Income Tax Returns: റിട്ടേൺ ഫയൽ ചെയ്ത ശേഷവും നിങ്ങൾക്ക് ആദായ നികുതി നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം?
Income Tax Notice Reason After Filing: വ്യത്യസ്ത കാരണങ്ങളാൽ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചേക്കാം. ഇത്തര നോട്ടീസുകളിൽ പലതിലും നിങ്ങളുടെ അധിക വിവരങ്ങളാണ് ചോദിക്കുന്നത്.
ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിച്ചതായി എല്ലാവർക്കും അറിയാമല്ലോ? ഏകദേശം 7.28 കോടി ആളുകൾ രാജ്യത്ത് തങ്ങളുടെ റിട്ടേണുകൾ സമർപ്പിച്ചത്. പല നികുതിദായകരും റീഫണ്ടുകൾ പ്രതീക്ഷിക്കുന്ന സമയമാണിത്. എങ്കിലും ചിലർക്കെങ്കിലും ആദായ നികുതി വകുപ്പിൽ നിന്ന് ഒരു നോട്ടീസ് ലഭിച്ചേക്കാം. റിട്ടേണിൽ തെറ്റായ വിവരങ്ങൾ നൽകുകയോ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നവർക്കാണ് ഈ നോട്ടീസ് ലഭിക്കുക. അറിയിപ്പുകൾ സാധാരണയായി ഇമെയിൽ വഴിയാണ് അയയ്‌ക്കുന്നത്, ഐടിആർ ഫയൽ ചെയ്യുന്നതിലെ കാലതാമസം, വരുമാനം വെളിപ്പെടുത്താത്തത്, നികുതി വെട്ടിപ്പ് അല്ലെങ്കിൽ തെറ്റായ ഫോം തിരഞ്ഞെടുക്കൽ തുടങ്ങിയ പ്രശ്‌നങ്ങളാവാം കാരണം. ഇത്തരമൊരു നോട്ടീസ് നിങ്ങൾക്ക് ലഭിച്ചാൽ എന്ത് ചെയ്യണം അതാണ് പരിശോധിക്കുന്നത്.
നോട്ടീസ് ലഭിച്ചതിന് ശേഷം
1961ലെ ആദായനികുതി നിയമം വിവിധ വകുപ്പുകൾ പ്രകാരം വ്യത്യസ്ത കാരണങ്ങളാൽ നോട്ടീസ് അയച്ചേക്കാം. ഇത്തര നോട്ടീസുകളിൽ പലതിലും അധിക വിവരങ്ങളാണ് ചോദിക്കുന്നത്. നികുതി റിട്ടേണിലെ പിശകുകൾ, കുടിശ്ശികയുള്ള നികുതി എന്നിയാവും ചോദ്യം ചെയ്യുന്നത്. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. നോട്ടീസിന് കൃത്യമായ മറുപടി നൽകിയാൽ മതി. വിശദീകരണം വകുപ്പിന് മനസ്സിലായാൽ വിഷയം അവസാനിപ്പിക്കും. അല്ലെങ്കിൽ, നിങ്ങൾ കുടിശ്ശിക നികുതി നൽകേണ്ടിവന്നേക്കാം.
ഈ വിവരങ്ങൾ പരിശോധിക്കുക
ആദായനികുതി വകുപ്പിൽ നിന്നുള്ള അറിയിപ്പിലെ നിങ്ങളുടെ പേര്, പാൻ നമ്പർ, അസസ്മെൻ്റ് വർഷം എന്നിങ്ങനെയുള്ള എല്ലാ വിശദാംശങ്ങൾ പരിശോധിക്കുക. അറിയിപ്പിൽ നിങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും നികുതി ഫയലിംഗുമായി ബന്ധപ്പെട്ടതാണെന്നും ഉറപ്പാക്കുക. ഇതിനായി ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് ‘ക്വിക്ക് ലിങ്കുകൾ’ എന്നതിന് താഴെ ‘ഐടിഡി നൽകിയ അറിയിപ്പ്/ഓർഡർ സ്ഥിരീകരിക്കുക. വ്യാജ ആദായനികുതി നോട്ടീസ് ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന സൈബർ തട്ടിപ്പുകൾ ധാരാളമായതിനാൽ നോട്ടീസിൻ്റെ ആധികാരികത പരിശോധിച്ച ശേഷം മാത്രം മറുപടി നൽകുക.
പരിശോധിച്ചുറപ്പിച്ചതിന് ശേഷം എന്തുചെയ്യണം?
നോട്ടീസിൻ്റെ കാരണം തിരിച്ചറിയുക. പൊരുത്തമില്ലാത്ത വിശദാംശങ്ങൾ, വരുമാനം വെളിപ്പെടുത്താത്തത്, ക്ലെയിം ചെയ്ത കിഴിവുകൾ, അല്ലെങ്കിൽ ഫയലിംഗിലെ കാലതാമസം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാൽ ആകാം. നിങ്ങളുടെ വരുമാനം, കിഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായ രേഖകളും വിവരങ്ങളും ശേഖരിക്കുക.
കൂടുതൽ പിഴകളോ നിയമ നടപടികളോ ഒഴിവാക്കാൻ നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ മറുപടി നൽകുക.നോട്ടീസിൽ സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ടെങ്കിൽ ടാക്സ് പ്രൊഫഷണലിനെയോ ചാർട്ടേഡ് അക്കൗണ്ടൻ്റിനെയോ സമീപിക്കുക. വിവരങ്ങൾ തിരുത്താനോ അപ്ഡേറ്റ് ചെയ്യാനോ ആവശ്യപ്പെടുകയാണെങ്കിൽ, അത് കൃത്യമായി ചെയ്യുക. ആവശ്യമെങ്കിൽ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുക. എല്ലാ വിവരങ്ങൾക്കും കൃത്യമായ റെക്കോർഡ് സൂക്ഷിക്കുക.