EPFO Interest: പിഎഫുള്ളവർക്ക് സന്തോഷ വാർത്ത; കൈ നിറയെ പലിശ, ഇപിഎഫ്ഒ പ്രഖ്യാപനം
EPFO Interest 2025: സർക്കാർ അംഗീകാരം ലഭിച്ചാൽ തുക ഇന്ത്യയിലെ ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും.

പ്രൊവിഡൻ്റ് ഫണ്ട് അംഗങ്ങൾക്ക് സന്തോഷ വാർത്ത 2024-25 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപിഎഫ്ഒ പ്രഖ്യാപിച്ചു. 8.25 ശതമാനമായിരിക്കും പലിശ. വെള്ളിയാഴ്ച നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് തീരുമാനം. സർക്കാർ അംഗീകാരം ലഭിച്ചാൽ തുക ഇന്ത്യയിലെ ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും.
2022-23 ൽ- 8.15 ശതമാനമായിരുന്നു ഇപിഎഫ്ഒ പലിശ. നേരിയ വർധനയോടെ തുടർച്ചയായ രണ്ടാം വർഷമാണ് പലിശ നിരക്ക് 8.25 ശതമാനമായി നിലനിർത്തുന്നത്.
മറ്റ് വർഷങ്ങളിലെ ഇപിഎഫ്ഒ പലിശ
2021-22: 8.1% (നാല് പതിറ്റാണ്ടിനിടയിൽ ഏറ്റവും താഴ്ന്നത്)
2020-21: 8.5%
2019-20: 8.5%
2018-19: 8.65%
2017-18: 8.55%
2016-17: 8.55%
1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് 2021-22 ലെ നിരക്ക്. 2015-16 ൽ ഇപിഎഫ് പലിശ നിരക്ക് 8.8 ശതമാനമായിരുന്നു, പക്ഷേ സമീപ വർഷങ്ങളിൽ ക്രമേണ ഇടിവ് രേഖപ്പെടുത്തി. ദശലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ഇപിഎഫ്ഒ പലിശ പ്രധാനപ്പെട്ടതാണ്, റിട്ടയർമെൻ്റിന് ശേഷം ഭാവി സുരക്ഷിതമാക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന്. 8.25% സ്ഥിരമാണെങ്കിലും, പണപ്പെരുപ്പം ത്വരിതപ്പെടുത്തുകയും സമ്പദ്വ്യവസ്ഥ വളരുകയും ചെയ്യുമ്പോൾ പലിശ നിരക്കിലും ആനുപാതികമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി വിദഗ്ധർ കരുതുന്നു.
15 വർഷം ജോലി ചെയ്ത ആളുടെ പിഎഫ്
2000 രൂപയാണ് നിങ്ങളുടെ ശമ്പളത്തിൽ നിന്നും പിടിക്കുന്ന പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപമെന്ന് കണക്കാക്കുക. നിങ്ങളുടെ ജോലി ഇനി 15 വർഷം കൂടി ഉണ്ടെന്നും കണക്കാക്കുക. ഇത്തരത്തിൽ പ്രതിമാസം 2000 നിക്ഷേപം, 8.25 ശതമാനം പലിശ എന്നിവ പരിഗണിക്കുമ്പോൾ 7,19,289 രൂപ റിട്ടയർമെൻറ് കാലത്ത് ലഭിക്കും. ഇനി സർവ്വീസ് 30 വർഷം കൂടിയുണ്ടെങ്കിൽ റിട്ടയർമെൻ്റ് തുക 30 ലക്ഷത്തിലും മുകളിൽ ലഭിക്കുമെന്ന കാര്യവും അറിഞ്ഞിരിക്കണം, ശമ്പള വർധന, വാർഷിക പലിശയിലുള്ള മാറ്റം എന്നിവയെല്ലാം ആകെ തുകയെ സ്വാധീനിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇതൊരു കൃത്യം കണക്ക് എന്ന് പറയാനാവില്ല,. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ ഇതായിരിക്കും തുക.