Dr. Ravi Pillai : ബഹ്‌റൈന് നല്‍കിയ സംഭാവനകള്‍; ദേശീയ ദിനത്തില്‍ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; അപൂര്‍വനേട്ടം
Bahrain King Awards the Medal to Dr. Ravi Pillai : രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയാണ് രവി പിള്ള. റിഫൈനറി മേഖലയിലും, പ്രാദേശിക കമ്മ്യൂണിറ്റി വികസനത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും, ആഗോളരംഗത്ത് ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി
മനാമ: ആര്‍.പി ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്‌റൈന്‍ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ബഹുമതി സമ്മാനിച്ചത്. ബഹ്‌റൈൻ രാജ്യത്തിൻ്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നല്‍കിയത്. ബഹ്‌റൈന്‍ ദേശീയ ദിനത്തിലാണ് രവി പിള്ളയെ ബഹുമതി തേടിയെത്തിയതെന്നതാണ് ശ്രദ്ധേയം.
രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയാണ് രവി പിള്ള. റിഫൈനറി മേഖലയിലും, പ്രാദേശിക കമ്മ്യൂണിറ്റി വികസനത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും, ആഗോളരംഗത്ത് ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി.
രാജ്യത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും ബഹ്‌റൈൻ്റെ വിവിധ മേഖലകളിലെ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിട്ടുണ്ട്. ഡോ. രവി പിള്ളയുടെ അസാധാരണമായ സേവനത്തിനും രാജ്യത്തിനുള്ള സംഭാവനകൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് രാജാവ് പറഞ്ഞു. നന്ദിസൂചകമായി അദ്ദേഹത്തിന് ഈ വിശിഷ്ടമായ അവാർഡ് സമ്മാനിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും രാജാവ് വ്യക്തമാക്കി.
ബഹ്‌റൈന്‍ നല്‍കിയ ബഹുമതിക്ക് രവി പിള്ള നന്ദി അറിയിച്ചു. ബഹ്‌റൈൻ രാജാവിൽ നിന്ന് ഈ അംഗീകാരം ലഭിച്ചതിൽ താന്‍ അങ്ങേയറ്റം വിനയാന്വിതനാണെന്ന് രവി പിള്ള പറഞ്ഞു. ടീമിൻ്റെ കൂട്ടായ പ്രയത്‌നത്തിൻ്റെയും ബഹ്‌റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിൻ്റെ അചഞ്ചലമായ വിശ്വാസത്തിൻ്റെയും പ്രതിഫലനമാണ് ഈ പുരസ്‌കാരമെന്നും, ഈ അംഗീകാരം ബഹ്‌റൈനും ജനങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങളുടെ എല്ലാ നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച കഠിനാധ്വാനവും അർപ്പണബോധവും പ്രതിബദ്ധതയുമുള്ള എൻ്റെ പ്രിയപ്പെട്ട ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഈ അവാർഡ് സമർപ്പിക്കുന്നു. എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഈ പ്രദേശത്തിൻ്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും സഹായകമായ സംഭാവനകൾ നല്‍കിയ ഗൾഫ് മേഖലയിലെ പ്രവാസികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു”-രവി പിള്ള പറഞ്ഞു.
Read Also : കുടുംബശാക്തീകരണത്തിനായി പുതിയ മന്ത്രാലയം രൂപീകരിച്ച് യുഎഇ; നേതൃത്വം നൽകുക സന സുഹൈൽ
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും ബഹ്‌റൈൻ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബാപ്‌കോ എനർജീസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ബഹ്‌റൈനിൻ്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഇവരുടെ നേതൃത്വവും സമർപ്പണവും പ്രചോദനമാണെന്നും അവരുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രവി പിള്ള പ്രതികരിച്ചു.
ബഹ്‌റൈന് അസാധാരണമായ സേവനം പ്രകടമാക്കുന്നവര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്). രാജ്യത്തിൻ്റെ പുരോഗതിയിലും വിജയത്തിലും സുപ്രധാന പങ്ക് വഹിക്കുന്നവരെ ആദരിക്കുന്നത് ബഹ്‌റൈന്റെ പ്രതിബദ്ധത കൂടുതല്‍ വ്യക്തമാക്കുന്നു.