Building Permit Fees Cut : കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസായി അടച്ച അധികതുക തിരികെ ലഭിക്കുമോ? പണം എങ്ങനെ അക്കൗണ്ടിലെത്തും?
Building Permit Fees Cut In Kerala : നികുതിയുടെ 60 ശതമാനം വരെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് വെട്ടി കുറച്ചത്. 2023 ഏപ്രിൽ പത്ത് മുതൽ അധികതുക അടച്ചവർക്കാണ് പണം തിരികെ ലഭിക്കുക.
തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടനിർമാണ പെർമിറ്റ് ഫീസിലും (Kerala Building Permit Fees Rate Cut) വസ്തുനികുതിയിലും ഇളവ് വരുത്തിയത്. നിലവിലെ നികുതി തുകയുടെ 60 ശതമാനം വരെയാണ് തദ്ദേശസ്വയംഭരണം വകുപ്പ് കുറയ്ക്കാൻ തീരുമാനിച്ചത്. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നാം തീയതി മുതൽ നിലവിൽ വരും. പുതിയ നിരക്ക് വരുന്നതിനോടൊപ്പം ഇത്രയും നാളായി അധികതുക നൽകിയവർക്ക് ആ തുക നൽകുന്നതാണ്. 2023 ഏപ്രിൽ പത്ത് മുതൽ അധികതുക അടച്ചവർക്കാണ് തുക തിരികെ നൽകുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചത്.
കുറച്ച നിരക്കുകൾ ഇങ്ങനെ
60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60% കുറയ്ക്കും. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്.
അപേക്ഷ ഫീസും തദ്ദേശ വകുപ്പ് കുറച്ചിട്ടുണ്ട്. 100 ചതുരശ്രമറ്റർ വരെ 150 രൂപയാണ് (നേരത്തെ 300 രൂപ) അപേക്ഷ ഫീസ്. 100 മുതൽ ചതുരശ്രമീറ്റർ 500 രൂപയാക്കി (1,000 രൂപ).
അധികം അടച്ച തുക എങ്ങനെ തിരികെ ലഭിക്കും?
2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുതൽ ഉള്ള അധികഫീസ് നൽകിയവർക്കാണ് ഇളവിൻ്റെ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്കാണ് ഒടുക്കിയ അധിക തുക തിരിച്ചുനൽകുക. തുക തിരികെ ലഭിക്കുന്നതിനായി കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചു. പണം ഓൺലൈനായി തന്നെയാണ് തിരികെ ലഭിക്കുക. അത് എങ്ങനെ ലഭിക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് മന്ത്രി. ഓൺലൈൻ സംവിധാനമേർപ്പെടുത്തിയതിന് ശേഷമാകും റീഫണ്ടിനുള്ള അപേക്ഷ സ്വീകരിക്കൂ.