Income Tax Return 2025: ഐടിആർ-2 ഇനി എളുപ്പത്തിൽ ഫയൽ ചെയ്യാം; പുതിയ മാറ്റങ്ങൾ ഇങ്ങനെ
Income Tax Return: എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഓൺലൈനായും ഓഫ്‌ലൈനായും ഐടിആർ ഫയൽ ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഇത്തവണ, ആദായനികുതി വകുപ്പ് ഐടിആർ-2 ഫോമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് വഴി നികുതിദായകർക്ക് വളരെ എളുപ്പത്തിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.

പുതിയ സാമ്പത്തിക വർഷം വന്നെത്തി. നികുതി ദായകർക്ക് 2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള സമയവുമായി. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഓൺലൈനായും ഓഫ്‌ലൈനായും ഐടിആർ ഫയൽ ചെയ്യാവുന്നതാണ്.
എന്നിരുന്നാലും, ഇത്തവണ, ആദായനികുതി വകുപ്പ് ഐടിആർ-2 ഫോമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് വഴി നികുതിദായകർക്ക് വളരെ എളുപ്പത്തിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.
ഐടിആർ-2 ഫയലിംഗിലെ പുതിയ മാറ്റം
2025 മാർച്ച് 25 ന് ആരംഭിച്ച ഐടിആർ-2 നായി ആദായനികുതി വകുപ്പ് പുതിയ എക്സൽ അധിഷ്ഠിത യൂട്ടിലിറ്റി അവതരിപ്പിച്ചിട്ടുണ്ട്. ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ വരുമാനമില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUFs) വേണ്ടിയുള്ളതാണ് ഈ ഫോം.
കൂടാതെ സെക്ഷൻ 139 (8A) പ്രകാരം പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാനുള്ള ഓപ്ഷനും ചേർത്തിട്ടുണ്ട്. ഇത് വഴി നികുതിദായകർക്ക് അവരുടെ റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ റിട്ടേണിൽ തെറ്റ് കണ്ടെത്തുകയോ എന്തെങ്കിലും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടി വരികയോ ചെയ്‌താൽ,വളരെ എളുപ്പത്തിൽ ഇനി അവ ചെയ്യാവുന്നതാണ്. ശമ്പളം വാങ്ങുന്ന ജീവനക്കാർ, പെൻഷൻകാർ, മറ്റ് ബിസിനസ്സ് ഇതര നികുതിദായകർ എന്നിവർക്ക് ഈ പുതിയ അപ്ഡേറ്റ് വളരെയധികം സഹായകരമാണ്.
ഐടിആർ-2 ഫയൽ ചെയ്യേണ്ടത് ആരൊക്കെ?
വാർഷിക വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലുള്ളവരോ വാടക, മൂലധന നേട്ടം അല്ലെങ്കിൽ മറ്റ് സ്രോതസ്സുകളിൽ നിന്ന് വരുമാനം നേടുന്നവരോ ആയ വ്യക്തികളാണ് ഐടിആർ-2 ഫയൽ ചെയ്യേണ്ടത്.
നിങ്ങൾ ഒരു കമ്പനിയിൽ ഡയറക്ടറാണെങ്കിൽ അല്ലെങ്കിൽ ഒരു അൺലിസ്റ്റഡ് കമ്പനിയിൽ ഓഹരികൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഐടിആർ-2 ഫയൽ ചെയ്യേണ്ടതുണ്ട്. കൂടാതെ, നിങ്ങൾക്ക് ഏതെങ്കിലും വിദേശ ആസ്തികൾ ഉണ്ടെങ്കിലും, ഐടിആർ-2 പൂരിപ്പിക്കേണ്ടതുണ്ട്.
ഐടിആർ ഫോം
നിങ്ങളുടെ വരുമാനം എവിടെ നിന്നാണ് വരുന്നത് എന്നതിനെ ആശ്രയിച്ചാണ് ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ മൊത്തം വാർഷിക വരുമാനം 50 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വരുമാനം ശമ്പളം, പെൻഷൻ, പലിശ, ലാഭവിഹിതം അല്ലെങ്കിൽ ഒരൊറ്റ വസ്തുവിൽ നിന്നുള്ള വാടകയിൽ നിന്ന് മാത്രമാണെങ്കിൽ, ഐടിആർ-1 പൂരിപ്പിക്കേണ്ടതുണ്ട്.