Budget 2024: കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം?
Union Budget 2024: ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. അതു കൊണ്ട് തന്നെ ജൂലൈയിലെ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും എന്ന് വേണം പ്രതീക്ഷിക്കാൻ.
ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന പല തരത്തിലുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. അതു കൊണ്ട് തന്നെ ജൂലൈയിലെ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാവും എന്ന് വേണം പ്രതീക്ഷിക്കാൻ. മുതിർന്ന പൗരന്മാർക്കും ഈ ബജറ്റിൽ വലിയ പ്രതീക്ഷയുണ്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും മികച്ച പ്രഖ്യാപനങ്ങൾക്ക് കാരണങ്ങളിലൊന്നാവാം എന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
നികുതി ഇളവ്
മുതിർന്ന പൗരന്മാിരിലെ റിട്ടയർ ചെയ്ത ആളുകൾക്ക് തങ്ങളുടെ പ്രധാന വരുമാനം നിക്ഷേപങ്ങളും അതിൻ്റെ പലിശയുമാണ്. പെൻഷൻ കിട്ടാത്തവരാണെങ്കിലും അവർക്ക് സാമ്പത്തികമായി മറ്റ് മാർഗങ്ങളൊന്നും തന്നെയുണ്ടാവില്ല. ഇത്തരത്തിൽ ഷെയറുകളുടെയും മ്യൂച്വൽ ഫണ്ടുകളുടെയും വരുമാനത്തിൽ നിന്നുള്ള നികുതിയിൽ മുതിർന്ന പൗരന്മാർക്ക് കുറവുണ്ടാകും എന്നാണ് പ്രതീക്ഷ.
നിലവിൽ മ്യൂച്വൽ ഫണ്ടുകളുടെ ഓഹരികളിലും ഇക്വിറ്റി സ്കീമുകളിലും നിക്ഷേപിക്കുന്നവരുടെ നികുചി പരിധി ഒരു ലക്ഷമാണ്. ഒരാൾ വർഷത്തിൽ ഒരു ലക്ഷം രൂപ വരെ നേട്ടമുണ്ടാക്കിയാൽ അയാൾ നികുതി അടയ്‌ക്കേണ്ടതില്ല. ഈ പരിധി കുറഞ്ഞത് 2 ലക്ഷം രൂപയായി ഉയർത്തണം എന്നാണ് ആവശ്യം.
വാടകയിനത്തിൽ കിഴിവ്
സ്വന്തമായി വീടില്ലാത്ത നിരവധി വയോധികരാണ് രാജ്യത്തുള്ളത്. പ്രതിമാസം വൻ തുകയാണ് പലരും തങ്ങളുടെ വാടകയ്ക്കായി നൽകുന്നത്. ഇത്തരക്കാർക്ക് തങ്ങളുടെ വീട്ടുവാടകയിൽ നികുതിയിളവ് നൽകണം എന്നതാണ് ആവശ്യം.സർക്കാർ പെൻഷൻ വരുമാനമില്ലാത്ത വലിയൊരു വിഭാഗം വയോജനങ്ങൾക്ക് ഇത് ആശ്വാസമാകും. ഇത്തരത്തിൽ നിരവധി പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ കഴിയുന്നത്.
ആരോഗ്യ നയത്തിൽ നികുതി ഇളവ്
കോവിഡിന് ശേഷം സ്വകാര്യ ആശുപത്രികളിലെ ചികിത്സ വളരെ ചെലവേറിയതാണ്. ഹെൽത്ത് പോളിസി ഇല്ലാതെ സ്വകാര്യ ആശുപത്രിയിലെ ചികിൽസ ചിന്തിക്കാൻ പോലും പലർക്കും കഴിയില്ല. കുറേ വർഷങ്ങളായി ഹെൽത്ത് പോളിസി പ്രീമിയത്തിൻ്റെ കിഴിവിൻ്റെ പരിധി വർദ്ധിച്ചിട്ടില്ല. നിലവിൽ മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് പോളിസി പ്രീമിയത്തിൽ പരിധി 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയെങ്കിലും ആയി ഉയർത്തണമെന്നാണ് ആവശ്യം.