Kerala Gold Rate: ആശങ്കപ്പെട്ടത് സംഭവിച്ചു; 66,000 തൊട്ട് സ്വര്‍ണവില, ചരിത്രത്തില്‍ ആദ്യം ! തിരിച്ചടിയായത് പുതിയ വെല്ലുവിളികള്‍
Gold prices in Kerala hit all time record: പണിക്കൂലിയും, ജിഎസ്ടിയുമടക്കം കണക്കിലെടുക്കുമ്പോള്‍ 70,000ലും മുകളിലാണ് പവന് കൊടുക്കേണ്ടത്. വിവാഹ സീസണടക്കം അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാരന് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് ഈ നിരക്ക്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണം. ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 'തീരുവ യുദ്ധം' ഇപ്പോഴും വിലവര്‍ധനവിന് അനുകൂല ഘടകമായി തുടരുന്നു

സ്വര്‍ണവില
ചരിത്രത്തില്‍ ആദ്യമായി 66,000 തൊട്ട് സ്വര്‍ണവില. സമീപദിവസങ്ങളില്‍ നിരക്കുകളില്‍ നേരിയ കുറവുകള്‍ സംഭവിച്ചിരുന്നെങ്കിലും, വില വീണ്ടും കുതിച്ചുയര്‍ന്നത് സാധാരണക്കാരന് ആശങ്കയാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം 65,680 രൂപയായിരുന്നു പവന് വില. 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിലും വര്‍ധനവ് രേഖപ്പെടുത്തി. 8250 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വര്‍ധിച്ചത് 40 രൂപ. 8210 രൂപയായിരുന്നു മുന്‍നിരക്ക്. മാര്‍ച്ച് 14ന് ശേഷം സ്വര്‍ണവിലയില്‍ നേരിയ തോതിലെങ്കിലും ഇടിവുണ്ടായത് വന്‍ ആശ്വാസമായിരുന്നു. 15ന് 65840 ആയിരുന്നു നിരക്ക്. 15ന് ഇത് 65760 ആയി കുറഞ്ഞു. ഒടുവില്‍ ഈ കുറവുകളെല്ലാം വെറും താത്കാലികം മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ കുതിപ്പ്. പണിക്കൂലിയും, ജിഎസ്ടിയുമടക്കം കണക്കിലെടുക്കുമ്പോള്‍ 70,000ലും മുകളിലാണ് ഒരു പവന് കൊടുക്കേണ്ടത്. വിവാഹ സീസണടക്കം അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാരന് ഞെട്ടല്‍ സമ്മാനിക്കുന്നതാണ് നിലവിലെ ഈ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഈ മാറ്റങ്ങള്‍ക്ക് കാരണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ‘തീരുവ യുദ്ധം’ ഇപ്പോഴും വിലവര്‍ധനവിന് അനുകൂല ഘടകമായി തുടരുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന മാന്ദ്യഭീഷണി, യുഎസ് റീട്ടെയ്ല്‍ പണപ്പെരുപ്പത്തിലെ അപ്രതീക്ഷിത കുറവ് തുടങ്ങിയവയും സ്വര്‍ണവില വര്‍ധിക്കാനുള്ള സാധ്യത ശക്തമാക്കുന്നു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും യുക്രൈന്‍-റഷ്യ സംഘര്‍ഷം സമവായത്തിലാകാത്തതാണ് മറ്റൊരു പ്രശ്‌നം. ഇതോടൊപ്പം, സുരക്ഷിത നിക്ഷേപമെന്ന പെരുമ സ്വര്‍ണം കൂടുതല്‍ ശക്തമാക്കുന്നതും, ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് വന്‍ പ്രചാരമേറുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതും, സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ സമാഹരണം വര്‍ധിപ്പിക്കുന്നതുമൊക്കെ വെല്ലുവിളികളാണ്.
പുതിയ പ്രശ്‌നങ്ങളും തലപൊക്കി
ഇതോടൊപ്പം സ്വര്‍ണവില വര്‍ധനവിന് കളമൊരുക്കുന്ന പുതിയ പ്രശ്‌നങ്ങളും തലപൊക്കുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സ്വര്‍ണവില വര്‍ധിപ്പിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇതിനിടെ ഹൂതികള്‍ക്കെതിരെയുള്ള ആക്രമണം തുടരാന്‍ യുഎസ് തീരുമാനിച്ചതും, തിരിച്ചടിക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ വ്യക്തമാക്കിയതും സ്വര്‍ണവിലയില്‍ കുതിപ്പ് പകരാന്‍ സഹായിക്കുന്ന പുതിയ പ്രശ്‌നങ്ങളാണ്. ഗാസയിലെ ഇസ്രായേല്‍ ആക്രമണവും തിരിച്ചടിയാണ്. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആശങ്ക ഉയര്‍ത്തുന്നതാണ്. നാളെ ഫെഡറല്‍ റിസര്‍വിന്റെ ധനനയ കമ്മിറ്റി യോഗം ചേരും. ഇതിലെ തീരുമാനങ്ങളും വിലയിരുത്തലുകളും സ്വര്‍ണവിലയില്‍ നിര്‍ണായകമാണ്.