Bank Savings Insurance: ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമോ? പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം
DICGC Bank Savings Insurance: നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആർബിഐയുടെ നിയന്ത്രണത്തിലുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) ആണ് ഈ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.

കൈവശമുള്ള പണം അത് എത്രയായാലും ഭാവിയുടെ കരുതലെന്നോണം ബാങ്കുകളിൽ നിക്ഷേപിക്കുന്നവരാണ് നമ്മളിൽ പലരും. ചെറിയ തുകയും വലിയ തുകയും നിക്ഷേപിക്കുന്നവരുണ്ട്. എന്നാൽ ഇതെല്ലാം സുരക്ഷിതമാണോ എന്ന കാര്യത്തിൽ ഉറപ്പുണ്ടോ? നിങ്ങൾക്ക് നിക്ഷേപമുള്ള ബാങ്ക് ഏതുമായിക്കൊള്ളട്ടെ അപ്രതീക്ഷിതമായി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ, നിങ്ങളുടെ നിക്ഷേപത്തുക പൂർണമായി തിരിച്ചുകിട്ടുമോ? കൂടാതെ ബാങ്കുകളിൽ നിക്ഷേപിക്കുന്ന എത്രമുതലുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത് തുടങ്ങി ബാങ്കുകളിൽ നിക്ഷേപിക്കാനിരിക്കുന്നവരും നിക്ഷേപിച്ചവരും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
അത്തരത്തിൽ നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആർബിഐയുടെ നിയന്ത്രണത്തിലുള്ള ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) ആണ് ഈ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ ശാഖകൾ ഉൾപ്പെടെ എല്ലാ വാണിജ്യ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ തുടങ്ങിയവയെല്ലാം തന്നെ ഡിഐസിജിസി ഇൻഷ്വർ ചെയ്തിട്ടുള്ളവയാണ്.
രാജ്യത്തെ മൊത്തം ബാങ്ക് നിക്ഷേപങ്ങളിൽ ഏകദേശം 45 ശതമാനത്തോളം മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനർത്ഥം മിക്ക നിക്ഷേപങ്ങളും സുരക്ഷിതമല്ല എന്നുകൂടിയാണ്. 2020ൽ വരെ മൊത്തം ബാങ്ക് നിക്ഷേപത്തിൻറെ ഏകദേശം 51 ശതനമാനത്തോളം ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നു. പിന്നീടത് വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
നിക്ഷേപത്തിൽ ഇൻഷുറൻസ് നൽകുന്ന തുക എത്ര?
നിലവിൽ ആർബിഐയുടെ നിർദ്ദേശപ്രകാരം, ബാങ്കുകളിൽ അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. 2020ലാണ് ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ആർബിഐ വർദ്ധിപ്പിച്ചത്. നിങ്ങളുടെ നിക്ഷേപം സേവിംഗ്സ് അക്കൗണ്ടോ സ്ഥിരനിക്ഷേപമോ (എഫ്ഡി) കറൻറ് അക്കൗണ്ട് നിക്ഷേപമോ ആയാലും ഇൻഷുറൻസ് പരിരക്ഷ കിട്ടുന്നതാണ്. നിക്ഷേപവും പലിശയും സഹിതം അഞ്ച് ലക്ഷം രൂപയ്ക്കാണ് ഇൻഷുറൻസ് ലഭിക്കുന്നത്.
ഒരു ബാങ്കിൽ അഞ്ച് ലക്ഷം രൂപ എന്ന പരിധിയിലാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്നത്. അഥവാ നിങ്ങളുടെ നിക്ഷേപം വെവ്വേറെ ബാങ്കുകളിലാണെങ്കിൽ, അവയ്ക്കെല്ലാം പ്രത്യേകമായി തന്നെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. വിദേശ സർക്കാരുകളുടെ നിക്ഷേപങ്ങൾ, കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ നിക്ഷേപങ്ങൾ, ഇന്റർ-ബാങ്ക് നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള ചില നിക്ഷേപങ്ങൾ ഒഴികെ ഡിഐസിജിസി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നുണ്ട്.
നിക്ഷേപിച്ച തുകയ്ക്ക് ഇൻഷുറൻസ് ലഭിക്കാൻ ഒരു അക്കൗണ്ട് തന്നെ വേണമെന്നില്ല. നിങ്ങൾക്ക് ഒരു ബാങ്കിൽ തന്നെ എഫ്ഡി, സേവിംഗ്സ്, കറൻറ് അക്കൗണ്ട് എന്നിവയിലെല്ലാം നിക്ഷേപമുണ്ടെങ്കിൽ ഇവയെല്ലാം ഒന്നിച്ചുകൂട്ടിയാണ് ഇൻഷുറൻസ് നൽകുക. ഇനി ഒരേ ബാങ്കിൻ്റെ മറ്റ് ശാഖയിലാണ് നിക്ഷേപമെങ്കിലും അവ ഒന്നിച്ച് പരിഗണിച്ച് ഇൻഷ്വറൻസ് ലഭിക്കുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ, നിങ്ങളുടെ മൊത്തം നിക്ഷേപം അഞ്ച് ലക്ഷം രൂപയെന്ന പരിധി കടന്നാൽ, അധികമുള്ള തുകയ്ക്ക് ഇൻഷുറൻസ് ലഭിക്കുകയില്ല.
നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളിലെയും നിക്ഷേപങ്ങൾക്ക് ഡിഐസിജിസി ഇൻഷുറൻസ് നൽകുന്നുണ്ട്. വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ തുടങ്ങിയവക്കെല്ലാം ഇൻഷുറൻസിന് അർഹതയുണ്ട്. എന്നാൽ സഹകരണ സംഘങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.