5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Digital Currency : പരസ്യ’പ്രാങ്കി’ലൂടെ മലയാളി ചര്‍ച്ച ചെയ്ത വാക്ക്; ഡിജിറ്റല്‍ കറന്‍സി എന്നാല്‍ എന്ത്‌? പ്രയോജനങ്ങള്‍, വെല്ലുവിളികള്‍

Digital Currency All you need to know : കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത വിലയിരുത്തുന്നത്. ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധവുമില്ല. പേരു പോലെ തന്നെ അച്ചടിച്ച നോട്ടുകളുടെ ഡിജിറ്റല്‍ രൂപമാണ് ഇത്‌

Digital Currency : പരസ്യ’പ്രാങ്കി’ലൂടെ മലയാളി ചര്‍ച്ച ചെയ്ത വാക്ക്; ഡിജിറ്റല്‍ കറന്‍സി എന്നാല്‍ എന്ത്‌? പ്രയോജനങ്ങള്‍, വെല്ലുവിളികള്‍
Digital CurrencyImage Credit source: freepik
jayadevan-am
Jayadevan AM | Published: 25 Jan 2025 16:31 PM

ഴിഞ്ഞ ദിവസം പതിവുപോലെ വീട്ടുമുറ്റത്ത് എത്തിയ പത്രം വായിച്ച മലയാളികള്‍ ഒന്ന്‌ ഞെട്ടി. അമ്പരപ്പിക്കുന്ന ഒന്നിലേറെ ഒന്നാം പേജ് വാര്‍ത്തകള്‍ക്കിടയില്‍ ‘നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന തലക്കെട്ടാണ് ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത്. ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതാകുമെന്നും, രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്നുമായിരുന്നു വാര്‍ത്ത. ദൃശ്യമാധ്യമങ്ങളിലൊന്നും കാണാതിരുന്ന, ഇത്രയേറെ പ്രാധാന്യമുള്ള കാര്യം പത്രത്തില്‍ അപ്രതീക്ഷിതമായി കണ്ടതാണ് പലരെയും ഞെട്ടിച്ചത്. 2016ലെ നോട്ട് നിരോധനമടക്കം പലരുടെയും മനസില്‍ വന്നു. എന്നാല്‍ മുന്നോട്ട് വായിക്കുമ്പോഴാണ് വാര്‍ത്തയില്‍ പലര്‍ക്കും വശപിശക് തോന്നിയത്. ആര്‍ബിഐ ഗവര്‍ണര്‍, ധനമന്ത്രി തുടങ്ങിയവരുടെ പേരുകളെല്ലാം തെറ്റിച്ചായിരുന്നു നല്‍കിയത്. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ന്റെ പ്രചരണാര്‍ത്ഥ്യം മുഖ്യധാര പത്രങ്ങളില്‍ വന്ന ‘ജാക്കറ്റ്’ പരസ്യമായിരുന്നു അത്.

ഇക്കാര്യം മുന്നറിയിപ്പ് രൂപത്തില്‍ ചെറുതായി പത്രങ്ങള്‍ നല്‍കിയിരുന്നെങ്കിലും, വാര്‍ത്താ രൂപത്തില്‍ വന്നതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കിയത്. ഇത്തരം പരസ്യങ്ങള്‍ ശരിയോ തെറ്റോ എന്നത് സംബന്ധിച്ച് ഒരു വശത്ത് ചര്‍ച്ചകളും മുറുകുകയാണ്. എന്തൊക്കെയായാലും, ഡിജിറ്റല്‍ കറന്‍സി എന്ന വാക്ക് സമൂഹത്തില്‍ ചര്‍ച്ചയായി. എന്താണ് ഡിജിറ്റല്‍ കറന്‍സി? എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍? നമുക്ക് പരിശോധിക്കാം.

വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ആഗോളതലത്തില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത ആര്‍ബിഐ വിലയിരുത്തുന്നത്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. പേരു പോലെ തന്നെ അച്ചടിച്ച നോട്ടുകളുടെ ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ കറന്‍സി. നോട്ടുകളുടെ ഇലക്ട്രോണിക് രൂപമായ ഇത്തരം കറന്‍സികള്‍ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ലെങ്കിലും, അവയ്ക്ക് രൂപയുടേതിന് സമാനമായ നിയമസാധുതയുണ്ടാകും.

ആര്‍ബിഎ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് 2022ലെ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. പൈലറ്റ് പ്രോജക്ടെന്ന നിലയില്‍ 2022 ഡിസംബര്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് ‘സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി)’ അവതരിപ്പിച്ചത്. രണ്ട് തരത്തിലുള്ള ഡിജിറ്റല്‍ കറന്‍സിയാണ് വിഭാവനം ചെയ്തിരുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ കറന്‍സി ഹോള്‍സെയില്‍, എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ കറന്‍സി റീട്ടെയ്ല്‍ എന്നിവയാണത്.

എന്നാല്‍ അച്ചടിച്ച നോട്ടുകള്‍ ഒഴിവാക്കി പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറാന്‍ ഒരു നീക്കവും രാജ്യത്ത് നിലവില്‍ ഇല്ല. നിലവിലുള്ള സംവിധാനങ്ങള്‍ക്ക് ഒരു മാറ്റവും ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ പൈലറ്റ് പദ്ധതിയെന്നതിന് അപ്പുറം കാര്യമായ പ്രചാരം ഡിജിറ്റല്‍ കറന്‍സിക്ക് വന്നിട്ടില്ല. രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴി നടത്തുന്ന പൈലറ്റ് പ്രോഗ്രാമില്‍ ഭാഗമായ പരിമിതമായ ഉപയോക്താക്കള്‍ മാത്രമാണ് നിലവില്‍ ഇത് ലഭ്യമാകുന്നത്. എന്നാല്‍ ഭാവിയില്‍ ഇതിന് പ്രചാരമേറിയേക്കും.

പ്രയോജനങ്ങള്‍, വെല്ലുവിളികള്‍

കറന്‍സി അച്ചടിക്കുന്നതിന്റെ ചെലവ് കുറയ്ക്കല്‍, അന്താരാഷ്ട്ര വ്യാപാരത്തിലടക്കം പണം കൈമാറ്റരീതികളില്‍ പുതുമ കൊണ്ടുവരല്‍ തുടങ്ങിയവ ഡിജിറ്റല്‍ കറന്‍സിയുടെ ഗുണങ്ങളാണ്. കീറുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ഇല്ലെന്നതും, സൂക്ഷിക്കാനുള്ള എളുപ്പവുമാണ് മറ്റൊരു പ്രത്യേകത. കടലാസ് കറന്‍സി ആര്, ആര്‍ക്കൊക്കെ കൈമാറിയെന്ന് എളുപ്പത്തില്‍ കണ്ടെത്താനാകില്ല. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയില്‍ ഇതുസംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനാകും. അതുകൊണ്ട് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ ആളുകള്‍ വൈമുഖ്യം കാണിക്കാനുള്ള സാധ്യതയാണ് ഒരു വെല്ലുവിളി.

Read Also : ബജറ്റിൽ ട്രാവൽ ആൻഡ് ടൂറിസത്തിന് എന്ത് ലഭിക്കും?; പ്രതീക്ഷകൾ ഇങ്ങനെ

യുഎസില്‍ കടുംവെട്ട്‌

അതേസമയം, യുഎസില്‍ ഡിജിറ്റല്‍ കറന്‍സി നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത, സ്വകാര്യത, രാജ്യത്തിന്റെ പരമാധികാരം എന്നിവയ്ക്ക് ഭീഷണിയാകുന്ന ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഡിജിറ്റല്‍ കറന്‍സിക്ക് പകരം ക്രിപ്‌റ്റോകറന്‍സി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. ആദ്യ ടേമില്‍ ക്രിപ്‌റ്റോ വിമര്‍ശകനായിരുന്ന ട്രംപ് പിന്നീടാണ് നിലപാട് മാറ്റിയത്. ഒരു ക്രിപ്‌റ്റോകറന്‍സി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും ട്രംപ് ഉത്തരവിട്ടു.