Kerala Gold Rate: പൊന്നൊരുമ്പെട്ടാല്‍ ! സര്‍വകാല റെക്കോഡിലെത്തിയില്ല, എങ്കിലും ഇന്നും സ്വര്‍ണവിലയില്‍ ആശങ്ക; പണിക്കൂലിയും ചേര്‍ത്ത് ഒരു പവന് എത്ര കൊടുക്കണം?
Gold Rate today Kerala March 15: 'താരിഫ് യുദ്ധം' അടക്കമുള്ള ട്രംപിന്റെ നയങ്ങളാണ് വില വര്‍ധനവിന് പ്രധാന കാരണം. ട്രംപിന്റെ തീരുവ നയത്തിന് വിവിധ രാജ്യങ്ങള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയതോടെ വ്യാപാരയുദ്ധം പാരമ്യത്തിലെത്തിയിരിക്കുകയാണ്. യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള താരിഫ് യുദ്ധമാണ് കലുഷിതമാകുന്നത്. ഇതും സ്വര്‍ണവില വര്‍ധനവില്‍ പ്രതിഫലിക്കുന്നു

സ്വര്‍ണവില
സര്‍വകാല റെക്കോഡില്‍ നിന്ന് നേരിയ തോതില്‍ പടിയിറങ്ങിയെങ്കിലും സ്വര്‍ണവിലയില്‍ ഇന്നും സാധാരണക്കാരന് ആശ്വസിക്കാനൊന്നുമില്ല. ഇന്ന് ഒരു പവന് 65,760 രൂപയാണ് നിരക്ക്. മുന്‍നിരക്കിനെക്കാള്‍ വെറും 80 രൂപ മാത്രം കുറവ്. സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയ വെള്ളിയാഴ്ച പവന് 65,840 രൂപയായിരുന്നു വില. ഗ്രാമിനും ഇന്ന് നേരിയ ഇടിവ് സംഭവിച്ചു. 8220 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്കിനെക്കാള്‍ (8230) 10 രൂപ കുറഞ്ഞു. സ്വര്‍ണവില 65,000ന് മുകളില്‍ തുടരുന്നത് സാധാരണക്കാരന് ആശങ്കയാണ്. പ്രത്യേകിച്ചും വിവാഹ സീസണ്‍ അടുക്കുന്ന പശ്ചാത്തലത്തില്‍.
ഒരു പവന് എത്ര കൊടുക്കണം?
അഞ്ച് ശതമാനം പണിക്കൂലി കണക്കിലെടുത്താല്‍ ഒരു പവന് 71,000-ലധികം രൂപ കൊടുക്കേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്ടിയും, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. രണ്ട് പവന് ഒന്നര ലക്ഷത്തിനടുത്ത് തുക വേണ്ടിവരുമെന്ന് ചുരുക്കം. സാധാരണക്കാരന് ഒട്ടും താങ്ങാനാകുന്നതല്ല നിലവിലെ നിരക്കുകളെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്.
താരിഫ് യുദ്ധത്തില്‍ എല്ലാം തരിപ്പണം
നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ‘താരിഫ് യുദ്ധം’ അടക്കമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങളാണ് പ്രധാന കാരണം. ട്രംപിന്റെ തീരുവ നയത്തിന് വിവിധ രാജ്യങ്ങള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയതോടെ വ്യാപാരയുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള താരിഫ് യുദ്ധമാണ് നിലവില്‍ കലുഷിതമാകുന്നത്. ഇതാണ് സ്വര്‍ണവില വര്‍ധനവില്‍ പ്രധാനമായും പ്രതിഫലിക്കുന്നതും.
രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര ബന്ധങ്ങള്‍ മോശമായത് ഓഹരി വിപണികളെയും പ്രതികൂലമായി ബാധിച്ചു. ഇത് സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി കൂടുതല്‍ ശക്തമാക്കി. ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് ആളുകള്‍ കൂടുതലായി തിരിയുന്നതും നിലവിലെ സ്വര്‍ണവില വര്‍ധനവിന് ഇന്ധനം പകരുന്ന ഘടകമാണ്. ഇതിനൊപ്പം അമേരിക്കയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനെക്കാളും കുറഞ്ഞതും സ്വര്‍ണവില വര്‍ധനവിന് കാരണമാകുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് എന്ന സൂചനകളും തിരിച്ചടിയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ പുരോഗതയുണ്ടാകാത്തതാണ് മറ്റൊരു പ്രശ്‌നം. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം സമാഹരിക്കുന്നത് വര്‍ധിക്കുന്നതും, സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലില്‍ ആളുകള്‍ കൂടുതലായും സ്വര്‍ണനിക്ഷേപത്തിലേക്ക് തിരിയുന്നതുംസ്വര്‍ണവില വര്‍ധനവ് ഇനിയും തുടരാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ആശങ്കള്‍ക്കിടയിലും യുക്രൈനുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ റഷ്യ സന്നദ്ധമാകുന്നത് മാത്രമാണ് നേരിയ ആശ്വാസം. വെടിനിര്‍ത്തല്‍ കരാറിന് റഷ്യ വിമുഖത കാണിച്ചിരുന്നെങ്കില്‍ സ്വര്‍ണവില ഇതിലും വര്‍ധിക്കുമായിരുന്നു.
ഈ മാസം ഇതുവരെ
മാര്‍ച്ചിലെ ആദ്യ മൂന്ന് ദിനങ്ങളില്‍ രേഖപ്പെടുത്തിയ നിരക്കാണ് ഈ മാസത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ 63,520 രൂപയായിരുന്നു പവന്റെ വില.
മാര്‍ച്ച് നാലിന് പവന് വില വീണ്ടും 64,000 കടന്നു. ഫെബ്രുവരി 27ന് ശേഷം മാര്‍ച്ച് നാലിനാണ് ആദ്യമായി സ്വര്‍ണവില 64,000 കടന്ന് കുതിച്ചത്. 64,080 ആയിരുന്നു അന്നത്തെ നിരക്ക്. മാര്‍ച്ച് അഞ്ചിലെ സ്വര്‍ണവില സാധാരണക്കാരനെ ആശങ്കപ്പെടുത്തുന്നതായിരുന്നു. പവന് 64,520 രൂപ.
Read Also : SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ
എന്നാല്‍ മാര്‍ച്ച് ആറായപ്പോഴേക്കും നേരിയ തോതില്‍ നിരക്ക് കുറഞ്ഞു. അന്ന് 64,160 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. മാര്‍ച്ച് ഏഴിന് വീണ്ടും നിരക്ക് കുറഞ്ഞത് ആശ്വാസമായി. 63,920 രൂപ. ഇത് നിരക്ക് കുറയുന്നതിന്റെ ട്രെന്‍ഡായി കണ്ട ഉപഭോക്താക്കളുടെ കണക്കുകൂട്ടലുകള്‍ പിന്നീട് തെറ്റി. മാര്‍ച്ച് എട്ടിന് സ്വര്‍ണവില വീണ്ടും റോക്കറ്റ് പോലെ കുതിച്ചു.
മാര്‍ച്ച് എട്ട്, ഒമ്പത് തീയതികളില്‍ 64,320 രൂപയ്ക്കാണ് പവന് വ്യാപാരം പുരോഗമിച്ചത്. മാര്‍ച്ച് പത്തായപ്പോഴേക്കും ഇത് 64,400 ആയി വീണ്ടും ഉയര്‍ന്നു. എന്നാല്‍ മാര്‍ച്ച് 11ലെ നിരക്ക് വലിയ ആശ്വാസമായി. 64,160 ആയിരുന്നു 11ലെ നിരക്ക്. മാര്‍ച്ച് 12ന് ഇത് 64,520 ആയി വര്‍ധിച്ചു. 64,960 ആയിരുന്നു മാര്‍ച്ച് 13ലെ നിരക്ക്. 14ന് 65,000 കടന്നു. 65,840 എന്ന ഞെട്ടിപ്പിക്കുന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം പുരോഗമിച്ചത്.