Economic Survey : എന്താണ് സാമ്പത്തിക സർവേ? ബജറ്റവതരണത്തിന് മുൻപ് ഇത് അവതരിപ്പിക്കുന്നതെന്തിന്?

Economic Survey Presentation Today : മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ ഇന്ന് സാമ്പത്തിക സർവേ അവതരിപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ലോക്സഭയിലും രണ്ട് മണിക്ക് രാജ്യസഭയിലുമാണ് സർവേ അവതരിപ്പിക്കുക.

Economic Survey : എന്താണ് സാമ്പത്തിക സർവേ? ബജറ്റവതരണത്തിന് മുൻപ് ഇത് അവതരിപ്പിക്കുന്നതെന്തിന്?

Economic Survey Presentation Today (Image Courtesy - PTI)

Published: 

22 Jul 2024 12:02 PM

മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണ് നാളെ അവതരിപ്പിക്കപ്പെടുക. അതിനുമുന്നോടിയായി ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Budget 2024) സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെൻ്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കും. പോയ വർഷത്തെ സാമ്പത്തിക സർവേ ഉച്ചക്ക് ഒരു മണിക്ക് ലോക്സഭയിലും രണ്ട് മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും. തുടർന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ വാർത്താസമ്മേളനം നടത്തും. ബജറ്റവതരണത്തിന് മുൻപ് എന്തിനാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്?

പോയ സാമ്പത്തിക വർഷത്തെ രാജ്യത്തിൻ്റെ റിപ്പോർട്ട് കാർഡാണ് എക്കണോമിക് സർവേ. ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സർവേ തയ്യാറാക്കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ കീഴിലാണ് എക്കണോമിക്സ് ഡിവിഷൻ. നിലവിൽ ഇത് അനന്ത നാഗേശ്വരനാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) വന്ന വളർച്ച, നാണ്യപ്പെരുപ്പം തുടങ്ങി വിവിധ വിഷയങ്ങൾ സർവേയിൽ സൂചിപ്പിക്കും. സർക്കാരിൻ്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളും വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവുമൊക്കെ സർവേയിലുണ്ടാവും.

Also Read : Budget 2024 Live Stream: ബജറ്റവതരണം തത്സമയം എവിടെ, എങ്ങനെ കാണാം? വിശദാംശങ്ങൾ

രണ്ട് ഭാഗങ്ങളാണ് സാമ്പത്തിക സർവേക്ക് ഉള്ളത്. പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും സമ്പദ്‌വ്യവസ്ഥയുടെ അവലോകനവുമാവും ആദ്യ ഭാഗത്തുണ്ടാവുക. രണ്ടാം ഭാഗത്തിൽ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങി പ്രത്യേക വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള വിവരങ്ങളുണ്ടാവും. 1950-51 കാലയളവിലാണ് രാജ്യത്ത് ആദ്യ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സർവേ, 1965 മുതൽ ബജറ്റിൽ നിന്ന് വേർപെടുത്തുകയായിരുന്നു.

പോയ വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് പരിഗണിച്ചാവും പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങൾ. ഇങ്ങനെ തന്നെയാണോ പ്രഖ്യാപനങ്ങൾ എന്ന് പൊതുജനങ്ങൾക്കും പ്രതിപക്ഷത്തിനും വിലയിരുത്താനും സാമ്പത്തിക സർവേ കൊണ്ട് സാധിക്കും. നേരത്തെ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ ശരിക്കും രാജ്യത്തിന് ഗുണകരമായോ എന്ന വിലയിരുത്തലാണ് സാമ്പത്തിക സർവേ കൊണ്ട് പ്രധാനമായി സാധ്യമാവുക. സാമ്പത്തിക സർവേ പരിഗണിച്ച് ബജറ്റിലെ ഏതൊക്കെ മേഖലകൾക്ക് ഊന്നൽ നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും.

നാളെ ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. 11 മണിക്ക് ബജറ്റവതരണം ആരംഭിക്കും. ദൂരദർശൻ, സൻസദ് ടിവി, സർക്കാർ യൂട്യൂബ് ചാനലുകളിൽ എന്നിവിടങ്ങളിലൊക്കെ തത്സമയം ബജറ്റവതരണം കാണാം. www.indiabudget.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ബജറ്റിൻ്റെ ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ആദായ നികുതി സ്ലാബുകളിലെ മാറ്റം, ജിഎസ്ടി നിരക്ക് പുനപരിശോധന, കർഷകർക്കുള്ള ധനസഹായം തുടങ്ങി ജനം ഉറ്റുനോക്കുന്ന നിരവധി കാര്യങ്ങളിൽ നാളെ വ്യക്തതയുണ്ടായേക്കും. മൂന്ന് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവി ആവശ്യം മറികടക്കാൻ ബജറ്റിലെന്തെങ്കിലും ഉണ്ടാവുമോ എന്നതും ശ്രദ്ധേയമാണ്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം