പരിചയക്കാർക്ക് ജാമ്യം നിൽക്കും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കിയാൽ ജാമ്യം നിന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ അത് നെഗറ്റീവായി ബാധിക്കുകയും, അദ്ദേഹത്തിന് ഭാവിയിൽ വായ്പ ലഭിക്കാനുള്ള അവസരങ്ങൾ കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
മിക്ക ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും പണമിടപാടുകൾക്ക് ഒരു ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്. ക്രെഡിറ്റ് സ്കോർ തൃപ്തികരമല്ലെങ്കിലും ജാമ്യം നിൽക്കാൻ ആളുണ്ടെങ്കിലേ വായ്പ ലഭിക്കൂ. പലപ്പോഴും വായ്പാ അപേക്ഷകന്റെ യോഗ്യത സംബന്ധിച്ച് വിശ്വാസക്കുറവുള്ളപ്പോഴും ഒരു ജാമ്യക്കാരൻ ആവശ്യമായി വരുന്നു.
ഒരു ജാമ്യം നിൽക്കുമ്പോൾ നിങ്ങൾ ആദ്യം അറിഞ്ഞിരിക്കേണ്ടത് അതിന്റെ റിസ്ക് ഫാക്ടറാണ്. വായ്പ എടുത്ത വ്യക്തിക്ക് തിരിച്ചടവ് നടത്താൻ സാധിച്ചില്ലെങ്കിൽ, വായ്പ നൽകിയ സ്ഥാപനം അടുത്തതായി ജാമ്യക്കാരനംയാണ് പിന്തുടരുക. ഇവിടെ നിങ്ങൾ ആ ലോൺ തിരിച്ചടയ്ക്കാൻ നിയമപരമായി ബാദ്ധ്യസ്ഥനായി മാറുന്നു.
കുടിശ്ശിക തീർക്കാൻ ലോൺ എടുത്ത വ്യക്തിക്ക് സാധിക്കുന്നില്ലെന്ന് കണ്ടാൽ അടുത്തതായി ജാമ്യം നിന്ന വ്യക്തിയോട് കുടിശ്ശിക തീർക്കാനാണ് ആവശ്യപ്പെടുക. ഇവിടെ ഇഎംഐ തുകയോടൊപ്പം, തിരിച്ചടവ് വൈകിയതിനുള്ള പിഴയും കൂടി ജാമ്യക്കാരന്റെ ബാധ്യതയായി മാറുന്നു. ജാമ്യം നിന്ന വ്യക്തി തുക തിരിച്ചടയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രോപർട്ടി അടക്കമുള്ള വ്യക്തിഗത സമ്പാദ്യങ്ങൾ ലേലം ചെയ്ത് പണം തിരിച്ചു പിടിക്കാൻ ഇവിടെ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് നിയമപരമായി സാധിക്കും.
ഒരു വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് ആ വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെയും ദോഷകരമായി ബാധിക്കും. വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കിയാൽ ജാമ്യം നിന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ അത് നെഗറ്റീവായി ബാധിക്കുകയും, അദ്ദേഹത്തിന് ഭാവിയിൽ വായ്പ ലഭിക്കാനുള്ള അവസരങ്ങൾ കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ഒരിക്കൽ ജാമ്യം നിന്നു കഴിഞ്ഞാൽ അതിൽ നിന്ന് പുറത്തു കടക്കുക എളുപ്പമുള്ള ഒരു കാര്യമല്ല. വ്യവസ്ഥകൾ അംഗീകരിക്കുന്ന മറ്റൊരു യോഗ്യതയുള്ള വ്യക്തിയെ ബോറോവർ കണ്ടെത്തി നൽകേണ്ടതാണ്. പുതിയതായി ജാമ്യത്തിന് തയ്യാറാവുന്ന വ്യക്തിയുടെ സാമ്പത്തിക ശേഷി അടക്കമുള്ള കാര്യങ്ങൾ വായ്പ നൽകുന്ന സ്ഥാപനത്തിന് ബോധ്യമാവുകയും വേണം. ഇത്തരം കാരണങ്ങളാൽ വായ്പ എടുക്കുന്ന വ്യക്തിയുടെ സാമ്പത്തികം, തിരിച്ചടവ് ശേഷി, ക്രെഡിറ്റ് സ്കോർ, നിങ്ങളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ തുടങ്ങിയവ പരിഗണിച്ച് ശ്രദ്ധാപൂർവ്വം മാത്രം ജാമ്യം നിൽക്കണോ എന്ന തീരുമാനത്തിലെത്താവൂ. അഥവാ ജാമ്യം നിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിച്ച് തിരിച്ചടവ് മുടങ്ങുന്നില്ലെന്നത് ഉറപ്പാക്കുക.