EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
EPFO Fund Transfer : അംഗങ്ങളുടെ പ്രൊഫൈല്‍, കെവൈസി പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപിഎഫ്ഒയില്‍ വരുന്ന 27 ശതമാനം പരാതികളും. 17 ശതമാനം പരാതികളും ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടുള്ളതാണ്. പുതിയ സംവിധാനത്തിലൂടെ ഈ പരാതികളെല്ലാം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഒപ്പം തൊഴിലുടമയ്ക്കും ആശ്വാസകരമാണ്
ന്യൂഡല്‍ഹി: ഏഴരക്കോടിയിലേറെ വരുന്ന അംഗങ്ങള്‍ക്ക് സൗകര്യപ്രദമായ പുതിയ സൗകര്യം അവതരിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ആധാറുമായി ബന്ധിപ്പിച്ച ഇ-കെവൈസി ഇപിഎഫ് അക്കൗണ്ടുകളുള്ളവര്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ ഇനി ഇപിഎഫ് ട്രാൻസ്ഫർ ക്ലെയിമുകൾ ഫയൽ ചെയ്യാൻ കഴിയും. ആധാർ ഒടിപി ഉപയോഗിച്ച് ഓൺലൈനായി ഇത് ചെയ്യാന്‍ സാധിക്കും. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്ഒയുടെ അനുമതിയോ ഇല്ലാതെ പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനും ഇനി സാധിക്കും.
കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അംഗങ്ങളുടെ പ്രൊഫൈല്‍, കെവൈസി പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപിഎഫ്ഒയില്‍ വരുന്ന 27 ശതമാനം പരാതികളും. പുതിയ സംവിധാനത്തോടെ ഈ പരാതികള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വയം തിരുത്താന്‍ വളരെ എളുപ്പം
2017 ഒക്ടോബർ 1ന് ശേഷം യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ (യുഎഎന്‍) ലഭിച്ചിട്ടുള്ള അംഗങ്ങള്‍ക്ക് അവരുടെ പേര്, ജനനത്തീയതി, വൈവാഹിക നില തുടങ്ങിയ വ്യക്തിഗത വിവരങ്ങളിലെ പിഴവുകള്‍ തൊഴിലുടമയുടെ പരിശോധനയോ, ഇപിഎഫ്ഒയുടെ അംഗീകാരമോ ഇല്ലാതെ തന്നെ സ്വയം തിരുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. 2017 ഒക്ടോബർ 1ന് മുമ്പുള്ള യുഎഎന്‍ നമ്പറുകളില്‍ ഇപിഎഫ്ഒയുടെ അംഗീകാരമില്ലാതെ തൊഴിലുടമകള്‍ക്ക് വിശദാംശങ്ങള്‍ തിരുത്താന്‍ സാധിക്കും.
നേരത്തെ പിഴവുകള്‍ തിരുത്തുന്നതിന് ജീവനക്കാര്‍ ഓണ്‍ലൈനായി അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കണമായിരുന്നു. ഇത് തൊഴിലുടമകള്‍ പരിശോധിച്ച ശേഷം ഇപിഎഫ്ഒയുടെ അംഗീകാരത്തിനായി കൈമാറും. എന്നാല്‍ എട്ട് ലക്ഷം അപേക്ഷകളില്‍ 40 ശതമാനം മാത്രമേ അഞ്ച് ദിവസത്തിനുള്ളില്‍ ഇപിഎഫ്ഒയിലേക്ക് അയച്ചിട്ടുള്ളൂവെന്നാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് ശരാശരി പ്രോസസിങ് സമയം 28 ദിവസത്തോളം വേണ്ടിവന്നു.
എന്നാല്‍ ഇനി പുതിയ സംവിധാനത്തിലൂടെ 45 ശതമാനം കേസുകളില്‍ ആധാര്‍ ഒടിപി വഴി ഉടനടി തിരുത്താന്‍ സാധിക്കും. 50 ശതമാനം കേസുകളില്‍ തൊഴിലുടമയ്ക്ക് നേരിട്ടും തിരുത്താനാകും. ഇത് ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ്. ഒപ്പം കെട്ടിക്കിടക്കുന്ന ഏതാണ്ട് 3.9 ലക്ഷം കേസുകള്‍ പരിഹരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
Read Also : 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
ട്രാന്‍സ്ഫര്‍ ക്ലെയിമുകളും ഇനി ഈസി
കൃത്യമായ ഇ-കെവൈസി ഇപിഎഫ് അക്കൗണ്ടുകളുള്ളവര്‍ക്കാണ് ആധാര്‍ ഒടിപി ഉപയോഗിച്ച് നേരിട്ട് ട്രാന്‍സ്ഫര്‍ ക്ലെയിമുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നത്. ട്രാൻസ്ഫർ ക്ലെയിമുകൾ തീർപ്പാക്കാത്ത അംഗങ്ങൾക്ക് അപേക്ഷ ഡിലീറ്റ് ചെയ്തതിന് ശേഷം വീണ്ടും ഇപിഎഫ്ഒയിലേക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ സാധിക്കും. ഫണ്ട് ട്രാന്‍സ്ഫര്‍ പ്രക്രിയ സുഗമമാക്കുന്നതിനൊപ്പം, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇപിഎഫ്ഒയിലെത്തുന്ന 17 ശതമാനം പരാതികളും ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടുള്ളതാണ്. പിഎഫുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളുടെ ജോലിഭാരം കുറയുമെന്നതിനാല്‍ തൊഴിലുടമകള്‍ക്കും പുതിയ സംവിധാനം പ്രയോജനപ്രദമാണ്. നിലവില്‍ ട്രാന്‍സ്ഫര്‍ ക്ലെയിമുകളുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെ പരിശോധനയ്ക്ക് ശരാശരി 12-13 ദിവസം വരെ എടുക്കാറുണ്ട്.