Honda Nissan Merger : ഹോണ്ടയും നിസാനും ഒന്നിക്കും? കൂടെ ചേരാന്‍ മിത്സുബിഷിയും; വമ്പന്‍ നീക്കം
Honda, Nissan and Mitsubishi Merger Talks : ചര്‍ച്ചകള്‍ വിജയിച്ചാല്‍ ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനികളുടെ ലയനം സാധ്യമാകും. മിത്സുബിഷിയും ഇതിന്റെ ഭാഗമായാല്‍ വാഹന വ്യവസായ രംഗത്തെ വമ്പന്‍ നീക്കമായി ഇത് മാറും. വില്‍പനയുടെ കാര്യത്തില്‍ ജാപ്പനീസ് എതിരാളികളായ ടൊയോട്ടയ്ക്കും, ജര്‍മ്മനിയുടെ ഫോക്‌സ്‌വാഗനും പിന്നിലായി ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാണക്കമ്പനിയാകാന്‍ ഈ കമ്പനികള്‍ക്ക് ലയനത്തിലൂടെ സാധിക്കും
വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും നിസാനും ഒന്നിക്കാന്‍ നീക്കം. ലയന ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കമ്പനികള്‍ സ്ഥിരീകരിച്ചു. മിത്സുബിഷിയും ലയനത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വില്‍പനയിലെ കുറവും, ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്ന് നേരിടുന്ന മത്സരവുമാണ് ജാപ്പനീസ് കമ്പനികളെ ലയന നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒരു ജോയിന്റ് ഹോള്‍ഡിംഗ് കമ്പനി സ്ഥാപിക്കുന്നതിലൂടെ ലയന നീക്കം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. മിത്സുബിഷി ലയനത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് ജനുവരി അവസാനത്തോടെ അന്തിമ തീരുമാനമാകും. 2026 ഓഗസ്റ്റിൽ ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഹോൾഡിംഗ് കമ്പനിയെ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു.
ഹോള്‍ഡിംഗ് കമ്പനിയുടെ പ്രസിഡന്റിനെ ശുപാര്‍ശ ചെയ്യുന്നത് ഹോണ്ട ആയിരിക്കും. ബോര്‍ഡില്‍ കൂടുതലും ഹോണ്ട എക്‌സിക്യൂട്ടീവുകളായിരിക്കും ഉള്ളതെന്നും കമ്പനികളുടെ പ്രസ്താവന വ്യക്തമാക്കുന്നു.
ചര്‍ച്ചകള്‍ വിജയിച്ചാല്‍ ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനികളുടെ ലയനം സാധ്യമാകും. മിത്സുബിഷിയും ഇതിന്റെ ഭാഗമായാല്‍ വാഹന വ്യവസായ രംഗത്തെ വമ്പന്‍ നീക്കമായി ഇത് മാറും. വില്‍പനയുടെ കാര്യത്തില്‍ ജാപ്പനീസ് എതിരാളികളായ ടൊയോട്ടയ്ക്കും, ജര്‍മ്മനിയുടെ ഫോക്‌സ്‌വാഗനും പിന്നിലായി ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാണക്കമ്പനിയാകാന്‍ ഈ കമ്പനികള്‍ക്ക് ലയനത്തിലൂടെ സാധിക്കും.
ഹൈബ്രിഡ് വാഹനങ്ങളിലെ തുടക്കത്തിലുള്ള മേധാവിത്തം മൂലം ടൊയോട്ട താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട നില തുടരുന്നുവെന്നും, എന്നാല്‍ ജപ്പാനിലെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, 100 വർഷത്തിലൊരിക്കൽ മാത്രമാണ് വ്യവസായത്തിൽ ഇതുപോലൊരു മാറ്റം സംഭവിക്കുന്നതെന്ന് ഹോണ്ട ചീഫ് എക്സിക്യൂട്ടീവ് തോഷിഹിരോ മിബെ പ്രതികരിച്ചു. കാറുകള്‍ വന്‍തോതില്‍ വിപണിയില്‍ വിറ്റ് തുടങ്ങിയതുപോലെ തന്നെ അടിസ്ഥാനപരമായ കാര്യമാണ് ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റമെന്നും തോഷിഹിരോ മിബെ പറഞ്ഞു.
Read Also : ഇന്നും മാറ്റമില്ലാതെ സ്വർണവില; മൂന്ന് ദിവസമായി സ്വർണം നിന്ന നില്പിൽ
മിത്സുബിഷിയെ കൂടി പരിഗണിച്ച ശേഷം, ജനുവരി അവസാനത്തോടെ ബിസിനസ് ലയനത്തിന്റെ സാധ്യതയെക്കുറിച്ച് വ്യക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഹോണ്ടയും നിസാനും ബിസിനസ് ലയനത്തെക്കുറിച്ച് പരിഗണിച്ച് തുടങ്ങിയതായി നിസാൻ ചീഫ് എക്സിക്യൂട്ടീവ് മക്കോട്ടോ ഉചിദ പറഞ്ഞു. രണ്ട് കമ്പനികള്‍ക്കുമിടയില്‍ സമന്വയം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്നും മക്കോട്ടോ ഉചിദ പറഞ്ഞു. ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി കമ്പനികള്‍ വെളിപ്പെടുത്തി.
അതിനിടെ, ചൈനീസ് കമ്പനികള്‍ (BYD, SAIC) ആഗോള കാര്‍ വിപണിയില്‍ സ്വാധീനം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രിക് കാര്‍ നിര്‍മ്മാണം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ ഹോണ്ട 3.8 മില്യണ്‍ കാറുകളും, മിത്സുബിഷി ഏഴ് ലക്ഷം കാറുകളുമാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തൃ ചെലവും, വിപണികളിലെ കടുത്ത മത്സരവുമാണ് വിവിധ വാഹന നിര്‍മ്മാതാക്കള്‍ നേരിടുന്ന വെല്ലുവിളി.
2018ല്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റിലായതിനു ശേഷം ലാഭത്തിലുണ്ടായ ഇടിവ് നിസാനെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. പിന്നീട് കാര്‍ലോസ് ഘോസ്ന്‍ ലെബനനിലേക്ക് പോയിരുന്നു. ലയന ചര്‍ച്ചകള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന് ഘോസ്ന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.