5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Lottery Day: ലോട്ടറി എടുക്കുന്നത് ലാഭമോ അതോ നഷ്ടമോ? എങ്ങനെയാണിത് പ്രവർത്തിക്കുന്നത്, അറിയേണ്ടതെല്ലാം

Check How Kerala Lottery System Works: തിങ്കളാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ-വിൻ. ചൊവ്വാഴ്ച സ്ത്രീ ശക്തി. ബുധനാഴ്ച ഫിഫ്റ്റി-ഫിഫ്റ്റി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച നിർമൽ, ശനിയാഴ്ച കാരുണ്യ, ഞായറാഴ്ച്ച അക്ഷയ എന്നിങ്ങനെയാണ് ടിക്കറ്റ് നറുക്കെടുപ്പ്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

International Lottery Day: ലോട്ടറി എടുക്കുന്നത് ലാഭമോ അതോ നഷ്ടമോ? എങ്ങനെയാണിത് പ്രവർത്തിക്കുന്നത്, അറിയേണ്ടതെല്ലാം
nandha-das
Nandha Das | Updated On: 26 Aug 2024 21:49 PM

കേരള സർക്കാരിനെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാന വരുമാന മാർഗങ്ങളാണ് ബെവ്‌കോയും ലോട്ടറിയും. ഇവ രണ്ടുമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത്. ലോട്ടറി എടുക്കാൻ എന്തോ മലയാളികൾക്ക് ഇഷ്ടമാണ്. ഭാഗ്യ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ താല്പര്യമുള്ളവരാണ് ഏറ്റവും കൂടുതൽ ലോട്ടറി എടുക്കുന്നത്. ചിലർ മറ്റുള്ളവരെ സഹായിക്കാനായും ലോട്ടറി എടുക്കാറുണ്ട്. എന്നാൽ കേരളത്തിൽ മാത്രമല്ല ലോകത്തിലുടനീളം ഇത്തരത്തിൽ പലരീതിയിലുള്ള ലോട്ടറികൾ ഉണ്ടെങ്കിലും അവ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഒരുപാട് വർഷങ്ങളായി ലോകമെമ്പാടും ലോട്ടറി സമ്പ്രദായം നിലനിന്ന് വരുന്നുണ്ട്. ഓഗസ്റ്റ് 27-നാണ് അന്താരാഷ്ട്ര ലോട്ടറി ദിനം ആഘോഷിക്കുന്നത്.

ലോട്ടറിയുടെ പ്രവർത്തനം

ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയും വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കുക. അച്ചടിക്കേണ്ട ടിക്കറ്റുകളുടെ എണ്ണവും സീരീസുകളുടെ എണ്ണവും ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടർ ആണ് തീരുമാനിക്കുന്നത്. കേരളത്തിലെ ലോട്ടറി വകുപ്പിൽ നിന്ന് നിയമാനുസൃതമായ പാസോ അനുമതിയോ നേടിയ ഏതെങ്കിലും ഏജൻസിയിൽ നിന്നോ ഏജൻ്റിൽ നിന്നോ ആണ് ഒരാൾക്ക് ടിക്കറ്റ് ലഭിക്കുന്നത്. ആഴ്ചയിൽ ഓരോ ദിവസവും ഓരോ ടിക്കറ്റുകൾ ആണ് നറുക്കെടുക്കുക, അങ്ങനെ ഏഴ് വ്യത്യസ്ത ടിക്കറ്റുകളാണ് ഉള്ളത്. തിങ്കളാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ-വിൻ. ചൊവ്വാഴ്ച സ്ത്രീ ശക്തി. ബുധനാഴ്ച ഫിഫ്റ്റി-ഫിഫ്റ്റി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച നിർമൽ, ശനിയാഴ്ച കാരുണ്യ, ഞായറാഴ്ച്ച അക്ഷയ എന്നിങ്ങനെയാണ് ടിക്കറ്റ് നറുക്കെടുപ്പ്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

ടിക്കറ്റുകളെക്കുറിച്ച്

ടിക്കറ്റുകളിൽ 100,000 മുതൽ ആരംഭിക്കുന്ന നമ്പറുകൾ അച്ചടിച്ചിരിക്കുന്നു, കൂടാതെ ഓരോന്നിനുമൊപ്പം അക്ഷരമാല കോഡ് കൂടെയുണ്ടാകും. അക്കങ്ങൾക്ക് മുമ്പായി രണ്ട് അക്ഷരമാലകൾ അടങ്ങുന്ന ഒരു കോഡ് ആണുണ്ടാവുക. അതിൽ ആദ്യ അക്ഷരം ലോട്ടറിയുടെ പേരിന്റെ ആദ്യ അക്ഷരത്തെ സൂചിപ്പിക്കുന്നു. പരമ്പരയെ പ്രതിനിധീകരിക്കുന്നതാണ് രണ്ടാമത്തെ അക്ഷരം. ഉദാഹരണത്തിന്, നമ്പർ SR-123456 ഉള്ള ഒരു ടിക്കറ്റിൽ, S – എന്ന അക്ഷരം സ്ത്രീ ശക്തിയെയും, R – പരമ്പരയെയും പ്രതിനിധീകരിക്കുന്നു.

സമ്മാന ടിക്കറ്റ് എങ്ങനെ തിരഞ്ഞെടുക്കുന്നു

ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള ഏഴ് ഡ്രമ്മുകളാണ് വിജയ ടിക്കറ്റ് തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്നത്. ഒന്നാം ഡ്രം നറുക്കെടുപ്പിനുള്ള ടിക്കറ്റ് സീരീസിനു വേണ്ടിയുള്ളതാണ്. ബാക്കിയുള്ളത് ‘ലക്ഷങ്ങൾ’ മുതൽ ‘വൺസ്’ (യൂണിറ്റുകൾ) വരെയുള്ള സംഖ്യകളെ തീരുമാനിക്കാനും. ശേഷം വിറ്റതും വിൽക്കാത്തതുമായ ടിക്കറ്റ് നമ്പറുകൾ അടങ്ങുന്ന ഒരു ലിസ്റ്റ് സൂപ്പർവൈസിംഗ് പാനലിന് നൽകിയിട്ടുണ്ടാവും. വിജയിച്ച ടിക്കറ്റുകൾ തിരഞ്ഞെടുക്കുന്നതിന് ഡ്രമ്മുകൾ സജ്ജീകരിച്ച ശേഷം, ഡ്രമ്മിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന ഒരു ഹാൻഡിൽ കറക്കുന്നു, അങ്ങനെ അതിനുള്ളിൽ ഇട്ടിരിക്കുന്ന നമ്പറുകൾ അടങ്ങിയ ടോക്കണുകൾ എല്ലാം മിക്സ് ആവുന്നു. തുടർന്ന് സൂപ്പർവൈസിംഗ് പാനലിൻ്റെ ചെയർമാൻ ആദ്യത്തെ ഡ്രമ്മിൽ നിന്നും ഒരു ടോക്കൺ എടുക്കുന്നു, ആ ടിക്കറ്റ് കോടുള്ള സീരീസിന് ആയിരിക്കും ഒന്നാം സമ്മാനം ലഭിക്കുക. ഈ ടോക്കൺ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും സീരീസ് കോഡ് ബോർഡിൽ സ്റ്റേജിന് അഭിമുഖമായി കാണിക്കുകയും ചെയ്യുന്നു.

തുടർന്ന് ഓരോ ഡ്രമ്മിൽ നിന്നും ഓരോ നമ്പർ ഇതേ മാതൃകയിൽ തിരഞ്ഞെടുക്കുന്നു. ഓരോ നമ്പർ തിരഞ്ഞെടുത്ത് കഴിയുമ്പോഴും സീരീസ് കോഡിൻ്റെ വലതുവശത്ത് ഒന്നിനുപുറകെ ഒന്നായി നമ്പറുകൾ ചേർത്ത് വരും. എല്ലാ ഡ്രമ്മുകളിൽ നിന്നുമുള്ള അക്കങ്ങൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, നമുക്ക് രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളും ഉള്ള ഒരു സീരീസ് ലഭിക്കും. ഈ നമ്പറാണ് വിജയിക്കുന്ന നമ്പറായി പ്രഖ്യാപിക്കുന്നത്. ഡിപ്പാർട്ട്‌മെൻ്റിൻ്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന വിൽക്കപ്പെടാത്ത ടിക്കറ്റിന് ഒരു സമ്മാനം ലഭിക്കുകയാണെങ്കിൽ, വിറ്റുപോകാത്ത ടിക്കറ്റുകളുടെ ലിസ്റ്റ് പരിശോധിച്ച് അത് തത്സമയം കണ്ടെത്തുകയും വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കുന്നത് വരെ ആ പ്രത്യേക സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ആവർത്തിക്കുകയും ചെയ്യും.

നറുക്കെടുപ്പ് സുതാര്യമാക്കാൻ സാധ്യമായ എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഏജൻ്റുമാരുമായും പൊതുജനങ്ങളുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഡിപ്പാർട്ട്‌മെൻ്റ്  നറുക്കെടുപ്പിനുള്ള സ്ഥലങ്ങൾ തീരുമാനിക്കുന്നത്. സ്ഥലം തീരുമാനിച്ചതിന് ശേഷം, നറുക്കെടുപ്പിൻ്റെ ചുമതല ഏൽപ്പിക്കാൻ ആ മണ്ഡലത്തിലെ എംഎൽഎ ചെയർമാനും മറ്റ് ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യക്തികളും അടങ്ങുന്ന ഒരു പാനൽ രൂപീകരിക്കുന്നു. നറുക്കെടുപ്പിനുള്ള സ്ഥലവും പാനൽ അംഗങ്ങളുടെ വിശദാംശങ്ങളും നറുക്കെടുപ്പ് തീയതിക്ക് മുമ്പ് പ്രസിദ്ധീകരിക്കുന്നു. ഇത് പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുന്നു. ആദ്യത്തെ കുറച്ച് സമ്മാനങ്ങൾ ഹാജരായ വിധികർത്താക്കൾ നിർണ്ണയിച്ചു കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് നടപടിക്രമത്തിൽ പങ്കെടുക്കാൻ അവസരം നൽകും.

ലോട്ടറി എടുക്കുന്നത് ലാഭമോ നഷ്ടമോ?

ലോട്ടറി എടുക്കുന്നത് ലാഭമാണോ നഷ്ടമാണോ എന്നുള്ളത് ഓരോ വ്യക്തികളുടെയും വ്യക്തിപരമായ അഭിപ്രായങ്ങൾ അനുസരിച്ചാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ, ലോട്ടറി ഒരു ഭാഗ്യ പരീക്ഷണമാണ്. ചിലപ്പോൾ വിജയിക്കാം, ചിലപ്പോൾ വിജയിക്കില്ല. എന്നാൽ വിജയിക്കാനുള്ള സാധ്യത നമുക്ക് അളക്കാൻ കഴിയുകയുമില്ല. ചിലർ നമ്പറുകളെല്ലാം വെച്ച് സ്വയം മനസിലൊരു കണക്കുകൂട്ടലുകളെല്ലാം നടത്തിയാണ് ലോട്ടറി എടുക്കുന്നത്. എന്നാലും വിജയശതമാനം ഉറപ്പിക്കാൻ കഴിയില്ല. ചിലർ ഒരു കണക്കുകൂട്ടലുകളും ഇല്ലാതെ വെറുതെ എടുക്കുന്ന ലോട്ടറികൾ വിജയിച്ച ചരിത്രവുമുണ്ട്. മറ്റ് ചിലർക്ക് ഇത് വിജയപരാജയങ്ങളുടെ വിഷയമായിരിക്കില്ല, വെറും താല്പര്യം കൊണ്ടും എടുക്കുന്നവരായിരിക്കും. ലോട്ടറി ടിക്കറ്റുകൾ ചെലവേറിയതാണ്. അതിനാൽ പണം ചെലവഴിക്കുന്നതിൽ പ്രശ്‌നം ഉണ്ടോ ഇല്ലയോയെന്ന് തീരുമാനിക്കേണ്ടതും എടുക്കുന്ന ആളുകൾ തന്നെയാണ്. ഒരു ലോട്ടറിയിലൂടെ പല ജീവിതങ്ങളാണ് രക്ഷപ്പെടുന്നത്. അത് സമ്മാനം ലഭിച്ച ആളുടേതുമാവും, അല്ലെങ്കിൽ ലോട്ടറി വിറ്റുപോയത് മൂലം വരുമാനമാർഗം ലഭിക്കുന്നവരുടേതുമാവാം.