5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഐഫോണ്‍ വില്‍പന കുത്തനെ ഇടിഞ്ഞു, സാംസങ് വീണ്ടും ഒന്നാമത്

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളേയും മറ്റ് പ്രശ്‌നങ്ങളേയും അതിജീവിച്ചുകൊണ്ട് ആപ്പിള്‍ ഒരു മികച്ച ബ്രാന്‍ഡായി നിലനില്‍ക്കുന്നുവെന്ന് ഐഡിസി റിസര്‍ച്ച് ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു.

ഐഫോണ്‍ വില്‍പന കുത്തനെ ഇടിഞ്ഞു, സാംസങ് വീണ്ടും ഒന്നാമത്
iPhone Social Media Image
aswathy-balachandran
Aswathy Balachandran | Published: 16 Apr 2024 17:38 PM

എല്ലാവർക്കും എക്കാലത്തും പ്രീയപ്പെട്ടതാണ് െഎഫോണുകൾ. വില കൂടിയാലും ​ഗുണം കൂടുമെന്ന വിശ്വാസത്തിലായിരുന്നു പലരും. എന്നാൽ അടുത്തിടെ പുറത്തുവന്ന കണക്കനുസരിച്ച് ആഗോള തലത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില്‍പന കുത്തനെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ആപ്പിള്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. ചൈനയിലെ വില്‍പന കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി പറയുന്നു. ശക്തമായ ദേശീയതയും, വര്‍ധിച്ച മത്സരവും, പ്രതികൂലമായ സമ്പദ് വ്യവസ്ഥയുമാണ് ചൈനയില്‍ വില്‍പന ഇടിയാന്‍ ഇടയായത്. യു.എസും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ചൈനയില്‍ പ്രതിസന്ധിയിലാണ്.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇത് കുത്തനെയുള്ള ഇടിവാണ്, എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളേയും മറ്റ് പ്രശ്‌നങ്ങളേയും അതിജീവിച്ചുകൊണ്ട് ആപ്പിള്‍ ഒരു മികച്ച ബ്രാന്‍ഡായി നിലനില്‍ക്കുന്നുവെന്ന് ഐഡിസി റിസര്‍ച്ച് ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു. അതേസമയം ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന സ്ഥാനം സാംസങ് തിരിച്ചുപിടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലാണ് 20% വിപണി വിഹിതം നേടി ആപ്പിള്‍ സാംസങിനെ മറികടന്ന് ഒന്നാമതെത്തിയത്. 19.4 ശതമാനമായിരുന്നു അപ്പോള്‍ സാംസങിന്റെ വിപണി വിഹിതം. എന്നാല്‍ അവസാനപാദം പൂര്‍ത്തിയായപ്പോഴേക്കും സാംസങ് ഒന്നാം സ്ഥാനം തിരികെ പിടിച്ചു.
ഈ പാദത്തില്‍ 20.8 ശതമാനമാണ് (6.01 കോടി കയറ്റുമതി) സാംസങിന്റെ വിപണി വിഹിതം. തൊട്ടുപിന്നില്‍ ആപ്പിളാണ് 17.3 ശതമാനം വിപണിവിഹിതം (5.01 കോടി കയറ്റിമതി). ചൈനീസ് നിര്‍മാതാക്കളായ ഷാവോമി 14.1 ശതമാനം വിപണി വിഹിതം നേടി (4.08 കോടി കയറ്റുമതി)കഴിഞ്ഞ 12 വര്‍ഷക്കാലമായി സാംസങ് ആയിരുന്നു ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ആ സ്ഥാനം കയ്യടക്കി. എന്നാല്‍ ഒരു പാദം കഴിഞ്ഞപ്പോഴേക്കും സാംസങ് ആ സ്ഥാനം തിരിച്ചുപിടിച്ചു. സാംസങ് മുന്നിലെത്തിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വര്‍ഷം ഐഒഎസിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ആന്‍ഡ്രോയിഡ് വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നബീല പോപ്പല്‍ പറഞ്ഞു.
ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി പ്രതിവര്‍ഷം 7.8% വര്‍ദ്ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ ഏകദേശം 289 ദശലക്ഷം ഉപകരണങ്ങളായി. സമ്പദ് വ്യവസ്ഥയില്‍ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന മാന്ദ്യത്തിനൊടുവില്‍ സ്മാര്‍ട്‌ഫോണ്‍ വിപണി വീണ്ടും ഉയര്‍ന്നുവരികയാണെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ ആപ്പിളും സാംസങും തങ്ങളുടെ ആധിപത്യം തുടരുമെങ്കിലും, ചൈനീസ് ബ്രാന്‍ഡുകളായ വാവേ, ഷാവോമി, ഓപ്പോ, വണ്‍പ്ലസ് ഉള്‍പ്പടെയുള്ള കമ്പനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടരാന്‍ സാധ്യതയുണ്ടെന്ന് ഐഡിസി വിലയിരുത്തുന്നു. ഒരുകാലത്ത് ആപ്പിളിനെ ഒന്നാമത് പരിഗണിച്ചിരുന്ന ചൈനീസ് ഉപഭോക്താക്കള്‍ ദേശീയ ബ്രാന്‍ഡുകളിലേക്ക് തിരിയുകയാണെന്നാണ് വിവരം.എങ്കിലും യുഎസ് കഴിഞ്ഞാല്‍ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. വില്‍പന വര്‍ധിപ്പിക്കാന്‍ ചൈനയില്‍ വന്‍ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.