JioHotstar : ജിയോഹോട്ട്സ്റ്റാർ ഡൊമെയ്ൻ ഇപ്പോൾ കുട്ടി സംരംഭകർക്ക്; ജിയോ ഇനി എന്ത് ചെയ്യും?
JioHotstar Domain Acquired By Dubai siblings : ജിയോഹോട്ട്സ്റ്റാർ ഡൊമെയ്ൻ സ്വന്തമാക്കി ദുബായിൽ താമസിക്കുന്ന കുട്ടിസഹോദരങ്ങൾ. ജൈനം, ജീവിക എന്ന സഹോദരങ്ങൾ വെബ്സൈറ്റും ആരംഭിച്ചു.

ജിയോഹോട്ട്സ്റ്റാർ ഡൊമെയ്നുമായി ബന്ധപ്പെട്ട നാടകീയത അവസാനിക്കുന്നില്ല. നേരത്തെ ഡൽഹിക്കാരനായ ടെക്കി സ്വന്തമാക്കിയിരുന്ന ഡൊമെയ്ൻ ഇപ്പോൾ കുട്ടി സംരംഭകർ സ്വന്തമാക്കിയിരിക്കുകയാണ്. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശികളായ ജൈനം, ജീവിക എന്ന സഹോദരങ്ങളുടെ പേരിലാണ് നിലവിൽ ഡൊമെയ്ൻ ഉള്ളത്. ഇതോടെ ജിയോയും ഹോട്ട്സ്റ്റാറും സംയുക്തമായി ആരംഭിക്കുന്ന പുതിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിൻ്റെ ഡൊമെയ്നുമായി ബന്ധപ്പെട്ട് ജിയോ വീണ്ടും പ്രതിസന്ധിയിലായി.
റിലയൻസ് ജിയോസിനിമയും ഡിസ്നി-സ്റ്റാർ ഗ്രൂപ്പിൻ്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും തമ്മിൽ ലയിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നിട്ട് ഏറെനാളായില്ല. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ജിയോഹോട്ട്സ്റ്റാർ എന്ന ഡൊമെയ്ൻ ഡൽഹി സ്വദേശിയായ ഒരു ടെക്കി സ്വന്തമാക്കി. ജിയോയും ഹോട്ട്സ്റ്റാറും ചേർത്തുകൊണ്ടുള്ള jiohotstar.com എന്ന ഡൊമെയ്നാണ് യുവാവ് സ്വന്തമാക്കിയത്. ഡൊമെയ്ൻ വേണമെങ്കിൽ തനിക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള ചിലവായ ഒരു കോടി രൂപ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. jiohotstar.com എന്ന ഡൊമെയ്നിൽ പ്രവേശിക്കുമ്പോൾ ജിയോഹോട്ട്സ്റ്റാർ എന്ന ബാനറും ബെസ്റ്റ് ഓഫ് എൻ്റർടെയ്മെൻ്റ് സ്ട്രീമിങ് സൂൺ കുറിപ്പുമാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പമായിരുന്നു ഒരു കോടി രൂപ ആവശ്യപ്പെട്ട സന്ദേശമുണ്ടായിരുന്നത്.
എന്നാൽ യുവാവിൻ്റെ ആവശ്യം ജിയോ നിർദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞു. പകർപ്പവകാശലംഘനത്തിന് യുവാവിനെതിരെ കേസെടുക്കുമെന്നായിരുന്നു ജിയോയുടെ ഭീഷണി. കോഴ്സ് ഫീസായി 85 ലക്ഷം രൂപ നൽകാമെന്ന് ഒരു ഏജൻസി വഴി ജിയോ അറിയിച്ചെങ്കിലും യുവാവ് അത് തള്ളിക്കളഞ്ഞു. ഇതോടെയാണ് ഭീഷണിയുമായി ജിയോ രംഗത്തുവന്നത്. വമ്പൻ കമ്പനിയായ ജിയോയോട് പോരാടാൻ താനത്ര പ്രബലനല്ലെന്നും യുവാവ് കുറിച്ചിരുന്നു. പിന്നാലെ വെബ്സൈറ്റ് ബ്ലോക്കായി.
ഇതിന് പിന്നാലെയാണ് ജൈനവും ജീവികയും ചേർന്ന് ഈ ഡൊമെയ്ൻ സ്വന്തമാക്കിയത്. ‘വെൽകം ടു അവർ ജേണി ഓഫ് സേവ’ എന്നാണ് ഈ ഡൊമെയ്ൻ തുറക്കുമ്പോൾ കാണുന്ന സന്ദേശം. തങ്ങൾ ദുബായിൽ നിന്നുള്ള സഹോദരങ്ങളാണെന്നും ലോകത്ത് ഒരു മാറ്റമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സൈറ്റിൽ കുറിച്ചിരിക്കുന്നു. തങ്ങളുടെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ ഈ സൈറ്റിൽ ഇവർ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിൽ വ്യത്യസ്ത ചുറ്റുപാടുകളിലുള്ള കുട്ടികളുമായി 50 ദിവസം ചിലവഴിച്ചു എന്നും സൈറ്റിൽ കുറിപ്പിലുണ്ട്. ആദ്യം ഡൊമെയ്ൻ കൈവശപ്പെടുത്തിയിരുന്ന യുവാവ് ഇത് ഇവർക്ക് വിറ്റതാണോ യുവാവ് ഡൊമെയ്ൻ ഉപേക്ഷിച്ചതാണോ എന്ന് വ്യക്തമല്ല. എന്തായാലും ഡൊമെയ്ന് പുതിയ ആളുകൾ എത്തിയതോടെ ജിയോ കൂടുതൽ പ്രതിസന്ധിയിലാവും.
സ്ട്രീമിങ് ലോകത്തെ ഏറ്റവും വമ്പൻ ലയനമാണിത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ നേരത്തെ തന്നെ പ്രാഥമിക കരാറിലെത്തിയിരുന്നു. സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും അനുമതി നൽകിയിരുന്നു. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണിത്. രാജ്യത്തെ ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ് മത്സരങ്ങളിൽ 95 ശതമാനവും സ്ട്രീം ചെയ്യുന്നത് ഹോട്ട്സ്റ്റാറും ജിയോസിനിമയുമാണ്. ഒപ്പം ഡിസ്നി, ഏഷ്യാനെറ്റ്, സ്റ്റാർ തുടങ്ങി വിവിധ കമ്പനികളുടെ ഉള്ളടക്കങ്ങൾ ഹോട്ട്സ്റ്റാറിലും എച്ച്ബിഒ, വയാകോം തുടങ്ങി വിവിധ കമ്പനികളുടെ ഉള്ളടക്കങ്ങൾ ജിയോസിനിമയിലുമുണ്ട്. ഹോട്ട്സ്റ്റാറും ജിയോസിനിമയും തമ്മിൽ ലയിക്കുന്നതോടെ ഈ ഉള്ളടക്കങ്ങളൊക്കെ ഒരു ആപ്പിലാവും.
Also Read : Jio Hotstar : അമ്പാനി മനസ്സിൽ കണ്ടത് ഡൽഹിക്കാരൻ ടെക്കി മാനത്ത് കണ്ടു! ‘JioHotstar’ ഡൊമെയ്ൻ ഇങ്ങ് തൂക്കി
ജിയോസിനിമ ഉപേക്ഷിച്ച് ഹോട്ട്സ്റ്റാറിലാവും ഉള്ളടക്കങ്ങളൊക്കെ സ്ട്രീം ചെയ്യുക എന്നാണ് വിവരം. വയാകോമിൻ്റെയും ഡിസ്നി ഹോട്ട് സ്റ്റാറിൻ്റെയും 122 ചാനലുകളും ഈ സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യയിലും വിദേശത്തുമായി 75 കോടിയിലധികം ഉപയോക്താക്കളാണ് സംയുക്ത സംരംഭത്തിനുണ്ടാവുക. പുതിയ ഒടിടി പ്ലാറ്റ്ഫോമിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയാണുള്ളത്. അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനാണ്. 2024 ജൂൺ വരെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 35.5 ദശലക്ഷം വരിക്കാരാണ് ഉണ്ടായിരുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാവും പുതിയ പ്ലാറ്റ്ഫോമിൻ്റെ ചെയർമാൻ എന്നാണ് റിപ്പോർട്ടുകൾ.