പുറമെ പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില ഉയർത്തണമെന്നും ശുപാർശിയിൽ പറയുന്നുണ്ട്.
ഇവയ്ക്ക് പുറമെ വരുമാനം കുറഞ്ഞ 3,900ത്തോളം റേഷൻ കടകൾ അടച്ച് പൂട്ടണമെന്നും ഒരു റേഷൻ കടയിൽ 800 റേഷൻ കാർഡുകൾ മതിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇനി പുതുതായി റേഷൻ കടകൾ അനുവദിക്കുന്നതും നിയന്ത്രിക്കണമെന്നും വകുപ്പ് മന്ത്രി സമർപ്പിച്ച മൂന്നംഗ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം റേഷൻ കടകൾ അടച്ച് പൂട്ടുന്ന നടപടികൾ സ്വീകരിക്കേണ്ട നിലപാട് സർക്കാരിനുള്ളതെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.