Christmas New Year Bumper 2025: അതെന്താ മച്ചമ്പീ, ബമ്പര്‍ സ്ഥലം മാറി അടിക്കുന്നേ? ഇത്തവണ നിങ്ങളുടെ സ്ഥലത്ത് തന്നെ
Christmas New Year Bumper Lucky Districts: ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അടിച്ച സ്ഥലത്ത് തന്നെ പിന്നെയും ഒന്നാം സമ്മാനം അടിക്കുന്നില്ല എന്നതാണ് കാര്യം. ഓരോ തവണയും ലോട്ടറി അടിച്ചത് വ്യത്യസ്ത സ്ഥലങ്ങളില്‍. അതുകൊണ്ട് തന്നെ ഇത്തവണ നിങ്ങള്‍ക്കാകാം ചിലപ്പോള്‍ ബിരിയാണി.
ഭാഗ്യപരീക്ഷണം നടത്താതിരിക്കാന്‍ മലയാളികള്‍ക്ക് സാധിക്കുമോ? ഏയ് ഒരിക്കലുമില്ല. അത് എത്ര വര്‍ഷം കഴിഞ്ഞാലും നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ലോട്ടറി എടുക്കുന്നവരെ പരിഹസിക്കുന്നവര്‍ പോലും ബമ്പറിന്റെ കാലമായാല്‍ ആരും അറിയാതെ ഒരു ടിക്കറ്റ് എടുത്ത് നോക്കാറുണ്ട്, ഇല്ലേ? ഉണ്ടന്നേ. എത്ര വലിയ ലോട്ടറി വിരോധികളാണെങ്കിലും കേരള സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബമ്പര്‍ ലോട്ടറികളില്‍ അവര്‍ക്കുമുണ്ട് ഒരു കണ്ണ്.
ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ എന്ന മട്ടിലാണ് പലരും ലോട്ടറി എടുക്കുന്നത്. എന്നാല്‍ സംഖ്യകള്‍ തമ്മില്‍ കൂട്ടലും കുറയ്ക്കലും നടത്തി ലോട്ടറി എടുക്കുന്നവരും നമുക്കിടയിലുണ്ട്. എന്താണെങ്കിലും ഓണം ബമ്പറും പൂജ ബമ്പറും കുറച്ചധികം കോടീശ്വരന്മാരെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി ഭാഗ്യം പരീക്ഷിക്കാനുള്ളത് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയിലാണ്. അതിന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടതില്ല.
ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അടിച്ച സ്ഥലത്ത് തന്നെ പിന്നെയും ഒന്നാം സമ്മാനം അടിക്കുന്നില്ല എന്നതാണ് കാര്യം. ഓരോ തവണയും ലോട്ടറി അടിച്ചത് വ്യത്യസ്ത സ്ഥലങ്ങളില്‍. അതുകൊണ്ട് തന്നെ ഇത്തവണ നിങ്ങള്‍ക്കാകാം ചിലപ്പോള്‍ ബിരിയാണി.
ബിരിയാണി കിട്ടുമോ ഇല്ലയോ എന്നറിയുന്നതിന് മുമ്പ് മുന്‍ വര്‍ഷങ്ങളില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിലെ കോടികള്‍ സ്വന്തമാക്കിയ ആ സ്ഥലങ്ങളെ പരിചയപ്പെടാം.
- 12 കോടി സമ്മാനത്തുകയുമായി വിപണിയിലെത്തിയ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ 2020ല്‍ സ്വന്തമാക്കിയത് വയനാട് വിറ്റ ടിക്കറ്റായിരുന്നു. ST 269609 എന്ന ടിക്കറ്റായിരുന്നു അന്ന് ഒന്നാം സമ്മാനം സ്വന്തമാക്കിയത്.
- എന്നാല്‍ 2021ലേക്ക് വന്നപ്പോള്‍ 12 കോടി ചുരമിറങ്ങി അങ്ങ് പദ്മനാഭന്റെ മണ്ണിലെത്തി. ആ വര്‍ഷം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. XG 358753 എന്ന ടിക്കറ്റാണ് ആ ഭാഗ്യത്തിന്റെ ഉടമ.
- 2022ല്‍ 12 കോടി നേരെ പറന്നത് കേരളത്തിന്റെ അക്ഷരനഗരിയിലേക്ക്. എന്നാല്‍ ഭാഗ്യം XG വിട്ടില്ല കേട്ടോ. XG 218582 എന്ന ടിക്കറ്റാണ് 2022ലെ ബിരിയാണിയായ 12 കോടി സ്വന്തമാക്കിയത്.
- പിന്നെയും പോയില്ലേ ഭാഗ്യം മുകളിലേക്ക്. ഇത്തവണ ചുരം കയറിയില്ല, ചുരം കയറും മുമ്പ് ഒന്ന് സഡന്‍ ബ്രേക്കിട്ട് നിന്നു. താമരശേരിയില്‍ വിറ്റ ടിക്കറ്റാണ് 2023ലെ ഭാഗ്യത്തിന് ഉടമ. XD 236433 എന്നതായിരുന്നു ആ ഭാഗ്യ ടിക്കറ്റിന്റെ നമ്പര്‍. വെറും ഭാഗ്യമല്ല കോടികളുടെ ഭാഗ്യം. അതിന് മുമ്പത്തെ വര്‍ഷങ്ങളില്‍ 12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കിയിരുന്ന സ്ഥാനത്ത് 2023ല്‍ അത് നേരെ 16 കോടിയായി വളര്‍ന്നു.
- 2024ലെ ഭാഗ്യവാനോ ദേ പാലക്കാട് നിന്ന്. പാലക്കാട് വിറ്റ ടിക്കറ്റായിരുന്നു 2024ല്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. എന്നാല്‍ സമ്മാനത്തുക 16 കോടിയല്ല, 20, 20 കോടിയായിരുന്നു. നാല് കോടി രൂപയാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചത്. XC 224091 എന്ന ടിക്കറ്റായിരുന്ന കന്നി 20 കോടി നേടിയത്.
- 2025 അതുറപ്പല്ലേ, നിങ്ങള്‍ക്ക് തന്നെ. ഏത് ജില്ലയാണെന്ന കാര്യം വൈകാതെ തന്നെ അറിയാമല്ലോ.
സമ്മാനങ്ങള്‍ അറിയേണ്ടേ?
ഒന്നാം സമ്മാനം തന്നെയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ഹൈലൈറ്റ്. 20 കോടി രൂപയാണ് ഭാഗ്യവാന് ലഭിക്കുക. ഇത്തവണ സമ്മാനത്തുകയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് വിവരം. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 20 കോടി രൂപ ലഭിക്കുമ്പോള്‍ അതേ നമ്പറുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് 1 ലക്ഷം രൂപ സമാശ്വാസ സമ്മാനവും ലഭിക്കും.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. ഇവരെ കൂടാതെ വേറെ കുറച്ചാളുകള്‍ക്ക് കൂടി കോടി സമ്മാനം ലഭിക്കുന്നുണ്ട്. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റുകള്‍ വില്‍ക്കുന്ന ഏജന്റുമാരാണത്. രണ്ട് കോടി രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. അങ്ങനെ ആകെ 23 കോടിപതികളാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വഴി ഉണ്ടാകുക.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ സീരീസുകളിലും മൂന്ന് പേര്‍ക്ക്. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ 20 പേര്‍ക്ക്. ഇതുകൂടാതെ വെറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്.