Chandrababu Naidu Wealth: ജയിച്ചത് നായിഡു എങ്കില്‍ ലാഭം കൊയ്യുന്നത് ഭാര്യയും മകനും
Chandrababu Naidu Family Wealth: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓഹരി വില 424 രൂപയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി 661.25 രൂപയിലാണ് ക്ലോസ് ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ ടിഡിപി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അത്യുഗ്രന്‍ വിജയത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി വില പറപറക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരിയാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനകം 55 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്.
കമ്പനിയുടെ പ്രമോട്ടര്‍മാരായ നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരിയുടെയും മകന്‍ നര ലോകേഷിന്റെയും ആസ്തിയാണ് കുതിച്ചുയരുന്നത്. ഭുവനേശ്വരിയുടെ ആസ്തിയില്‍ 579 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മകന് 237 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഓഹരി വില 424 രൂപയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരി 661.25 രൂപയിലാണ് ക്ലോസ് ചെയ്തത്. കമ്പനിയുടെ ഏറ്റവും അധികം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത് നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയാണ്. ഇത് 2.2 കോടി ഓഹരികളാണ്. മകന്‍ ലോകേഷ് ഒരു കോടിയിലേറെ ഓഹരിയാണ് കൈവശം വെച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിഡിപി മത്സരിച്ച 17 സീറ്റില്‍ 16ലും വിജയിച്ചതാണ് ഓഹരിയിലെ വന്‍ മുന്നേറ്റത്തിന് കാരണമായത്.
1992ലാണ് ഹെറിറ്റേദ് ഫുഡ്‌സ് സ്ഥാപിച്ചത്. ഡയറി, പുനരുപയോഗ ഊര്‍ജം എന്നിവയാണ് ഈ കമ്പനിയുടെ ബിസിനസ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ, എന്‍സിആര്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്.
അതേസമയം, കിങ് മേക്കറായി മാറിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു. കേവല ഭൂരിപക്ഷത്തിന് 32 സീറ്റിന്റെ കുറവാണ് ബിജെപിക്കുള്ളത്. 16 സീറ്റുള്ള ടിഡിപിയും 12 സീറ്റുള്ള ജെഡിയും തന്നെയാണ് ബിജെപിയുടെ ശക്തി. ഇരുവരും മുന്നണിക്കൊപ്പം ഉറച്ചുനിന്നത് തന്നെയാണ് എന്‍ഡിഎയെ അധികാരത്തിലേക്കെത്തിക്കുന്നത്.
ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ് നായിഡു. 13 വര്‍ഷത്തിലേറെയാണ് അദ്ദേഹം ആന്ധ്രയുടെ കരുത്തനായ ക്യാപ്റ്റനായത്. ഇതിപ്പോള്‍ നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യയാകുന്നത്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിക്കും നായിഡുവിന്റേത്.