5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Iran-Israel: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ? നിസാരമല്ല കാര്യങ്ങള്‍

How Iran-Israel conflict affects India: ഇസ്രായേലിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക കൂടെയുണ്ട്. ഇത് യുദ്ധത്തിന് തീവ്രത വര്‍ധിപ്പിക്കാനാണ് സാധ്യത. ഈ യുദ്ധം മുറിപ്പെടുത്തുന്നവരില്‍ നമ്മള്‍ ഇന്ത്യക്കാരുമുണ്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയിലെ സാധാരണക്കാരെയാണ്. എണ്ണ വില കൂടുന്നത് സാധനങ്ങളുടെ വില വര്‍ധനവിന് ഉള്‍പ്പെടെ കാരണമാകും.

Iran-Israel: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ? നിസാരമല്ല കാര്യങ്ങള്‍
Follow Us
shiji-mk
SHIJI M K | Updated On: 03 Oct 2024 19:24 PM

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം (Iran-Israel Conflict) പശ്ചിമേഷ്യയെ മുഴുവനായി മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഹമാസിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ തുടക്കമിട്ടത്. എന്നാല്‍ ഇത് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെ മരണവും വാക്കി ടോക്കി, പേജര്‍ ആക്രമണങ്ങളും ഇറാനിനെ തിരിച്ചടിക്കാന്‍ പ്രേരിപ്പിച്ചു.

എന്നാല്‍ ഇറാനെതിരെ ഏത് നിമിഷവും ഇസ്രായേലിന്റെ ആക്രമണമുണ്ടാകുമെന്ന കണക്കുക്കൂട്ടലിലാണ് ലോകം. കാരണം ഇസ്രായേലിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക കൂടെയുണ്ട്. ഇത് യുദ്ധത്തിന് തീവ്രത വര്‍ധിപ്പിക്കാനാണ് സാധ്യത. ഈ യുദ്ധം മുറിപ്പെടുത്തുന്നവരില്‍ നമ്മള്‍ ഇന്ത്യക്കാരുമുണ്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയിലെ സാധാരണക്കാരെയാണ്. എണ്ണ വില കൂടുന്നത് സാധനങ്ങളുടെ വില വര്‍ധനവിന് ഉള്‍പ്പെടെ കാരണമാകും. എങ്ങനെയാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നത്?

ആശങ്കകള്‍ ഒഴിയാതെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

ഇന്ത്യയിലേക്ക് ചരക്ക് വരുന്ന സുപ്രധാന സമുദ്രപാതയാണ് ചെങ്കടല്‍ കടല്‍പാത. ഇത് കടന്നുപോകുന്നത് പശ്ചിമേഷ്യയിലൂടെയാണ്. ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളുമായി ഹിസ്ബുള്ളയ്ക്കുള്ളത് വളരെ അടുത്തബന്ധമാണ്. അതുകൊണ്ട് തന്നെ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം വ്യാപാരത്തിനെ മോശമായി തന്നെ ബാധിക്കും. ചരക്ക് കൈമാറ്റത്തില്‍ അപകട സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അല്ലെങ്കില്‍ എന്നിവയുമായുള്ള വ്യാപാരത്തിനായി സൂയസ് കനാല്‍ വഴിയുള്ള ഈ പാതയെയാണ് ഇന്ത്യ ആശ്രയിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് ഈ സംഘര്‍ഷം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Also Read: Iran-Israel: യുഎസ് പോലും ഭയക്കുന്ന ഇറാന്റെ ആയുധശേഖരം; അറിയാം ഇറാന്‍-ഇസ്രായേല്‍ കരുത്ത്‌

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതോടെ ചെങ്കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. സംഘര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഒന്‍പത് ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല ഓഗസ്റ്റില്‍ ചെങ്കടലിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുടെ പെട്രോളിയം കയറ്റുമതി 38 ശതമാനം കുറഞ്ഞിരുന്നു.

ചെലവ് വര്‍ധിപ്പിക്കുന്ന സംഘര്‍ഷം

ചെങ്കടലില്‍ പ്രതിസന്ധി ഉടലെടുത്തതോടെ പല കപ്പല്‍ കമ്പനികളും ആഫ്രിക്കയിലൂടെയുള്ള കടര്‍പാതകളാണ് സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ ഇത് ചെലവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് സൂചിപ്പിക്കുന്ന കണക്കുകള്‍ പ്രകാരം സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ 50 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ്. സൂയസ് കനാലിന് പകരം മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതോടെ ഷിപ്പിങ് ചെലവില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനവമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ത്യക്കാരില്‍, ടെക്സറ്റൈല്‍സ്, വസ്ത്രങ്ങള്‍, താഴ്ന്ന നിലവാരത്തിലുള്ള എഞ്ചിനീയറിങ് ഉത്പന്നങ്ങള്‍ തുടങ്ങിയ കയറ്റുമതി ചെയ്യുന്ന ആളുകളെ ഇത് സാരമായി ബാധിച്ചു. കൂടാതെ, ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമായ ഇറാനെ ഇന്ത്യ ആശ്രയിക്കുന്നത് കൊണ്ട് തന്നെ ക്രൂഡ് ഓയില്‍ വില വര്‍ധനവും രാജ്യത്തെ ബാധിക്കും.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 75 ഡോളറായാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഉയര്‍ന്ന പണപ്പെരുപ്പം സാമ്പത്തികമായി വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവ് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളുടെ വിപണികളിലെ നിക്ഷേപകരെയും മോശമായി ബാധിക്കും. 80 ശതമാനം എണ്ണ ഇറക്കുമതിയെയാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ബാധിക്കുന്നത്.

അതിനാല്‍ തന്നെ, ഏറ്റവും മികച്ച സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഒന്നായ ഇന്ത്യയില്‍ നിന്ന് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാം. നിക്ഷേപകര്‍, ഇന്ത്യന്‍ ഇക്വിറ്റികള്‍ പോലെയുള്ള അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്ന് ബോണ്ടുകളോ സ്വര്‍ണമോ മറ്റ് സുരക്ഷിതമായ മാര്‍ക്കറ്റുകളിലേക്ക് മാറ്റിയേക്കാം.

എണ്ണവില ഉയരും

ഒമാനും ഇറാനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കാണ് പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനുമിടയില്‍ അറബിക്കടലിലേക്ക് നയിക്കുന്ന നിര്‍ണായക കണ്ണിയായി പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ തന്നെ എണ്ണയുടെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗം കൂടിയാണിത്. ഈ കടലിടുക്കാണ് പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നത്. ഈ പാതയില്‍ തടസമുണ്ടായാല്‍ എണ്ണ ഇറക്കുമതിയില്‍ കാലതാമസമുണ്ടാകും. ആഗോള ഊര്‍ജവിലയിലും വര്‍ധനവുണ്ടാകും.

ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും എല്‍എന്‍ജിയുടെ പകുതിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. എണ്ണയ്ക്കായി റഷ്യയെ ആശ്രയിക്കുന്നതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളെയും ഇന്ത്യ ആശ്രിയിക്കുന്നുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന എണ്ണയുടെ വരവ് തടസപ്പെടും.

പലിശ നിരക്ക് മാറും

എണ്ണ ഇറക്കുമതി കുറയുന്നതോടെ ഊര്‍ജ വിലയിലെ വര്‍ധനവ് സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കും. അസംസ്‌കൃത എണ്ണ വില ഉയരുന്നത് എല്ലാ മേഖലയേയും ഒരുപോലെ താളം തെറ്റിക്കാനിടയുണ്ട്. എണ്ണവിതരണത്തില്‍ നേരിടുന്ന തടസങ്ങള്‍ പണപ്പെരുപ്പത്തിന് വഴിവെക്കും. എണ്ണ, വാതക വിലകള്‍ എന്നിവ ഉയരുമ്പോള്‍ ഇത് പലിശ നിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കും.

Also Read: Iron Dome: ഇസ്രയേലിനു കവചമൊരുക്കുന്ന പ്രതിരോധ സംവിധാനം; അയൺ ഡോം എന്താണ്?

ഓഹരി വിപണി തകിടം മറിയും

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഒക്ടോബര്‍ മൂന്ന് സെന്‍സെക്സും നിഫ്റ്റിയും ഗ്യാപ് ഡൗണ്‍ നോട്ടിലാണ് വ്യാപാരം ആരംഭിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികളിലേക്ക് നീങ്ങും. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പശ്ചിമേഷ്യന്‍ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്.

മറ്റെല്ലാ ആസ്തികളെയും പോലെ സ്വര്‍ണവും കുതിച്ചുചാട്ടം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ആഭരണങ്ങള്‍ക്കുള്ള ഡിമാന്റ് ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാണ് സ്വര്‍ണത്തിന് വില ഉയരാന്‍ കാരണമായത്. എന്നാല്‍ ഈ സമയം സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപത്തിലേക്ക് നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും.

മാത്രമല്ല, പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതോടെ പല ബിസിനസുകളെയും ഇത് മോശമായി ബാധിക്കും. പലിശ വര്‍ധിക്കുന്നത് കമ്പനികളുടെ ലാഭത്തെയും ബാധിക്കാനിടയുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി ആരോള വിപണിക്ക് അനുസൃതമായതിനാല്‍ ഈ സംഘര്‍ഷം ഇന്ത്യയെയും ബാധിക്കും. ഇന്ത്യന്‍ സ്റ്റോക്കുകളില്‍ പ്രീമിയം മൂല്യനിര്‍ണയത്തില്‍ വ്യാപാരം നടക്കുന്നതിനാല്‍ ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പല സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഒന്നായ ഇന്ത്യയില്‍ നിക്ഷേപകര്‍ ശ്രദ്ധ മാറ്റും.

Latest News