Christmas New Year Bumper 2025: സര്‍ക്കാരിന് തന്നെ ‘അടിച്ചു’; അച്ചടിച്ച 12 ലക്ഷം ടിക്കറ്റുകള്‍ ഉപേക്ഷിച്ചു; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനത്തുക കുറയില്ല
Kerala Lottery Directorate Abandon 12 Lakhs Christmas New Year Bumper Tickets: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നായ ബമ്പര്‍ ടിക്കറ്റിന്റെ വിതരണം തന്നെ അവതാളത്തിലാക്കി കൊണ്ടാണ് വീണ്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.
സമ്മാനത്തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ അച്ചടി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ബമ്പറിന്റെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. സമ്മാനത്തുക വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ഇവിടെയും നഷ്ടം സംഭവിച്ചിരിക്കുന്നത് സര്‍ക്കാരിന് തന്നെയാണ്. വെട്ടിക്കുറച്ച സമ്മാനഘടനയുമായാണ് സര്‍ക്കാര്‍ ടിക്കറ്റിന്റെ അച്ചടി ആരംഭിച്ചിരുന്നത്. അതിനാല്‍ തന്നെ പഴയ സമ്മാനഘടനയിലേക്ക് തിരികെ പോകുമ്പോള്‍ ഇതുവരെ അച്ചടിച്ച എല്ലാ ടിക്കറ്റുകളും ഉപേക്ഷിക്കണം. അങ്ങനെ 12 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടതായി വന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നായ ബമ്പര്‍ ടിക്കറ്റിന്റെ വിതരണം തന്നെ അവതാളത്തിലാക്കി കൊണ്ടാണ് വീണ്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.
ഇനി എത്രയും വേഗത്തില്‍ ടിക്കറ്റിന്റെ അച്ചടി പൂര്‍ത്തിയാക്കി വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് ലോട്ടറി ഡയറക്ടറേറ്റ്. പൂജ ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ വിപണിയിലെത്തേണ്ടിയിരുന്ന ടിക്കറ്റാണിത്. ഈ മാസം അഞ്ചിനായിരുന്നു പൂജ ബമ്പറിന്റെ നറുക്കെടുപ്പ് നടന്നത്.
5,000, 2,000, 1,000 എന്നിങ്ങനെയുള്ള സമ്മാനത്തുകകള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണ് സര്‍ക്കാരിനെ തന്നെ കുടുക്കിയത്. സമ്മാനത്തുക വെട്ടിക്കുറച്ചതിന് പുറമേ ലോട്ടറി ഏജന്റുമാരുടെ കമ്മീഷന്‍ 93.16 ലക്ഷം രൂപയായും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് ശേഷം 30 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു.
വെട്ടിച്ചുരുക്കിയ സമ്മാനത്തുകയെ തുടര്‍ന്ന് ഏജന്റുമാര്‍ പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെ സമ്മാനത്തുക കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷത്തെ അതേ സമ്മാനഘടനയില്‍ ടിക്കറ്റുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയുമായിരുന്നു.
എന്നാല്‍ വിജ്ഞാപനമിറക്കാന്‍ ഒരുപാട് വൈകിയതിനാല്‍ അപ്പോഴേക്കും 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇതോടെ ഇവ വിപണിയിലെത്തിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റിന്റെ പിന്‍ഭാഗത്ത് സമ്മാനത്തുകയുടെ വിവരങ്ങള്‍ അടങ്ങിയതിനാലാണ് ഇവ ഉപേക്ഷിക്കേണ്ടതായി വരുന്നത്.
രണ്ട് തരത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടം നേരിടുന്നത്. 12 ലക്ഷത്തോളം അച്ചടിച്ച ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നതിന് പുറമേ 10 ദിവസത്തിലധികം വൈകി ടിക്കറ്റ് വിപണിയിലെത്തിക്കുന്നതിന്റെ വരുമാന നഷ്ടം വേറെയും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ ടിക്കറ്റ് വാങ്ങിക്കുന്ന പതിവിലും ഇത്തവണ മാറ്റം വന്നു.
എന്നാല്‍ വൈകി ടിക്കറ്റ് ഇറക്കാന്‍ വൈകുന്നത് മൂലം വരുമാന നഷ്ടമുണ്ടാകില്ല. ടിക്കറ്റ് ഉടന്‍ തന്നെ പുറത്തിറക്കും. വിപണിയിലെത്തിയ ശേഷമുള്ള വില്‍പനയിലൂടെ പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് ലോട്ടറി ഡയറക്ടര്‍ എസ് എബ്രഹാം റെന്‍ പറയുന്നത്.
400 രൂപയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി രൂപ തന്നെയാണ്, അതായത് ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കുന്നതാണ് രണ്ടാം സമ്മാനം. ഇത് കൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്. ആകെ 10 സീരീസുകളാണുള്ളത്.