ITR Filing: ആദായ നികുതിയിൽ ഇങ്ങനെയൊരു കാര്യം മറച്ചാൽ, 10 ലക്ഷം പിഴ അടക്കണം
Income Tax Returns Filing Tips: 2024 ഡിസംബർ 11-ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ ഒരു ബ്രോഷറിൽ വളരെ വ്യക്തമായി ചില കാര്യങ്ങൾ പറയുന്നുണ്ട്. ആദായ നികുതി കൃത്യമായി അടച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാവാം

Income Tax Tips
കള്ളപ്പണം പോലെ തന്നെ വെളിപ്പെടുത്താത്ത വരുമാനവും ഇന്ത്യയിൽ വളരെ അധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. വിദേശ നിക്ഷേപകരാണ് ഇത്തരത്തിൽ വരുമാനം വെളിപ്പെടുത്താതെ പല പ്രശ്നങ്ങളിലും പോയി ചാടുന്നത്. ഇതു കൊണ്ട് തന്നെ വിദേശ നിക്ഷേപകർക്ക് പലപ്പോഴും ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കാറുണ്ട്. കള്ളപ്പണം അഴിമതിയും പണപ്പെരുപ്പവും വർദ്ധിപ്പിക്കുക മാത്രമല്ല, സർക്കാർ ഖജനാവിന് വലിയ നഷ്ടവും വരുത്തിവയ്ക്കുന്നു.
2024 ഡിസംബർ 11-ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ ഒരു ബ്രോഷറിൽ വളരെ വ്യക്തമായി ചില കാര്യങ്ങൾ പറയുന്നുണ്ട്. ഇത്തരത്തിൽ ഏതൊക്കെ നികുതി ദായകരാണ് തങ്ങളുടെ ഐടിആറിൽ ഷെഡ്യൂൾ ചെയ്ത വിദേശ ആസ്തികളും (എഫ്എ) അധിക രേഖകളും സമർപ്പിക്കേണ്ടതെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. ഐടിആറിൽ വിദേശ നിക്ഷേപം വെളിപ്പെടുത്തുന്നില്ലെങ്കിൽ അത് കള്ളപ്പണമായി കണക്കാക്കാം. അങ്ങനെ വന്നാൽ നികുതി ദാതാവ് പിഴയായി 10 ലക്ഷം രൂപ വേണം അടക്കാൻ.
വിദേശ വരുമാനം
ആദായനികുതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം നികുതിദായകർ അവരുടെ വിദേശ അക്കൗണ്ടുകൾ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ ആദായ നികുതി വകുപ്പിന് നൽകണം. എതെങ്കിലും വിദേശ കമ്പനിയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ വിദേശത്ത് സ്വത്ത് വാങ്ങിയിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടിവരും. ചുരുക്കത്തിൽ, നിങ്ങൾക്ക് എന്തെങ്കിലും വരുമാനം ലഭിക്കുന്നില്ലെങ്കിൽ പോലും വിദേശത്തുള്ള സ്വത്തിനെക്കുറിച്ചും നിങ്ങൾ വിവരം നൽകണം. വിദേശ രാജ്യങ്ങളുമായി സഹകരിച്ച് മറ്റ് രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിരിക്കുന്ന പൗരൻമാരെ സംബന്ധിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകും. എങ്കിലും വിദേശ നിക്ഷേപത്തെക്കുറിച്ച് വിവരങ്ങൾ നൽകാത്ത ഒരാൾക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്താമെന്ന് നേരത്ത വ്യക്തമാക്കിയല്ലോ.
ആരാണ് വെളിപ്പെടുത്തേണ്ടത്?
വിദേശത്ത് സ്വത്ത് ഉള്ളവരോ അവിടെ നിന്ന് വരുമാനം നേടുന്നവരോ ആയ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ നിയമം ബാധകമാണ്. വിദേശ സ്വത്തിൽ ബാങ്ക് അക്കൗണ്ടുകൾ, ഇക്വിറ്റികൾ, ബിസിനസ് നിക്ഷേപങ്ങൾ, എന്നിവ ഉൾപ്പെടുന്നു. വിദേശ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിൽ പലിശ വരുമാനം, ലാഭവിഹിതം, മൊത്ത വരുമാനം എന്നിവ ഉൾപ്പെടും
നിങ്ങളുടെ വിദേശ സ്വത്തുക്കളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിക്കുക. നിങ്ങൾക്ക് ഏതുതരം സ്വത്താണ് ഉള്ളത്, എപ്പോൾ അത് വാങ്ങി, അതിൽ നിന്ന് നിങ്ങൾ എത്രമാത്രം സമ്പാദിച്ചു തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുക. സ്വത്ത് വാങ്ങുന്നതിനോ സമ്പാദിക്കുന്നതിനോ നിങ്ങൾ വിദേശത്ത് അടച്ച നികുതിയെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരിക്കണം. നിങ്ങൾക്ക് പൂർണ്ണ വിവരങ്ങൾ സമാഹരിച്ച് ഐടിആറിൽ നൽകാം. ഇരട്ട നികുതി ഒഴിവാക്കൽ കരാർ പ്രകാരം നിങ്ങൾ യോഗ്യനാണെങ്കിൽ, നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിന് ഷെഡ്യൂൾ ടിആറിനൊപ്പം ഫോം 67 സമർപ്പിക്കുക.