Income tax Refund: ഇങ്ങനെയൊരു മെസ്സേജ് വന്നാൽ സൂക്ഷിക്കണെ, ക്ലിക്ക് ചെയ്യും മുൻപ് അറിഞ്ഞിരിക്കണം ഇതൊക്കെ
Income Tax Refund Scam Message: നിങ്ങൾക്ക് റീഫണ്ട് ലഭിച്ചുവെന്ന് അവകാശപ്പെട്ട് വിവിധ തട്ടിപ്പുകാർ വിവിധ തരത്തിലുള്ള സന്ദേശങ്ങൾ അയക്കും. നിങ്ങളുടെ സാമ്പത്തിക വിശദാംശങ്ങളാവും പലപ്പോഴും അതിൽ ചോദിക്കുന്നത്.
ആദായനികുതി റിട്ടേൺ (ഐടിആർ) ഫയലിംഗിന്റെ അവസാന തീയതി 2024 ജൂലൈ 31 ആയിരുന്നെന്ന് എല്ലാവർക്കും അറിയുമല്ലോ? ഇതിൽ പലരും റീ ഫണ്ടിന് അർഹതയുള്ളവരുമാണ്. എന്നാൽ ഇത്തരത്തിൽ ഐടിആർ റീ ഫണ്ടിങ്ങിനായി കാത്തിരിക്കുന്നവർക്കായി ഒരു തട്ടിപ്പ് കൂടി എത്തുന്നുണ്ട്. നിങ്ങളുടെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി ഇത്തരത്തിൽ ചെയ്യാം എന്ന് കാണിച്ച് ചില മെസ്സേജുകൾ നിങ്ങളുടെ ഫോണിലേക്ക് വന്നേക്കാം. കേന്ദ്രസർക്കാരിൻ്റെ സൈബർ വിഭാഗമായ സൈബർ ദോസ്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഈ തട്ടിപ്പിനെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങൾക്ക് റീഫണ്ട് ലഭിച്ചുവെന്ന് അവകാശപ്പെട്ട് വിവിധ തട്ടിപ്പുകാർ വിവിധ തരത്തിലുള്ള സന്ദേശങ്ങൾ അയക്കും. നിങ്ങളുടെ സാമ്പത്തിക വിശദാംശങ്ങളാവും പലപ്പോഴും അതിൽ ചോദിക്കുന്നത്. നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും ചോദിച്ചേക്കാം. ഇത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കുക. ഒപ്പം എല്ലായ്പ്പോഴും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം ഇത്തരം വിവരങ്ങൾ സ്ഥിരീകരിക്കുക- സൈബർ ദോസ്തിൻ്റെ ട്വീറ്റിൽ പറയുന്നു.അതേസമയം ആളുകളെ കൊള്ളയടിക്കാൻ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഇത് പൊതുജനങ്ങൾക്ക് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Beware of the income tax refund scam! Fraudsters are sending messages like this one claiming you’ve got a refund. Always verify through official channels to protect your financial information. Stay vigilant! #TaxScam #FraudAlert #I4C #MHA #Cyberdost @HMOIndia @FinMinIndia pic.twitter.com/UrG30IO4n9
— Cyber Dost (@Cyberdost) July 28, 2024
ഇത്തരമൊരു എസ്എംഎസ് ലഭിച്ചാൽ
ആദായനികുതി റീഫണ്ട് സംബന്ധിച്ച സന്ദേശങ്ങൾക്ക് മറുപടി നൽകരുത്. കൂടാതെ, ലഭിക്കുന്ന യാതൊരു ലിങ്കുകളിലും ക്ലിക്കു ചെയ്യുകയുമരുത്. നിങ്ങളുടെ വിശദാംശങ്ങൾ ആരുമായും പങ്കിടരുത്. സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക. ആദായനികുതി റീഫണ്ട് സംബന്ധിച്ച് ലഭിക്കുന്ന ഇമെയിലുകളിലും ലിങ്കുകളിലും ക്ലിക്കുചെയ്യരുത്, ചിലപ്പോൾ അവ നിങ്ങളെ ഏതെങ്കിലും വ്യാജ വെബ്സൈറ്റുകളിലേക്കോ അപ്ലിക്കേഷനുകളിലേക്കോ റീഡയറക്ട് ചെയ്യും. ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ സൈബർ സെൽ പോർട്ടലായ cybercrime.gov.in വഴിയോ അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിച്ചോ പരാതി രജിസ്റ്റർ ചെയ്യണം.
2024 സാമ്പത്തിക വർഷത്തിലെ ഐടിആർ
2024 ജൂലൈ 31 വരെ ഫയൽ ചെയ്ത 2024-25 സാമ്പത്തിക വർഷത്തെ മൊത്തം ആദായ നികുതി റിട്ടേണുകളുടെ എണ്ണം 7.28 കോടിയിലധികമാണ്. പിഐബിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഫയൽ ചെയ്ത മൊത്തം 7.28 കോടി ഐടിആറുകളിൽ 5.27 കോടിയും പുതിയ നികുതി വ്യവസ്ഥയിലാണ് ഫയൽ ചെയ്തിരിക്കുന്നത്. നികുതിദായകരിൽ 72 ശതമാനം പേർ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തപ്പോൾ 28 ശതമാനം പേർ പഴയ നികുതി വ്യവസ്ഥയിൽ തുടരുന്നു.
2024 ജൂലൈ 31 ന് ഒറ്റ ദിവസത്തിൽ മാത്രം 69.92 ലക്ഷത്തിലധികം ടാക്സ റിട്ടേണുകളാണ് ഫയൽ ചെയ്തത്. 2024 ജൂലൈ 31 ന്, ഇ-ഫയലിംഗ് സംവിധാനത്തിൽ മ മണിക്കൂറിൽ 5.07 ലക്ഷം ഐടിആർ ഫയലിംഗുകൾ നടന്നതായാണ് കണക്ക്.