Christmas New Year Bumper 2025: വില്‍പന തുടങ്ങും മുമ്പേ അച്ചടി നിര്‍ത്തി ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍; കാരണം ഇതാണ്
Christmas New Year Bumper 2025 Printing Stopped: നിലവിലെ സമ്മാനഘടനയില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ തീരുമാനമായ ശേഷമാകും ടിക്കറ്റ് അച്ചടി പുനരാരംഭിക്കുന്നത്.
തിരുവനന്തപുരം: ക്രിസ്തുമസ്-ന്യൂ ഇയര്‍ ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെച്ചു. സമ്മാനത്തുകയിലുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്. ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയതില്‍ ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണിത്.
പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് ശേഷമായിരുന്നു സാധാരണഗതിയില്‍ ക്രിസ്തുമസ് ബമ്പര്‍ വില്‍പന ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ക്രിസ്തുമസ് ബമ്പറിന്റെ അച്ചടി പോലും പൂര്‍ത്തിയായിട്ടില്ല. 5,000, 2,000, 1,000 എന്നീ സമ്മാനങ്ങള്‍ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയതാണ് ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധത്തിന് കാരണമായത്.
നിലവിലെ സമ്മാനഘടനയില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ തീരുമാനമായ ശേഷമാകും ടിക്കറ്റ് അച്ചടി പുനരാരംഭിക്കുന്നത്.
അതേസമയം, നേരത്തെ 16 കോടിയായിരുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനത്തുക 2023 മുതല്‍ 20 കോടി രൂപയാണ്. ഈ വര്‍ഷം ഈ തുകയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒന്നാം സമ്മാനം നേടിയ അതേ നമ്പറുള്ള മറ്റ് ഒമ്പത് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതവും നല്‍കുന്നതാണ്.
രണ്ടാം സമ്മാനവും 20 കോടി രൂപ തന്നെയാണ് എന്നതാണ് ഈ ബമ്പറിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അത് ഒരാള്‍ക്കല്ല, 20 പേര്‍ക്ക് 1 കോടി രൂപ വെച്ചാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. കൂടാതെ ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിറ്റ ഏജന്റുമാര്‍ക്ക് രണ്ട് കോടി രൂപ കമ്മീഷനായും നല്‍കുന്നുണ്ട്. അങ്ങനെ ആകെ 23 കോടിപതികളാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിലൂടെ ഉണ്ടാകുന്നത്.
മൂന്നാം സമ്മാനം നേടുന്നവര്‍ക്ക് ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ആകെ മൂന്നുകോടി രൂപയാണ് മൂന്നാം സമ്മാനം. ഓരോ സീരിസുകളിലും മൂന്ന് സമ്മാനങ്ങളുണ്ടായിരിക്കുക. നാലാം സമ്മാനവും ഏറെ ആകര്‍ഷണീയം തന്നെയാണ്, 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്നതാണ് നാലാം സമ്മാനം. അങ്ങനെ ആകെ അറുപത് ലക്ഷം രൂപയാണ് നാലാം സമ്മാനം. ഓരോ സീരിസുകളിലും രണ്ട് സമ്മാനമാണ് ഉണ്ടായിരിക്കുക.
അഞ്ചാം സമ്മാനമായി ഒരാള്‍ക്ക് ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. 20 പേര്‍ക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക. അങ്ങനെ ആകെ 40 ലക്ഷം രൂപ. ഓരോ സീരിസുകളിലും രണ്ട് സമ്മാനമാണുള്ളത്. കൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. എന്നാല്‍ സമ്മാനഘടനയില്‍ മാറ്റം വരുമോ ഇല്ലയോ എന്ന കാര്യം വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം 3,88,840 സമ്മാനങ്ങളാണ് ഉണ്ടായിരുന്നത്. 3,02,460 സമ്മാനങ്ങളാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറില്‍ ഉള്‍പ്പെടുത്തിയത്. അങ്ങനെ ആകെ 6,91,300 സമ്മാനങ്ങള്‍ ആളുകള്‍ക്ക് ലഭിച്ചു.