EPFO Update: പിഎഫിൽ പുത്തൻ സേവനങ്ങൾ നടപ്പാകാൻ പോകുന്നു, ജീവനക്കാർക്ക് പ്രയോജനം
EPFO Update: ഇപിഎഫ് വരിക്കാർക്ക് നേരത്തെ കെവൈസി അറ്റസ്റ്റേഷന് തൊഴിലുടമകളുടെ അനുമതി ആവശ്യമായിരുന്നു. പുതിയ സംവിധാനം വരുന്നതോടെ വലിയ മാറ്റങ്ങളുണ്ടാവും
ജീവനക്കാർക്കായി സേവന സംവിധാനങ്ങൾ ലഘൂകരിക്കാൻ പോവുകയാണ് എംപ്ലോയിസ് പ്രൊവിഡൻ്റ് ഫണ്ട്. 8 കോടി സജീവ വരിക്കാർക്കാണ് വരും ദിവസങ്ങളിൽ പുതിയ മാറ്റങ്ങൾ വഴി പ്രയോജനം ലഭിക്കുന്നത്. 2025 ജൂൺ മുതൽ ഇപിഎഫ്ഒ വഴി സെൽഫ് അറ്റസ്റ്റേഷൻ (സ്വയം സാക്ഷ്യപ്പെടുത്താൻ) സൗകര്യം ആരംഭിക്കാൻ പോകുന്നു. ഇതുവഴി ഇനി മുതൽ കൈവൈസി പൂർത്തിയാക്കാൻ തൊഴിലുടമയുടെ അനുവാദം ആവശ്യമില്ല.
കെവൈസി അറ്റസ്റ്റേഷൻ
ഇപിഎഫ് വരിക്കാർക്ക് നേരത്തെ കെവൈസി അറ്റസ്റ്റേഷന് തൊഴിലുടമകളുടെ അനുമതി ആവശ്യമായിരുന്നു. പിഎഫ് യുഎഎന്നുമായി ലിങ്ക് ചെയ്യുമ്പോൾ, അവരുടെ കെവൈസി വിശദാംശങ്ങൾ പരിശോധിക്കാൻ വരിക്കാരെ സഹായിക്കുന്ന ഒറ്റത്തവണ പ്രക്രിയയാണിത്. പുതിയ സംവിധാനം വരുന്നതോടെ തൊഴിലുടമയുടെ അംഗീകാരം ലഭിക്കുന്നതിന് സമയനഷ്ടം ഒഴിവാക്കാനാകും. ഓഫീസ് ടൈം കഴിഞ്ഞുള്ള അപേക്ഷകൾ മുൻപ് പരിഗണിച്ചിരുന്നില്ല. പുതിയ സൗകര്യം നിലവിൽ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകും. പല തരത്തിലും ക്ലെയിമുകൾ നിഷേധിക്കുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ടായിരുന്നു. ഇതിനെല്ലാം ഇതുവഴി മാറ്റം വരും.
ഈ സൗകര്യം EPFO 3.0-ൽ
ഇപിഎഫ്ഒ 3.0-യിലാവും പുതിയ മാറ്റങ്ങൾ ഉണ്ടാവുക എന്നാണ് സൂചന. എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവ് സ്‌കീമുകൾ നടപ്പിലാക്കിയതിന് ശേഷം പ്രവർത്തനങ്ങൾ ലഘൂകരിക്കുക എന്നത് കൂടിയാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്. ഇഎൽഐ സ്കീം നടപ്പാക്കിയ ശേഷം ഇപിഎഫ്ഒ അംഗങ്ങളുടെ എണ്ണം 10 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുന്നതോടെ അംഗങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ഇപിഎഫ്ഒയ്ക്ക് കഴിയും.
പ്രൊവിഡൻ്റ് ഫണ്ട് ക്ലെയിം കൂടാതെ പിൻവലിക്കാം
ജീവനക്കാർക്ക് തങ്ങളുടെ പിഎഫ് നിക്ഷേപം ബുദ്ധിമുട്ടില്ലാതെ തന്നെ അപേക്ഷയില്ലാതെ ക്ലെയിം ചെയ്യാൻ സാധിക്കുന്ന സംവിധാനം ഇപിഎഫ്ഒ നടപ്പിലാക്കാൻ പോവുകയാണ്. 2025-26 പുതിയ സാമ്പത്തിക വർഷം മുതൽ ഇത് പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ. വരിക്കാർക്ക് തങ്ങളുടെ നിക്ഷേപത്തിൻ്റെ ഒരു ഭാഗം ഇത്തരത്തിൽ പിൻവലിക്കാനാകും. ഇതെല്ലാം EPFO 3.0-ൽ വരാനിരിക്കുന്ന മാറ്റങ്ങളാണ്. ഇതിനുള്ള പ്ലാറ്റ്ഫോം ഇപിഎഫ്ഒ ഒരുക്കുകയാണ്.
കാലാവധി നീട്ടി
ഇതുവരെ നിങ്ങളുടെ പിഎഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തില്ലേ? എങ്കിൽ പേടിക്കേണ്ട പിഎഫ് ആധാർ ലിങ്കിങ്ങിനുള്ള കാലാവധി ജനുവരി 15 വരെയാക്കി ഇപിഎഫ്ഒ ദീർഘിപ്പിച്ചിട്ടുണ്ട്. ലിങ്കിങ്ങ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇപിഎഫ്ഒയുടെ എംപ്ലോയ്മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവ് ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.