Kerala Welfare Pension: ജനുവരിയിലെ കിട്ടിയാലും 4800 രൂപ ഇനിയും, ക്ഷേമ പെൻഷൻ കുടിശ്ശിക വേറെയും
Kerala Welfare Pension: കഴിഞ്ഞ സാമ്പത്തിക വർഷം കുടിശ്ശിക വന്നത് 5 ഗഡുക്കളായിരുന്നു, ഇതിൽ ഇതുവരെ 1 ഗഡുവാണ് നൽകിയത്. ജനുവരിയിലെ പെൻഷനൊപ്പം ഒരു ഗഡു കൂടി വിതരണം ചെയ്യും
തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കാൻ എൽഡിഎഫ് പ്രയോഗിച്ച വജ്രായുധമായിരുന്നെങ്കിലും സർക്കാരിന് മേൽ ഡെമോക്ലസിൻ്റെ വാളാണ് പെൻഷൻ. സാമ്പത്തിക ഞെരുക്കം വട്ടം ചുറ്റിക്കുന്നതിനിടയിൽ എല്ലാ മാസവുമുള്ള പെൻഷൻ തുക വകയിരുത്താൻ ഭാഗീരഥ പ്രയത്നം തന്നെ വേണ്ടി വരും. ഒരു പരിധി വരെ കേന്ദ്രത്തെ ഫണ്ടുകളെ പേരിൽ കുറ്റപ്പെടുത്താമെങ്കിലും ക്ഷേമ പെൻഷൻ വർധിപ്പിച്ചതും കൊടുത്ത് തുടങ്ങിയതുമെല്ലാം എൽഡിഎഫ് തന്നെയാണ്. 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെയായിരുന്നു ആദ്യ ഘട്ടത്തിൽ പെൻഷൻ മുടങ്ങിയത്. പിന്നീട് സർക്കാർ തന്നെ ഉത്സവകാലം, തിരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിൽ കുടിശ്ശിക തീർത്തു. എന്നിട്ടും 2023-2024 കാലഘട്ടത്തിൽ അഞ്ച് ഗഡുക്കളാണ് മുടങ്ങിയത്.
2025-26 സാമ്പത്തിക വർഷത്തിൽ സാമൂഹ്യക്ഷേമ കുടിശ്ശികയുടെ മൂന്ന് ഗഡുക്കൾ കൂടി നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ രണ്ടാമത്തെ ഗഡുവാണ് ജനുവരിയിൽ അനുവദിച്ചത്. ഇനിയും മൂന്ന് ഗഡുക്കൾ കൂടി ഗുണഭോക്താക്കൾക്ക് കിട്ടാനുണ്ട്. അതായത് 1600 രൂപ വീതം മൂന്ന് മാസത്തെ പെൻഷൻ ഏകദേശം 4800 രൂപ ഇനിയും ലഭിക്കുമെന്ന് സാരം. ഏതായാലും ഇത്തവണ 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുന്നത്. സാധാരണ പ്രതിമാസ പെൻഷൻ 1,600 രൂപയാണെങ്കിലും കുടിശ്ശികയടക്കം ബാങ്കിൽ എത്തുന്നത് 3,200 രൂപ ക്ഷേമ പെൻഷനായിരിക്കും.
കുടിശ്ശികയടക്കമുള്ള തുക നൽകാൻ 1,604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തുക. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴിയും എത്തും. അഞ്ച് മാസ കുടിശ്ശികയുടെ ആഗ്യ ഗഡു 2024 സെപ്റ്റംബറിലാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. പുതിയ സാമ്പത്തിക വർഷത്തിൽ (2025-26 )-ൽ ബാക്കിയുള്ള കുടിശ്ശിക കൂടി ലഭിക്കും.
ALSO READ: Kerala Welfare Pension: കോളടിച്ചു, ഇത്തവണ കിട്ടുന്നത് 3200 രൂപ പെൻഷൻ
പെൻഷൻ ഒന്നല്ല
ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, കാർഷിക തൊഴിലാളി പെൻഷൻ എന്നിങ്ങനെ അഞ്ച് തരം സാമൂഹ്യക്ഷേമ പെൻഷനുകളാണ് കേരളത്തിലുള്ളത്. ഇതുകൂടാതെ 16 ക്ഷേമനിധി ബോർഡ് പെൻഷനുകളുമുണ്ട്. ദേശീയ വയോജന പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ പെൻഷനുകളിൽ മൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം ധനസഹായം നൽകുന്നത്.
കേന്ദ്ര വിഹിതം കുറവ്
ക്ഷേമ പെൻഷനുകൾക്കുള്ള കേന്ദ്ര വിഹിതം കുറവാണെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. ഉദാഹരണത്തിന് 79 വയസ്സുവരെ 1600 രൂപയാണ് വാർദ്ധക്യകാല പെൻഷനായി കേരളം നൽകുന്നത്. ഇതിൽ കേന്ദ്ര വിഹിതം 200 രൂപയാണ്. 80 വയസിന് മുകളിലുള്ള പെൻഷൻകാർക്ക് 500 രൂപയാണ് കേന്ദ്ര വിഹിതം. വികലാംഗർക്കും വിധവാ പെൻഷൻകർക്കും ആകെയുള്ള 1,600 രൂപയിൽ 300 രൂപയാണ് കേന്ദ്ര വിഹിതം. കേരളത്തിലെ 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രതിമാസം 1,600 രൂപ വീതം ക്ഷേമ പെൻഷൻ നൽകുമ്പോൾ കേന്ദ്രത്തിന്റെ സഹായം 6.8 ലക്ഷം ഗുണഭോക്താക്കൾക്ക് മാത്രമാണുള്ളത്, അല്ലെങ്കിൽ 11 ശതമാനത്തിൽ താഴെ, ഇതും പരമാവധി 500 രൂപയാണ്. 10 വർഷം മുൻപ് വെറും 1000 രൂപയായിരുന്ന പെൻഷൻ പടി പടിയായി ഉയർത്തിയതിൽ എൽഡിഎഫ് സർക്കാരിൻ്റെ ഇടപെടൽ എടുത്ത് പറയേണ്ടതുണ്ട്.