25,000 രൂപ ശമ്പളമുള്ളവര്‍ക്ക് പിഎഫ് വഴി ഒരു കോടി സമ്പാദിക്കാന്‍ എത്ര നാള്‍ വേണം? | how long will it take for a Rs 25,000 salary earner to earn 1 crore through epf, details in malayalam Malayalam news - Malayalam Tv9

EPFO: 25,000 രൂപ ശമ്പളമുള്ളവര്‍ക്ക് പിഎഫ് വഴി ഒരു കോടി സമ്പാദിക്കാന്‍ എത്ര നാള്‍ വേണം?

Published: 

23 Aug 2024 17:08 PM

EPFO Interest: ഒരു വ്യക്തിക്ക് അയാളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് ഇപിഎഫ്ഒ നിയമത്തില്‍ പറയുന്നത്. തൊഴിലാളി നിക്ഷേപിക്കുന്നതിന് അനുസൃതമായി 12 ശതമാനം തൊഴിലുടമയും നിക്ഷേപിക്കുന്നുണ്ട്.

EPFO: 25,000 രൂപ ശമ്പളമുള്ളവര്‍ക്ക് പിഎഫ് വഴി ഒരു കോടി സമ്പാദിക്കാന്‍ എത്ര നാള്‍ വേണം?

EPFO (TV9 Telegu Image)

Follow Us On

ഒരു അംഗീകൃത കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ഒരുവിധം എല്ലാവര്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗത്വം ഉണ്ടായിരിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന ഒരു വിരമിക്കല്‍ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഈ പദ്ധതിക്ക് കീഴില്‍ നമ്മള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന കാലമത്രയും ആ വ്യക്തിയും തൊഴിലുടമയും ഒരുപോലെ ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നു. ഈ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും മറ്റ് സേവിങ് പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശയും തൊഴിലാളിക്ക് ലഭിക്കുന്നുണ്ട്. എത്ര കുറഞ്ഞ വരുമാനമുള്ളയാള്‍ക്കും പിഎഫ് വഴി നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

ഇപിഎഫിന് കീഴില്‍ വരുന്ന നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 8.25 ശതമാനമാണ് പലിശ നല്‍കുന്നത്. അങ്ങനെയാകുമ്പോള്‍ നിങ്ങളുടെ നിലവിലെ നിക്ഷേപ രീതി അനുസരിച്ച് വിരമിക്കുന്ന സമയത്ത് നല്ലൊരു തുക നിക്ഷേപമായുണ്ടാകും. ഒരു കോടി രൂപ വിരമിക്കുന്ന സമയത്ത് സമ്പാദ്യമായി ഉണ്ടാകണമെങ്കില്‍ എത്ര രൂപ പ്രതിമാസം നിക്ഷേപിക്കണമെന്ന് അറിയാമോ?

ഒരു വ്യക്തിക്ക് അയാളുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് ഇപിഎഫ്ഒ നിയമത്തില്‍ പറയുന്നത്. തൊഴിലാളി നിക്ഷേപിക്കുന്നതിന് അനുസൃതമായി 12 ശതമാനം തൊഴിലുടമയും നിക്ഷേപിക്കുന്നുണ്ട്. ഇതില്‍ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കിയുള്ള തുക 3.67 ശതമാനം ഇപിഎഫിലേക്കുമാണ് പോകുന്നത്.

Also Read: Income Tax Clearance Certificate : വിദേശത്തേക്ക് പോകുന്നതിന് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് വേണോ? വാസ്തവം ഇതാണ്

ഇനി നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രായം 25 വയസാണെന്ന് കരുതൂ, ഈ പ്രായത്തില്‍ 25,000 രൂപ ശമ്പളം കൈപ്പറ്റുന്നു. നിങ്ങളുടെ അടിസ്ഥാന ശമ്പളം 15,000 രൂപയാണെങ്കില്‍ അതില്‍ നിന്നും പ്രതിമാസം 12 ശതമാനം ആയിരിക്കും ഇപിഎഫിലേക്ക് പോകുന്നത്. അങ്ങനെയാകുമ്പോള്‍ പ്രതിമാസം ഒരാള്‍ നിക്ഷേപിക്കുന്നത് 2300 രൂപയായിരിക്കും. നിങ്ങളുടെ പ്രതിമാസ നിക്ഷേപത്തോടൊപ്പം ഓരോ വര്‍ഷവും നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമ്പോള്‍ ഇപിഎഫിന് കീഴില്‍ 30 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ഒരു കോടി രൂപ സമ്പാദിക്കാനാകും.

നിങ്ങള്‍ക്ക് 55 വയസാകുമ്പോള്‍ 1.07 കോടി രൂപ പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ നിങ്ങളുടെ ഇപിഎഫ് നിക്ഷേപം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അധിക തുകയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതായി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ മറ്റൊരു ഇപിഎഫ് അക്കൗണ്ട് കൂടി നിങ്ങള്‍ക്ക് ആരംഭിക്കാവുന്നതാണ്.

എന്താണ് ഇപിഎഫ്

കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാര്‍ക്ക് ലഭ്യമായ റിട്ടയര്‍മെന്റ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നത്. ജീവനക്കാരും തൊഴിലുടമയും നടത്തുന്ന നിക്ഷേപങ്ങളിലൂടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് രൂപീകരിക്കുന്നു. ജീവനക്കാര്‍ വിരമിക്കുന്ന സമയത്ത് സാമ്പത്തിക സുരക്ഷിതത്വം ഇപിഎഫ് ഉറപ്പാക്കുന്നുണ്ട.

ഇപിഎഫിന്റെ ഗുണങ്ങള്‍

  • നികുതി ഇളവ്

1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം ജീവനക്കാരന്‍ നടത്തുന്ന നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ഈ കോര്‍പ്പസിന് ലഭിക്കുന്ന പലിശയ്ക്കും നികുതി ഉണ്ടായിരിക്കില്ല. 5 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പിന്‍വലിക്കുകയാണെങ്കില്‍ കോര്‍പ്പസ് തുക നികുതി രഹിതമായി തുടരും.

  • റിട്ടയര്‍മെന്റ് കോര്‍പ്പസ്

ഇപിഎഫ് പദ്ധതിയിലൂടെ ഒരു വ്യക്തിക്ക് ഒരു റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാക്കാന്‍ സാധിക്കും. ഈ തുക വിരമിക്കുന്ന സമയത്ത് ജീവനക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

  • സാമ്പത്തിക അടിയന്തരാവസ്ഥ

സാമ്പത്തികമായുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ ഇപിഎഫ് അക്കൗണ്ടിലെ പണം ഉപയോഗിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവനക്കാരന് ഫണ്ടില്‍ നിന്ന് പണം ഭാഗികമായി പിന്‍വലിക്കാവുന്നതാണ്.

Also Read: Women Bank Deposit: സ്ത്രീകളുടെ പണമെല്ലാം ആവിയാവുകയാണോ? അക്കൗണ്ടുണ്ട് പക്ഷെ ഡെപ്പോസിറ്റില്ല

  • തൊഴിലില്ലായ്മ

ഇപിഎഫ് സ്‌കീമിന് കീഴില്‍ തൊഴിലില്ലായ്മ സമയത്തും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരു ജീവനക്കാരന് ജോലി നഷ്ടപ്പെട്ടാല്‍, ഫണ്ടിന്റെ 75% പിന്‍വലിക്കാം. രണ്ട് മാസം ജോലിയില്ലാതെ ഇരിക്കുകയാണെങ്കില്‍ ഫണ്ടിന്റെ ബാക്കി 25% പിന്‍വലിക്കാവുന്നതാണ്.

  • മരണ ആനുകൂല്യങ്ങള്‍

ജീവനക്കാരന്‍ മരിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി മുഴുവന്‍ ഇപിഎഫ് കോര്‍പ്പസ് തുകയും സ്വീകരിക്കാന്‍ നോമിനിക്ക് അര്‍ഹതയുണ്ട്.

  • എന്താണ് ഇപിഎസ്?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഒരു പദ്ധതിയാണ് എംപ്ലോയി പെന്‍ഷന്‍ സ്‌കീം. 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ആണ് ഈ സ്‌കീം ലഭ്യമാകുന്നത്. 1250 രൂപയാണ് ഇതിലേക്കായി തൊഴിലുടമ നിക്ഷേപിക്കുന്നത്. തൊഴിലുടമ മാത്രമാണ് പെന്‍ഷന്‍ സ്‌കീമിലേക്കായി നിക്ഷേപിക്കുന്നത്.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version