Welfare Pension: ഇത് വിഷുകൈനീട്ടം..! സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ്റെ ഒരു ഗഡുകൂടി അനുവദിച്ചു, എപ്പോൾ കിട്ടും
Kerala Welfare Pension Distribution: 26 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെയാകും തുക ലഭിക്കുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കെെമാറുന്നതാണ്. വിഷുവിന് മുൻപ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ ഗഡുകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ സർക്കാർ അനുവദിച്ചതായി സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം പെൻഷൻ ലഭിക്കുന്നത്. അടുത്ത ആഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്.
26 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെയാകും തുക ലഭിക്കുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കെെമാറുന്നതാണ്. വിഷുവിന് മുൻപ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു.
ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം 8.46 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.
പെൻഷനുകൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന പലതരം പെൻഷനുകൾ നിലവിലുണ്ട്. 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, കാർഷിക തൊഴിലാളി പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ, എന്നിങ്ങനെ അഞ്ച് തരം സാമൂഹ്യക്ഷേമ പെൻഷനുകളാണ് സംസ്ഥാനത്തുള്ളത്. ഇതോടൊപ്പം ക്ഷേമനിധി ബോർഡിൻ്റെ 16 പെൻഷനുകൾ വേറെയുമുണ്ട്.