Kerala Budget 2025 : ക്ഷേമപെന്‍ഷന്‍ എത്ര കൂട്ടും? വരുമാനം എങ്ങനെ വര്‍ധിപ്പിക്കും? ബജറ്റ് അവതരണത്തിന് കാതോര്‍ത്ത് കേരളം
Kerala Budget 2025 February 7: പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെങ്കില്‍ മുമ്പ് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കണം. എന്നാല്‍ ഇത് എങ്ങനെ നടപ്പിലാക്കുമെന്നതാണ് വെല്ലുവിളി. 900 കോടി രൂപയാണ് ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള ചെലവ്. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചാല്‍ അത് അധിക ബാധ്യതയുണ്ടാക്കുമെന്നത് ധനവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്

ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് അവതരണം ഇന്ന് നിയമസഭയില്‍ നടക്കുമ്പോള്‍, എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് കേരളം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇത്തവണത്തേത്. ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധിയും, മറുവശത്ത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളും ഉള്ളതിനാല്‍ ഇതു രണ്ടും പരിഗണിച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. നികുതിയേതര വര്‍ധനവിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കും ബാലഗോപാല്‍ ഇടം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.
ക്ഷേമപെന്‍ഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങള്‍ എന്തായാലും ബജറ്റില്‍ ഉണ്ടാകാനാണ് സാധ്യത. പെന്‍ഷന്‍ 2500 ആക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപ്പായില്ല. പ്രകടപത്രികയിലെ വാഗ്ദാനം പാലിക്കണമെങ്കില്‍ ധനമന്ത്രിക്ക് ക്ഷേമപെന്‍ഷന് 900 രൂപ വര്‍ധിപ്പിക്കേണ്ടി വരും. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അത്രയും രൂപ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. എന്നാലും 200 രൂപയോളമെങ്കിലും വര്‍ധനവുണ്ടാകുമെന്നാണ് സൂചന.
പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കണം. എന്നാല്‍ ഇത് എങ്ങനെ നടപ്പിലാക്കുമെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ഏകദേശം 900 കോടി രൂപയാണ് ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള ചെലവ്.




കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പശ്ചാത്തലത്തില്‍, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചാല്‍ അത് അധിക ബാധ്യതയുണ്ടാക്കുമെന്നത് ധനവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 2021ലാണ് അവസാനമായി ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത്. 1500ല്‍ നിന്ന് 1600 ആയാണ് വര്‍ധിപ്പിച്ചത്. അതിനുശേഷം പിന്നീട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല.
Read Also : സംസ്ഥാന ബജറ്റ്; കെഎൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം എപ്പോൾ, എവിടെ ലൈവായി കാണാം?
സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക, ലീവ് സറണ്ടര്‍ കുടിശിക, ആശ്വാസകിരണം പദ്ധതി ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ടുള്ള കുടിശിക എന്നിവയും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ചെലവുചുരുക്കുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും, വന്‍തോതില്‍ ജനത്തിന് താങ്ങാന്‍ പറ്റാത്ത ബാധ്യതയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഫീസ്, പിഴത്തുകകള്‍, നികുതികള്‍ എന്നിവയുടെ വര്‍ധനവ്, മോട്ടോര്‍വാഹനനികുതി, ഭൂനികുതി തുടങ്ങിയവയ്ക്ക് മേല്‍ സെസ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. വ്യാവസായിക നിക്ഷേപം മെച്ചപ്പെടുത്തുന്നതിനായി ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം. വിഴിഞ്ഞം, വയനാട് തുടങ്ങിയുമായി ബന്ധപ്പെട്ടും പ്രഖ്യാപനങ്ങളുണ്ടായേക്കാം.