Kerala Gold Rate : ആ ആശ്വാസദിനങ്ങള്‍ കഴിഞ്ഞു ! ഞെട്ടിച്ച് സ്വര്‍ണവില, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും 64,000ന് മുകളില്‍
Gold Rate today Kerala March 4: ഫെബ്രു. 27ന് 64,080 ആയിരുന്നു പവന്റെ നിരക്ക്. 28ന് ഇത് 63,600 ആയി കുറഞ്ഞു. 18ന് ശേഷം ആദ്യമായാണ് അന്ന് സ്വര്‍ണവില 64,000ന് താഴെയെത്തിയത്. 25ന് 64,6400 എന്ന സര്‍വകാല റെക്കോഡിട്ട് ഞെട്ടിച്ചെങ്കിലും, മാസാവസാനം സ്വര്‍ണവിലയില്‍ ചെറുതല്ലാത്ത ആശ്വാസം സമ്മാനിച്ചാണ് ഫെബ്രുവരി വിടവാങ്ങിയത്

ഒരാഴ്ചത്തെ ‘വിശ്രമ’ത്തിന് ശേഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഫെബ്രുവരി 27ന് ശേഷം സ്വര്‍ണവില 64,000ന് മുകളിലേക്ക് പോയിട്ടില്ലെന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായിരുന്നു. ഈ താല്‍ക്കാലിക ആശ്വാസത്തിനാണ് ഇപ്പോള്‍ പരിസമാപ്തിയായത്. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് എണ്ണായിരം കടന്നു. ഇന്ന് 8010 രൂപയാണ് ഗ്രാമിന്റെ നിരക്ക്. വര്‍ധിച്ചത് 70 രൂപ. 7940 രൂപയായിരുന്നു മുന്‍നിരക്ക്.
ഫെബ്രുവരി 27ന് 64,080 ആയിരുന്നു പവന്റെ നിരക്ക്. ഫെബ്രുവരി 28ന് ഇത് 63,600 ആയി കുറഞ്ഞു. ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് അന്ന് സ്വര്‍ണവില 64,000ന് താഴെയെത്തിയത്. 25ന് 64,6400 എന്ന സര്‍വകാല റെക്കോഡിട്ട് ഞെട്ടിച്ചെങ്കിലും, മാസാവസാനം സ്വര്‍ണവിലയില്‍ ചെറുതല്ലാത്ത ആശ്വാസം സമ്മാനിച്ചാണ് ഫെബ്രുവരി വിടവാങ്ങിയത്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷകളോടെയാണ് ആഭരണപ്രേമികള്‍ മാര്‍ച്ചിനെ വരവേറ്റത്. മാര്‍ച്ചിലെ ആദ്യ ദിനം തന്നെ ശുഭസൂചനയുടേതായിരുന്നു. ഗ്രാമിന് അന്ന് 80 രൂപ കുറഞ്ഞ് 63,520 ആയിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്ന് ദിവസം വ്യാപാരം പുരോഗമിച്ചത് ഇതേ നിരക്കില്‍ തന്നെയായിരുന്നു. എന്നാല്‍ വീണ്ടും സ്വര്‍ണവില 64,000ന് മുകളിലേക്ക് കുതിക്കുന്നത് ആശങ്കയാണ്.




യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ് പ്രധാനമായും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ നയം പലകുറി സ്വര്‍ണവില വര്‍ധനവിന് കാരണമായി. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും പലതവണ തിരിച്ചടിയായി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോളറിനെതിരെ ഇന്ത്യന്‍ രൂപ അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും, സ്വര്‍ണവില കുറഞ്ഞിരുന്നില്ല.
ട്രംപും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും തമ്മിലുണ്ടായ വാഗ്വാദമടക്കമുള്ള പുതിയ സംഭവവികാസങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണെന്നത് വിസ്മരിക്കാനാകാത്ത ഒരു വസ്തുതയാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അടുത്തകാലത്തെങ്ങും തീരില്ലെന്ന സൂചനയാണ് ട്രംപ്-സെലെന്‍സ്‌കി തര്‍ക്കം നല്‍കുന്നത്. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വര്‍ണം ആര്‍ജ്ജിക്കുന്നത് വിലവര്‍ധനയിലേക്ക് നയിക്കുമെന്നതാണ് ആശങ്ക.