Gold Loan Default: ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുമോ എന്ന ടെൻഷനുണ്ടോ? ഇത്രയും ചെയ്താൽ മതി, നിങ്ങളുടെ ആഭരണങ്ങളും ക്രെഡിറ്റ് സ്കോറും സംരക്ഷിക്കാം
Gold Loan Default: നിങ്ങളുടെ ആഭരണങ്ങൾ സംരക്ഷിക്കുന്നതിനും ക്രെഡിറ്റ് സ്കോർ നഷ്ടപ്പെടാതിരിക്കാനും സ്വർണ്ണ വായ്പകൾ വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. അത്തരത്തിൽ ഗോൾഡ് ലോൺ തിരിച്ചടവിൽ വീഴ്ച വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് വഴികളെ പരിചയപ്പെട്ടാലോ?

അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണാഭരണങ്ങൾ പണയം വച്ച് പണം കണ്ടെത്തുന്നവരാണ് നമ്മൾ. എന്നാൽ തിരിച്ചടവ് മുടങ്ങിയാലോ? പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ സ്വർണാഭരണം നഷ്ടപ്പെടുക മാത്രമല്ല, ക്രെഡിറ്റ് സ്കോറിനെയും അത് ദോഷകരമായി ബാധിക്കും.
നിങ്ങളുടെ ആഭരണങ്ങൾ സംരക്ഷിക്കുന്നതിനും ക്രെഡിറ്റ് സ്കോർ നഷ്ടപ്പെടാതിരിക്കാനും സ്വർണ്ണ വായ്പകൾ വിവേകപൂർവ്വം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. അത്തരത്തിൽ ഗോൾഡ് ലോൺ തിരിച്ചടവിൽ വീഴ്ച വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് വഴികളെ പരിചയപ്പെട്ടാലോ?
ലോൺ നിബന്ധനകൾ മനസ്സിലാക്കുക
സ്വർണ്ണം പണയം വയ്ക്കാൻ ഒരിക്കലും തിടുക്കം കൂട്ടരുത്. പണയം വയക്കുന്നതിന് മുമ്പ് വായ്പാ നിബന്ധനകൾ, വ്യവസ്ഥകൾ, പ്രോസസ്സിംഗ് ഫീസ്, കാലാവധി തുടങ്ങിയവ വിശദമായി മനസ്സിലാക്കുക. വായ്പ-മൂല്യം (LTV) അനുപാതം അറിയുക. സാധാരണയായി നിങ്ങളുടെ സ്വർണ്ണത്തിന്റെ നിലവിലെ വിപണി മൂല്യത്തിന്റെ 75% വരെയാണ് വായ്പ ലഭിക്കുക.
മുതലും പലിശയും കാലാവധിയുടെ അവസാനത്തിൽ തിരിച്ചടച്ചാൽ മതിയാകും എന്ന കാരണത്താൽ പലരും ബുള്ളറ്റ് റിപേയ്മെന്റ് ലോണുകളാണ് എടുക്കുന്നത്. എന്നാൽ ഈ രീതി സൗകര്യപ്രദമായി തോന്നുമെങ്കിലും, പിന്നീട് വലിയ സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാകും.
തിരിച്ചടവ് പദ്ധതി തയ്യാറാക്കുക
തിരിച്ചടവിലെ വീഴ്ച ഒഴിവാക്കാൻ, വായ്പ എടുക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ഒരു മികച്ച തിരിച്ചടവ് പദ്ധതി ഉണ്ടായിരിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഇവ സഹായകരമാണ്. നിങ്ങളുടെ വരുമാനത്തിന് അനുയോജ്യമായ തിരിച്ചടവ് ഘടനയാണ് തിരഞ്ഞെടുക്കേണ്ടത്. അത്തരത്തിലുള്ള ഇഎംഎ സംവിധാനം തിരഞ്ഞെടുക്കാം. കൂടാതെ തിരിച്ചടവുകൾക്കായി ഒരു പ്രത്യേക ഫണ്ടോ എമർജൻസി ബഫറോ ഒരുക്കുക.
സ്വർണ്ണ വിലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുക
സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ കൊളാറ്ററൽ മൂല്യത്തെ നേരിട്ട് ബാധിക്കുന്നു. സ്വർണ്ണ വിലയിലെ പെട്ടെന്നുള്ള ഇടിവ് നിങ്ങളുടെ വായ്പ-മൂല്യം (LTV) പരിധി ലംഘിക്കാനുള്ള സാധ്യത കൂട്ടും. ഇതോടെ വായ്പാദാതാക്കൾ അധിക മാർജിനുകൾ ആവശ്യപ്പെടുകയോ നിങ്ങളുടെ സ്വർണ്ണം ലേലത്തിന് വയ്ക്കുകയോ ചെയ്യാം.
അതിനാൽ വിപണിയെ കുറിച്ചും വായ്പാ നിബന്ധനകളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ഭാഗിക തിരിച്ചടവുകൾ നടത്തുന്നതും പരിഗണിക്കുക.
ബദൽ സംവിധാനങ്ങൾ
തിരിച്ചടവുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുകയാണെങ്കിൽ, ബദൽ മാർഗങ്ങൾ പരിഗണിക്കേണ്ടതാണ്. ഓവർഡ്രാഫ്റ്റ് സൗകര്യം, ഇഎംഐ പുനക്രമീകരണം പോലുള്ളവ പരിഗണിക്കുക. സാമ്പത്തിക വെല്ലുവിളികളോ സാമ്പത്തിക മാന്ദ്യങ്ങളോ ഉണ്ടാകുമ്പോൾ എളുപ്പത്തിൽ തിരിച്ചടവ് നടത്താൻ ചില ധനകാര്യ സ്ഥാപനങ്ങൾ ഗ്രേസ് പിരീഡുകൾ നൽകുകയോ ഇഎംഐ പ്ലാനുകൾ പരിഷ്കരിക്കുകയോ ചെയ്യുന്നുണ്ട്.
സാമ്പത്തിക അച്ചടക്കം പാലിക്കുക
മുൻകൂട്ടി സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതാണ് ഏറ്റവും നല്ല മാർഗം. ഉയർന്ന പലിശ നിരക്കുള്ള ഒന്നിലധികം വായ്പകൾ ഒരേസമയം എടുക്കുന്നത് ഒഴിവാക്കുക, വരുമാനത്തിനനുസരിച്ച് ചെലവുകളെ നിയന്ത്രിക്കുക, ക്രെഡിറ്റ് സ്കോർ നിരന്തരം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.