BSNL, MTNL asset sales: ആസ്തി വിൽക്കാനൊരുങ്ങി ബിഎസ്എൻഎൽ; രാജ്യത്ത് 650 ഇടങ്ങൾ, കേരളത്തിൽ 27

ബിഎസ്എൻഎലിന്റെ 531 ആസ്തികളും എംടിഎൻഎലിന്റെ 119 ആസ്തികളുമാണ് വിൽപനയ്ക്കു വച്ചിരിക്കുന്നത്.

BSNL, MTNL asset sales: ആസ്തി വിൽക്കാനൊരുങ്ങി ബിഎസ്എൻഎൽ; രാജ്യത്ത് 650 ഇടങ്ങൾ, കേരളത്തിൽ 27
neethu-vijayan
Published: 

31 May 2024 11:01 AM

ന്യൂഡൽഹി: അറുനൂറിലേറെ വസ്തുക്കളും കെട്ടിടങ്ങളും വിൽക്കാനൊരുങ്ങി ബിഎസ്എൻഎല്ലും എംടിഎൻഎല്ലും. ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റെയും കീഴിൽ വിവിധ സംസ്ഥാനങ്ങളിലുള്ള ആസ്തിയാണ് വിൽക്കുക.

കേരളത്തിൽ ആലുവ ചൂണ്ടിയിലുള്ള ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, കൊട്ടാരക്കര മൈത്രി നഗർ റോഡിനു സമീപമുള്ള സ്ഥലം എന്നിവയാണ് സംസ്ഥാനത്ത് വിൽപനയ്ക്കു വച്ചതിൽ ഉൾപ്പെടുന്നവ.

2019 ഒക്ടോബറിൽ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ആസ്തി വിറ്റഴിക്കുന്നത്. അധികമുള്ള ആസ്തി വിറ്റു പണം സമാഹരിക്കുകയാണു ലക്ഷ്യം. കേരളത്തിൽ 27 ആസ്തികളാണു വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സും ഉൾപ്പെടും.

ആലുവയിലെ ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തിന് 16.47 കോടി രൂപയും കൊട്ടാരക്കരയിലെ ഭൂമിക്ക് 4.84 കോടി രൂപയുമാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

ബിഎസ്എൻഎലിന്റെ 531 ആസ്തികളും എംടിഎൻഎലിന്റെ 119 ആസ്തികളുമാണ് വിൽപനയ്ക്കു വച്ചിരിക്കുന്നത്. ഡൽഹിയിലെയും മുംബൈയിലെയും കണ്ണായ സ്ഥലങ്ങളിലാണ് എംടിഎൻഎൽ ആസ്തികളിൽ പലതും. ഡൽഹിയിൽ കൊണാട്ട് പ്ലേസിനു സമീപത്തുള്ള കെട്ടിടവും മുംബൈ സാന്റാക്രൂസിലെ കെട്ടിടവുമാണ് വിൽപനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആസ്തികൾ വിറ്റഴിക്കുന്നതിനായി assetmonetization.bsnl.co.in എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. വിൽപനയ്ക്കു പുറമേ കെട്ടിടങ്ങൾ വാടകയ്ക്കും കൊടുക്കാൻ പദ്ധതിയുണ്ട്. കെട്ടിടവും ഭൂമിയും തിരയുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടെലികോം വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

അതേസമയം ലാൻഡ് ഫോണുകളെ വീണ്ടും ജനപ്രിയമാക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. ഒപ്റ്റിക്കൽ ഫൈബറിലൂടെ ലാൻഡ്ഫോൺ കണക്ഷനും ഇന്റർനെറ്റും ലഭ്യമാക്കുന്ന എഫ്ടിടിഎച്ച് സംസ്ഥാനത്ത് വ്യാപകമാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

മൊബൈൽ വഴി വൈഫൈ ഡാറ്റ ഉൾപ്പടെയുള്ള സേവനങ്ങളും ലഭിക്കും. ഉപയോ​ഗിക്കുന്ന അതേ നമ്പറിൽ‌ തന്നെ ഫൈബർ കണക്ഷനും ലഭിക്കുന്നു. കോപ്പർ ലൈനുകളേക്കാൾ ഹൈ സ്പീഡ് കണക്ഷനും ഡാറ്റയുമാണ് പുതിയ രീതിയിൽ ഉള്ളത്.

കോപ്പർലൈൻ എക്സ്ചേഞ്ചിനെ അപേക്ഷിച്ച് ഒപ്റ്റിക്കൽ ഫൈബർ എക്ചേഞ്ചിന് വൈദ്യുതി ഉപയോ​ഗവും കുറവാണ്. ഇതുവരെ ആറ് ലക്ഷത്തോളം ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ സ്ഥാപിച്ചതായാണ് വിവരം.

വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം