Ford : ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; പ്ലാൻ്റ് വീണ്ടും തുറക്കാനുള്ള ആവശ്യം തമിഴ്നാട് സർക്കാരിനെ അറിയിച്ചു
Ford Returns To India : 2021ലാണ് ഇന്ത്യൻ വിപണി ഫോർഡ് വിട്ടത്. തുടർന്ന് കഴിഞ്ഞ വർഷം യു.എസ് മോട്ടോർ കമ്പനി തമിഴ്നാട്ടിലെ ചെന്നൈയിലെ പ്ലാൻ്റ് വിൽക്കാനുള്ള തീരുമാനം ഫോർഡ് പിൻവലിച്ചത്.
ചെന്നൈ : ഇന്ത്യൻ വാഹനനിർമാണ മാർക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി അമേരിക്കൻ മോട്ടോർവാഹന നിർമാതാക്കൾ ഫോർഡ് (Ford). ഇതിനായി ഫോർഡ് തങ്ങളുടെ ചെന്നൈയിലെ പ്ലാൻ്റ് വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള ആവശ്യം തമിഴ്നാടിന് സർക്കാരിനെ അറിയിച്ചു. യു.എസ് വാഹനനിർമാതാക്കളുടെ ഫോർഡ് പ്ലസ് ഗ്രോത്തിൻ്റെ പദ്ധതി പ്രകാരമാണ് ചെന്നൈയിലെ പ്ലാൻ്റ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ നിർമാണം നടത്തിയ വിദേശത്തേക്ക് കയറ്റി അയക്കുകയാണ് യു.എസ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
തമിഴ്നാട് സർക്കാരിൻ്റെ മേക്ക് ഇൻ ചെന്നൈ പദ്ധതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തൻ്റെ അമേരിക്കൻ സന്ദർശനത്തിൽ ഫോർഡ് കമ്പനിയുമായി ചർച്ച നടത്തിയിരുന്നു. ആഗോള വിപണി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരാൻ തയ്യാറെടുക്കുന്നത്. ഇതിനായി തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്ന ഉത്പാദന വൈദ്ഗധ്യം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുമെന്ന് ഫോർഡ് ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കെയ് ഹാർട്ട് പറഞ്ഞു. കൂടാതെ തമിഴ്നാട് സർക്കാർ നൽകുന്ന പിന്തുണയ്ക്ക് ഫോർഡ് നന്ദി അറിയിക്കുകയും ചെയ്തു.
ALSO READ : Maruti Swift CNG: മൈലേജ് കേട്ടാൽ ആരും ഫ്ലാറ്റാകും, പെർഫോമൻസ് അതുക്കും മേലെ, സ്വിഫ്റ്റ് സിഎൻജി വേറെ ലെവൽ
ഫോർഡിൻ്റെ ഗ്ലോബൽ ബിസിനെസ് ഓപ്പറേഷനുകൾക്കായി തമിഴ്നാട്ടിൽ ഇപ്പോൾ 12,000 പേർക്ക് ജോലി നൽകുന്നുണ്ട്. പ്ലാൻ്റിൻ്റെ പ്രവർത്തനം വീണ്ടും ആരംഭിക്കുമ്പോൾ 2500 മുതൽ 3000 പേർക്കും കൂടി അടുത്ത മൂന്ന് വർഷം കൊണ്ട് ജോലി നൽകാനാകുമെന്ന് യു.എസ് വാഹനനിർമാതാക്കൾ അറിയിച്ചു. ചെന്നൈ പ്ലാൻ്റിലെ നിർമാണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ഫോർഡ് തൻ്റെ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
2021ലാണ് ഫോർഡ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും പടിയിറങ്ങുന്നത്. പിന്നീട് ഇവി വാഹനനിർമാണത്തിനുള്ള ഇന്ത്യയുടെ പിഎൽഐ പദ്ധതിയിൽ പങ്കെടുക്കാൻ ഫോർഡ് അപേക്ഷിച്ചെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്നും പിന്‍മാറി. എന്നാൽ ആഗോള മാർക്കറ്റ് ലക്ഷ്യവെച്ച് ഇന്ത്യയിലെ ഇവി നിർമാണത്തിൽ നിന്നും ഫോർഡ് പിന്മാറുകയായിരുന്നു. അതേസമയം ഇന്ത്യ വിട്ടെങ്കിലും ഇന്ത്യൻ മാർക്കറ്റിലേക്ക് തിരികെ വരുമെന്നുള്ള സൂചനകൾ ഇതിന് മുമ്പ് ഫോർഡ് നൽകിയിരുന്നു.
കഴിഞ്ഞ വർഷമാണ് ചെന്നൈയിലെ പ്ലാൻ്റ് വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും ഫോർഡ് പെട്ടെന്ന് പിന്മാറിയത്. ചെന്നൈയിലെ JSW ഗ്രൂപ്പിന് വിൽക്കാനായിരുന്നു ഫോർഡ് അവസാനം തീരുമാനമെടുത്തത്. പിന്നീട് ആ തീരുമാനത്തിൽ നിന്നും പിന്മാറി. ഇത് ഫോർഡ് ഇന്ത്യയിലേക്ക് തിരികെ വരുന്നുയെന്നുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകി. നേരത്തെ ഗുജറാത്തിൽ പ്ലാൻ്റ് ടാറ്റയ്ക്ക് അമേരിക്കൻ കാർ നിർമാതാക്കൾ വിറ്റിരുന്നു.