5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

എന്തുകൊണ്ട് അൺലക്ക് എന്നറിയാതെ ജി.എസ്.ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പ് , പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു

നികുതി വെട്ടിപ്പ് തടയാൻ നടപ്പിലാക്കിയ ഈ പദ്ധതിക്കായി സർക്കാർ ചിലവാക്കിയത് 32.50 ല​ക്ഷം രൂപയോളമാണെന്നാണ് കണക്ക്. ഡിജിറ്റൽ സർവ്വകലാശാലയുടെ സഹകരണത്തോടെയായിരുന്നു ലക്കി ബിൽ ആപ്പ് നിർമ്മിച്ചത്.

എന്തുകൊണ്ട്  അൺലക്ക് എന്നറിയാതെ ജി.എസ്.ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പ് , പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു
aswathy-balachandran
Aswathy Balachandran | Updated On: 11 Apr 2024 12:37 PM

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തയ്യാറാക്കിയ ലക്കി ബിൽ ആപ്പ് ഏറെ പ്രാധാന്യത്തോടെ എത്തിയതായിരുന്നു. ദേശീയതലത്തിൽ ഒരു സംസ്ഥാനം നടപ്പിലാക്കിയ പദ്ധതി എന്നതായിരുന്നു ഇതിന്റെ സവിശേഷതയായി പറഞ്ഞിരുന്നത്. എന്നാൽ ഇത് കഴിഞ്ഞ ഏഴുമാസമായി പ്രവർത്തന രഹിതമാണ്. നികുതി വെട്ടിപ്പ് തടയാൻ നടപ്പിലാക്കിയ ഈ പദ്ധതിക്കായി സർക്കാർ ചിലവാക്കിയത് 32.50 ല​ക്ഷം രൂപയോളമാണെന്നാണ് കണക്ക്. ഡിജിറ്റൽ സർവ്വകലാശാലയുടെ സഹകരണത്തോടെയായിരുന്നു ലക്കി ബിൽ ആപ്പ് നിർമ്മിച്ചത്. പല ജില്ലകളിലും ഇതിന്റെ പ്രചരണാർത്ഥം കോളേജുകളിലും പൊതു ഇടങ്ങളിലും ഫ്‌ളാഷ് മോബ് അടക്കമുള്ള ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

എന്താണ് ലക്കി ബിൽ ആപ്പ്

സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ നല്‍കുന്ന നികുതി കൃത്യമായി സര്‍ക്കാരിലേക്ക് എത്തുന്നുവെന്ന് ജനങ്ങള്‍ക്ക് ഉറപ്പാക്കാനുള്ള സംവിധാനമാണ് ലക്കി ബില്‍ ആപ്പ്. നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 2022 ഒ​ാഗസ്റ്റ് ആറിനാണ് ആപ്പ് പുറത്തിറക്കിയത്. ബില്ലിന്റെ ഫോട്ടോ ആപ്പിലൂടെ എടുക്കുമ്പോള്‍ ജി.എസ്.ടി നമ്പര്‍, ഇന്‍വോയ്‌സ് നമ്പര്‍, തീയതി, ഇന്‍വോയ്‌സ് തുക എന്നിവ ആപ്പ് ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. ആപ്പ് ഉപയോഗിക്കുന്നതിലുടെ സമ്മാനങ്ങളും ജനങ്ങള്‍ക്ക് ജിഎസ്.ടി വകുപ്പ് നല്‍കുമെന്നത് ആയിരുന്നു പ്രധാന ആകർഷണം. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലൂടെയാണ് സമ്മാനങ്ങള്‍ നൽകാൻ തീരുമാനിച്ചിരുന്നത്. കൂടാതെ ബംബര്‍ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ നൽകാൻ തീരുമാനം ഉണ്ടായിരുന്നു. ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യാപാരികളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകള്‍ മാത്രമായിരുന്നു നറുക്കെടുപ്പിന് പരിഗണിക്കുക.

ആപ്പിന്റെ പരസ്യത്തിന് ചെലവാക്കിയത് കോടികൾ

ലക്കി ബിൽ ആപ്പിന്റെ നിർമ്മാണത്തിനായി 32 .50 ലക്ഷം ചെലവാക്കിയപ്പോൾ ആപ്പിന്റെ പരസ്യത്തിനു മാത്രമായി 2.18 കോടി രൂപയാണ് മുടക്കിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചെറിയകാലയളവിൽ പൊതുസമൂഹത്തിൽ നിന്ന് വലിയപ്രതികരണം ഇതുകൊണ്ടുതന്നെ ആപ്പിനു ലഭിക്കുകയും ചെയ്തു. 1,09,766 പേരാണ് ആപ്പിൽ ഇതുവരെ രജിസ്റ്റർ ചെയ്തതായി രേഖകളുള്ളത്. ആപ്പിനു വലിയ പ്രധാന്യം ലഭിച്ച സമയത്താണ് പ്രവർത്തനം നിലച്ചത്. ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. സമ്മാനത്തിന്റെ വിഷയത്തിൽ കൂടുതൽ പരിഷ്കാരം കൊണ്ടുവരാൻ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സമർപ്പിച്ച പുതിയ ഘടന സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ലക്കി ബിൽ നറുക്കെടുപ്പ് നിർത്താൻ കാരണമെന്നും പരക്കെ വിമർശനമുണ്ട്.
കേരളം ഈ പദ്ധതി നടപ്പിലാക്കുകയും വലിയ തോതിൽ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ മറ്റുസംസ്ഥാനങ്ങളും ഈ പദ്ധതിയുടെ മാതൃക പിന്തുടരാൻ ശ്രമിച്ചിരുന്നു. കേന്ദ്രസർക്കാർ ‘മേരാ ബിൽ മേരാ അധികാർ’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ ഹരിയാണ, അസം, ഗുജറാത്ത്, പുതുച്ചേരി, ദാദർ ആൻ‌ഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലാണ് കേന്ദ്രം ‘മേരാ ബിൽ മേരാ അധികാർ’ നടപ്പിലാക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ വലിയ സമ്മാനത്തുകയും പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപയുടെ എട്ട് സമ്മാനങ്ങൾ പ്രഖ്യാപിക്കും എന്നായിരുന്നു അറിയിപ്പ്. നറുക്കെടുപ്പിലൂടെ ആയിരുക്കും വിജയികളെ കണ്ടെത്തുക. എല്ലാ മാസവും സമ്മാനങ്ങൾ നൽകുന്ന പദ്ധതിയും ഇതിന്റെ ഭാ​ഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എല്ലാ മാസവും ഒരു ലക്ഷം രൂപ വീതമുള്ള 10 സമ്മാനങ്ങളും 10,000 രൂപ വീതമുള്ള 80 സമ്മാനങ്ങളും നൽകുമെന്നതായിരുന്നു മേരാ ബിൽ മേരാ അധികാറിന്റെ സമ്മാന ഘടന. കാര്യമായ ജനശ്രദ്ധ കിട്ടിയിട്ടും കാരണമില്ലാതെ മുടങ്ങുന്ന പവ പദ്ധതികളുടെ പട്ടികയിലേക്ക് ഇതും ചേർക്കപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.