5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024 : കാർഷികോത്പാദനം, നൈപുണ്യ വികസനം; ബജറ്റിലെ 9 മുൻഗണനകൾ പ്രഖ്യാപിച്ച് ധനമന്ത്രി

Budget 2024 Special Packages : കാർഷികോത്പാദനം ഉൾപ്പെടെ ബജറ്റിലെ 9 മുൻഗണനകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയിലും നൈപുണ്യവികസനത്തിലും വിവിധ പദ്ധതികൾക്കായി ബജറ്റിൽ തുക നീക്കിവച്ചു.

Budget 2024 : കാർഷികോത്പാദനം, നൈപുണ്യ വികസനം; ബജറ്റിലെ 9 മുൻഗണനകൾ പ്രഖ്യാപിച്ച് ധനമന്ത്രി
Budget 2024 Special Packages (Image Courtesy - PTI)
abdul-basith
Abdul Basith | Published: 23 Jul 2024 11:45 AM

ബജറ്റിലെ 9 മുൻഗണനകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കാർഷികോത്പാദനം, നൈപുണ്യ വികസനം തുടങ്ങിയ 9 കാര്യങ്ങളാണ് ധനമന്ത്രി ബജറ്റ് (Budget 2024) പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. ധനമന്ത്രിയുടെ ബജറ്റവതരണം തുടരുകയാണ്. ജനക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. കേരളവും ബജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

കാർഷികോത്പാദനം, തൊഴിൽ- നൈപുണ്യ വികസനം, നവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവയാണ് ബജറ്റിലെ 9 മുൻഗണനകൾ. 1.52 ലക്ഷം കോടി രൂപയാണ് കാർഷിക-അനുബന്ധ മേഖലകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യവികസനം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു.

വനിതകൾക്കായുള്ള പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ രൂപീകരിക്കും. 20 ലക്ഷം യുവാക്കൾക്ക് 5 വർഷത്തിൽ നൈപുണ്യ പരിശീലനം നൽകും. തൊഴിൽ, നൈപുണ്യ വികസനം എന്നിവയിൽ അഞ്ച് പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ വകയിരുത്തി. പ്രതിവർഷം 25,000 വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം രൂപ വരെ മാതൃകാ നൈപുണ്യ വായ്പകൾ നൽകും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വായ്പ നൽകും.

സംസ്ഥാനങ്ങളുമായി യോജിച്ച് കാർഷിക മേഖലയിൽ ഡിജിറ്റൽ വിവരശേഖരണം നടത്തും. കർഷകർക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കാർഷിക ഗവേഷണം കൃത്യമായി പരിശോധിക്കും. കാർഷിക മേഖലയിലെ ഉത്പാദനം കൂട്ടാൻ പദ്ധതികൾ ആവിഷ്കരിക്കും. കാലാവസ്ഥാവ്യതിയാനം നേരിടാൻ കെൽപ്പുള്ള വിത്തിനങ്ങൾ വികസിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Also Read : Budget 2024: രാജ്യത്തെ തൊഴിൽ പ്രശ്‌നത്തിന് പരിഹാരമാകുന്നു; യുവാക്കൾക്ക് മുൻഗണന നൽകി പുതിയ ബജറ്റ്‌

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും എണ് പ്രതീക്ഷ. കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്കുള്ള 5000 കോടിയുടെ ധനസഹായം ഉൾപ്പെടെ ഇത്തവണ ബജറ്റിൽ കേരളത്തെ കാര്യമായി പരിഗണിച്ചേക്കും. കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം ഉയർത്തണമെന്ന ആവശ്യം ഏറെക്കാലമായി സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. നികുതിവിഹിതത്തിൽ കാര്യമായ മാറ്റം ഉണ്ടാവാനിടയില്ലെങ്കിലും കുറച്ചെങ്കിലും വ്യത്യാസമുണ്ടായേക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കണമെന്ന ആവശ്യത്തിലും റബ്ബറിൻ്റെ താങ്ങുവില 250 ആക്കി ഉയർത്തണമെന്ന ആവശ്യത്തിലും കേരളം പ്രതീക്ഷ വെക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിൻ്റെ വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി ഉൾപ്പെടെ വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.