Budget 2024 : ബജറ്റവതരണം ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് വിലയിരുത്തൽ
Budget 2024 Presentation Today : മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റവതരണം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് വിലയിരുത്തൽ. കേരളവും ബജറ്റിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്നു.
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റവതരണം ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് (Budget 2024 Live Blog) അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് വിലയിരുത്തൽ. ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സർവേ പരിഗണിക്കുമ്പോഴും ഇതിനാണ് സാധ്യത. അതുകൊണ്ട് തന്നെ കേരളവും ബജറ്റിൽ (Budget 2024 Live Streaming) ഏറെ പ്രതീക്ഷയർപ്പിക്കുന്നു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും എന്ന റിപ്പോർട്ടുകളാണ് വരുന്നത്. കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്കുള്ള 5000 കോടിയുടെ ധനസഹായം ഉൾപ്പെടെ ഇത്തവണ ബജറ്റിൽ കേരളത്തെ കാര്യമായി പരിഗണിച്ചേക്കും. കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം ഉയർത്തണമെന്ന ആവശ്യം ഏറെക്കാലമായി സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. നികുതിവിഹിതത്തിൽ കാര്യമായ മാറ്റം ഉണ്ടാവാനിടയില്ലെങ്കിലും കുറച്ചെങ്കിലും വ്യത്യാസമുണ്ടായേക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കണമെന്ന ആവശ്യത്തിലും റബ്ബറിൻ്റെ താങ്ങുവില 250 ആക്കി ഉയർത്തണമെന്ന ആവശ്യത്തിലും കേരളം പ്രതീക്ഷ വെക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി ഉൾപ്പെടെ വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.
Also Read : Budget 2024 LIVE: പ്രതീക്ഷയോടെ രാജ്യം…; മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ജിഡിപിയുടെ 4.5 ശതമാനത്തിലേക്ക് രണ്ട് വർഷത്തിനകം ധനക്കമ്മി കുറയ്ക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ആവർത്തിക്കാൻ മന്ത്രി ഏറെ ബുദ്ധിമുട്ടും. ഘടക കക്ഷികളുടെ സഹായത്താൽ അധികാരത്തിലേറിയെന്നതിനാൽ അവരെ പിണക്കാനാവില്ല. എന്നാൽ, ധനക്കമ്മി ഉയർത്തി ഏറെക്കാലം മുന്നോട്ടുപോകാനും കഴിയില്ല.
ദൂരദർശൻ, സൻസദ് ടിവി, സർക്കാർ യൂട്യൂബ് ചാനലുകളിൽ എന്നിവിടങ്ങളിലൊക്കെ തത്സമയം ബജറ്റവതരണം കാണാം. www.indiabudget.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ബജറ്റിൻ്റെ ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ആദായ നികുതി സ്ലാബുകളിലെ മാറ്റം, ജിഎസ്ടി നിരക്ക് പുനപരിശോധന, കർഷകർക്കുള്ള ധനസഹായം തുടങ്ങി ജനം ഉറ്റുനോക്കുന്ന നിരവധി കാര്യങ്ങളിൽ നാളെ വ്യക്തതയുണ്ടായേക്കും. മൂന്ന് സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവി ആവശ്യം മറികടക്കാൻ ബജറ്റിലെന്തെങ്കിലും ഉണ്ടാവുമോ എന്നതും ശ്രദ്ധേയമാണ്.
ഇത് തുടർച്ചയായ ഏഴാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് നിർമല സീതാരാമൻ മറികടക്കും. മൊറാർജി ദേശായി തുടരെ ആറ് തവണ ബജറ്റ് അവതരിപ്പിച്ചിരുന്നു.