Kerala Gold Rate: ഒരു രക്ഷയുമില്ല, ചരിത്രത്തിലാദ്യമായി 71,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate: 71,000 കടന്നതോടെ സാധരണക്കാരന് സ്വർണം കിട്ടാകനിയായി മാറുകയാണ്. ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധം സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

സാധാരണക്കാരെ ഇരുട്ടിലാക്കി സംസ്ഥാനത്തെ സ്വർണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില 71,000 കടന്നു. ഇന്ന് ഒരു പവന് 840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 105 രൂപ വർധിച്ച് 8920 രൂപയായി.
ഏപ്രിൽ മാസം ആരംഭിക്കുമ്പോൾ ഒരു പവന് 68,080 രൂപയായിരുന്നു വിപണി വില. ഏപ്രിൽ 8ന് മാസത്തിലെ ഏറ്റവും ചെറിയ നിരക്ക് രേഖപ്പെടുത്തി, 65,800 രൂപയായിരുന്നു വില. എന്നാൽ ഏപ്രില്‍ 12ന് സകല പ്രതീക്ഷകളും തകർത്ത് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 70,000 കടന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിയിലെ വില 70,160 രൂപയായിരുന്നു.
ALSO READ: സ്വർണ വിലയിൽ 1.5 ലക്ഷം വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് പ്രവചനം
അടുത്ത ദിവസവും ഇതേ നിരക്ക് തന്നെ തുടർന്നു. പിന്നാലെ വിഷു ദിനമായ ഏപ്രിൽ 14 നേരിയ ഇടിവുണ്ടായി 70040 രൂപ നിരക്കിലെത്തി. തുടർന്ന് ഏപ്രിൽ 15ന് ഏഴായിരത്തിൽ നിന്ന് മാറി 69760 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ 700 രൂപ വർധിച്ച് സ്വർണവില 70,520 രൂപയായി രേഖപ്പെടുത്തി. ഇപ്പോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് നിരക്കിലാണ് സ്വർണവില എത്തിയിരിക്കുന്നത്.
സ്വർണവില 71,000 കടന്നതോടെ സാധരണക്കാരന് സ്വർണം കിട്ടാകനിയായി മാറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസൺ സമയത്തെ ഈ റെക്കോർഡ് വർധനവ് സാധാരണക്കാരുടെ ആശങ്ക ഉയർത്തുന്നതാണ്. ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധം സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്ക- ചൈന വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് ഈ വില വർധനവിന് കാരണം.