Budget 2024 : ഒഡീഷയെ ടൂറിസം കേന്ദ്രമാക്കും; ഇന്ത്യയെ ടൂറിസം ഹബ്ബാക്കും; കേരളത്തിന് ടൂറിസം പദ്ധതികളില്ല
Budget 2024 Odisha Tourism : ടൂറിസം മേഖലയിൽ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. ഒഡീഷയെ ടൂറിസം ഹബ്ബാക്കുമെന്ന് മന്ത്രി പറഞ്ഞു. ബീഹാറിലും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. എന്നാൽ, കേരളത്തിന് ടൂറിസം പദ്ധതികളില്ല.
ഇന്ത്യയെ ടൂറിസം ഹബ്ബാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് (Budget 2024) പ്രസംഗത്തിൽ. വിവിധ സംസ്ഥാനങ്ങളിൽ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന് ടൂറിസം പദ്ധതികൾ നൽകിയില്ല. ആന്ധ്ര, ബിഹാർ (Budget 2024 Bihar, Andhra Pradesh) സംസ്ഥാനങ്ങൾക്ക് വാരിക്കോരിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.
ഒഡീഷയെ ടൂറിസം കേന്ദ്രമാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ബീഹാറിലെ ഗയ വിഷ്ണുപഥ് ക്ഷേത്ര ഇടനാഴി, മഹാബോധി ക്ഷേത്ര ഇടനാഴി, ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി എന്നിവയാണ് ടൂറിസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ. ബീഹാറിലെ നളന്ദയെ ടൂറിസം കേന്ദ്രമാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിൽ പ്രഖ്യാപിച്ചു.
ബജറ്റിൽ ബീഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. ബീഹാറിൽ പുതിയ വിമാനത്താവളത്തിന് ബജറ്റിൽ പ്രഖ്യാപനമുണ്ടായി. പ്രഖ്യാപനത്തിൽ പ്രതിപക്ഷ ബഹളമുണ്ടായി. ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായം നൽകും. 15000 കോടി രൂപയാണ് ലഭ്യമാക്കുക. ആന്ധ്രയിലെ കർഷകർക് പ്രത്യേക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം നൽകും. വരും വർഷങ്ങളിൽ അധിക തുക നൽകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ഈ സംരംഭങ്ങൾക്ക് ധനസഹായം നൽകാനും പൂർത്തിയാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Also Read : Budget 2024: ബജറ്റിൽ നിതീഷ്-നായിഡു എഫെക്ട്!; ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന
ബീഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബീഹാറിൽ മെഡിക്കൽ കോളജ് യഥാർഥ്യമാക്കാനും സഹായം. കൂടാതെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കും ധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും പുതിയ ബജറ്റിൽ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. കൂടാതെ ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബീഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം.
ഇത്തവണത്തേത് ജനകീയ ബജറ്റ് ആയിരിക്കുമെന്നും അമൃത കാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2024ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റെന്നും മോദി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാർഷികോത്പാദനം, തൊഴിൽ- നൈപുണ്യ വികസനം, നവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവയാണ് ബജറ്റിലെ 9 മുൻഗണനകൾ. 1.52 ലക്ഷം കോടി രൂപയാണ് കാർഷിക-അനുബന്ധ മേഖലകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യവികസനം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു.
വനിതകൾക്കായുള്ള പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ രൂപീകരിക്കും. 20 ലക്ഷം യുവാക്കൾക്ക് 5 വർഷത്തിൽ നൈപുണ്യ പരിശീലനം നൽകും. തൊഴിൽ, നൈപുണ്യ വികസനം എന്നിവയിൽ അഞ്ച് പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ വകയിരുത്തി. പ്രതിവർഷം 25,000 വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം രൂപ വരെ മാതൃകാ നൈപുണ്യ വായ്പകൾ നൽകും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വായ്പ നൽകും.