Kerala Gold Rate: സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; രണ്ട് ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപ; തുണയായത് ലാഭമെടുപ്പോ?
Kerala Gold Price Today April 5 2025: ഏപ്രില്‍ മൂന്നിന് സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയപ്പോള്‍ എല്ലാവരുമൊന്ന് ഞെട്ടി. അന്ന് 68,480 രൂപയായിരുന്നു പവന്റെ വില. സ്വര്‍ണ വില പവന് 69,000 കടക്കുന്നത് ഏറെ വിദൂരമല്ലെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷത്തിലായിരുന്നു ആ ട്വിസ്റ്റ്. ഏപ്രില്‍ നാലിന് പവന് 1280 രൂപ കുറഞ്ഞ് 67,200-ലെത്തി. ഈ നിരക്കും താങ്ങാനാകുന്നതല്ലെങ്കിലും, ഈ വമ്പന്‍ കുറവ് ആഭരണപ്രേമികള്‍ക്ക് ആശ്വാസമായി

ആഭരണപ്രേമികള്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ സമ്മാനിച്ച് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് പവന് 66,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 67,200 രൂപയായിരുന്നു മുന്‍നിരക്ക്. ഒറ്റ ദിവസം കൊണ്ട് 720 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് രണ്ടായിരം രൂപയും. ഗ്രാമിനും വന്‍ ഇടിവ് രേഖപ്പെടുത്തി. 8310 രൂപയാണ് ഇന്ന് ഗ്രാമിന് വില. മുന്‍നിരക്കില്‍ (8400) നിന്നും കുറഞ്ഞത് 90 രൂപ. മാര്‍ച്ച് 27ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണത്തിന് ഇത്രയും വില കുറയുന്നത്. അടുത്തിടെ കുതിച്ചുയര്‍ന്ന സ്വര്‍ണവില രണ്ട് ദിവസമായി കുറയുന്നത് സാധാരണക്കാരന് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രത്യേകിച്ചും വിവാഹ സീസണ്‍ അടുക്കുന്ന പശ്ചാത്തലത്തില്‍. മുന്‍കൂര്‍ ബുക്കിങ് സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള അവസരമാണിത്.
പ്രധാനമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളാണ് അടുത്തിടെ സ്വര്‍ണവില കുത്തനെ വര്‍ധിക്കാന്‍ കാരണമായത്. ട്രംപിന്റെ നയങ്ങള്‍ അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഒപ്പം വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം, വ്യാപാര-നയതന്ത്ര ബന്ധങ്ങളിലെ ഉലച്ചില്‍ തുടങ്ങിയവയും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.
സാമ്പത്തിക അനിശ്ചിതത്വത്തിനൊപ്പം ഓഹരി കടപ്പത്ര വിപണികളിലെ തളര്‍ച്ചയും കടന്നുകൂടി. ഈ പ്രശ്‌നങ്ങളെല്ലാം സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ പെരുമയ്ക്ക് വീണ്ടും കരുത്ത് പകര്‍ന്നു. മറ്റ് നിക്ഷേപങ്ങളെ ആശങ്കയോടെ സമീപിച്ചവര്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള പദ്ധതികള്‍ വ്യാപകമായി തിരഞ്ഞെടുത്തു. സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കുന്നതിനൊപ്പമാണ് റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിച്ചതും. ഇതെല്ലാം സ്വര്‍ണവില വര്‍ധനവിന് കാരണമായി.
Read Also : Investment Strategies: കടം വാങ്ങിക്കാതെ കല്ല്യാണം കഴിക്കാം; അതിനായി നിക്ഷേപം ശരിയായ ദിശയിലാകട്ടെ
ഒടുവില്‍ ആ ട്വിസ്റ്റ്
ഏപ്രില്‍ മൂന്നിന് സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയപ്പോള്‍ എല്ലാവരുമൊന്ന് ഞെട്ടി. അന്ന് 68,480 രൂപയായിരുന്നു പവന്റെ വില. സ്വര്‍ണ വില പവന് 69,000 കടക്കുന്നത് ഏറെ വിദൂരമല്ലെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷത്തിലായിരുന്നു ആ ട്വിസ്റ്റ്. ഏപ്രില്‍ നാലിന് പവന് 1280 രൂപ കുറഞ്ഞ് 67,200-ലെത്തി. ഈ നിരക്കും താങ്ങാനാകുന്നതല്ലെങ്കിലും, ഈ വമ്പന്‍ കുറവ് ആഭരണപ്രേമികള്‍ക്ക് ആശ്വാസമായി. അന്താരാഷ്ട്ര തലത്തില്‍ ഗോള്‍ഡ് നിക്ഷേപ പദ്ധതികളില്‍ തകൃതിയായി ലാഭമെടുപ്പ് നടന്നതായിരുന്നു ഈ കുറവിന്റെ പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും സഹായകരമായി