Kerala Gold Rate: ഹാവൂ ആശ്വാസമായി, സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate Today: ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വർണവില നിശ്ചയിക്കുന്നത്. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള കാരണമായി വിദഗ്ധർ പറയുന്നു.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 71,520 രൂപയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ നിരക്കിൽ നിന്ന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8940 രൂപയായി കുറഞ്ഞു.
അക്ഷയ തൃതീയ അടുത്തിരിക്കുന്ന ഈ സമയത്ത് സ്വർണവില കുറയുന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ഏപ്രില്‍ 22ന് ആദ്യമായി 74,000 കടന്ന സ്വര്‍ണ വിലയാണ് ഇപ്പോള്‍ താഴേക്ക് ഇറങ്ങുന്നത്. റെക്കോർഡ് ഉയർച്ചയിൽ സ്വർണവില കുതിച്ചതും കിതച്ചതും ഒരേ മാസത്തിലാണെന്ന പ്രത്യേകതയും ഏപ്രിലിനുണ്ട്. ഏപ്രിൽ 12നാണ് സ്വർണവില 70000 കടന്നത്. ഏപ്രിൽ 22ന് സാധാരണക്കാരെ ആശങ്കയിലാഴ്ത്തി ചരിത്രത്തിലാദ്യമായി 74000 രൂപ കടന്നു. 74,320 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില.
ഇന്ത്യ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ്. ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും. ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വർണവില നിശ്ചയിക്കുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.
ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ തീരുവ യുദ്ധം സ്വർണവിലയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. വ്യാപാരയുദ്ധം കടുത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വർധിക്കാൻ കാരണമായത്. എന്നാൽ താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന സ്വർണവില ഇടിയാൻ കാരണമായെന്നാണ് വിദഗ്ധർ പറയുന്നത്.