Garlic Rate: കുതിച്ചുകയറി വെളുത്തുള്ളി; കിലോയ്ക്ക് വില 440 രൂപ കടന്നു
Garlic Price Hike in Kerala: വിത്തിനു വേണ്ടി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിയുടെ വില 400 മുതൽ 600 രൂപ വരെ എത്തിയതും കർഷകർക്ക് വെല്ലുവിളിയായി.
കോട്ടയം: കുതിച്ചുയർന്ന് വീണ്ടും വെളുത്തുള്ളി വില. രണ്ടു മാസം മുമ്പ് 380 രൂപ വരെ വില എത്തിയിരുന്നു. ഇപ്പോൾ അതും കടന്ന് 440 രൂപയിൽ എത്തി നിൽക്കുകയാണ്. കേരളത്തിലെ മൊത്ത വില നിലവിൽ 380 മുതൽ 400 രൂപ വരെയാണ്. ആറു മാസം മുൻപ് വെളുത്തുള്ളി വില 250 രൂപയിലും താഴെയായിരുന്നു.
വില ഉയരാനുള്ള പ്രധാന കാരണം രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വെളുത്തുള്ളിയുടെ ഉത്പാദനം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതാണെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് ഉണ്ടായ മഴയും, അതിനുശേഷം ഉണ്ടായ കഠിന ചൂടുമാണ് ഉത്പാദനത്തിൽ കുറവുണ്ടാകാനുള്ള കാരണം. ഇവിടേക്ക് വെളുത്തുള്ളി എത്തുന്നത് കൂടുതലായും രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്. അതിൽ വെളുത്തുള്ളി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ്. ഇവിടെ ഒരു കിലോ വെളുത്തുള്ളിയുടെ വില 360 രൂപയ്ക്കും മുകളിലാണ്.
ഇതിനു പുറമെ വിത്തിനു വേണ്ടി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിയുടെ വില 400 മുതൽ 600 രൂപ വരെ എത്തിയതും കർഷകർക്ക് വെല്ലുവിളിയായി. വിത്തിനായി കൂടുതലും ഉപയോഗിക്കുന്നത് ഊട്ടി, കൊടൈക്കനാൽ എന്നീ മേഖലകളിൽ നിന്നുമുള്ള വലുപ്പം കൂടിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ്. ഇത് കർഷകർ നേരിട്ട് പോയി വാങ്ങുന്നതാണ് പതിവ്. എന്നാൽ ഇതിൽ ഭൂരിഭാഗവും മേട്ടുപ്പാളയത്തിൽ നിന്നും നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് കൊണ്ട് ഇതിനും വില്പനയില്ല. ചെറിയൊരു ശതമാനം കർഷകർ മാത്രമാണ് ഇവ വിൽക്കുന്നത്.
അതേസമയം, പുതിയ കൃഷി ആരംഭിച്ചിട്ടുണ്ടെങ്കിലും നാലര മാസത്തിന് ശേഷം മാത്രമേ അതിന്റെ വിളവെടുപ്പ് നടക്കുകയുള്ളൂ. അതിനാൽ, അടുത്ത വർഷം ഏപ്രിൽ മാസം വരെ വില കുറയാൻ സാധ്യത കുറവാണെന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്.