5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Hotstar : അമ്പാനി മനസ്സിൽ കണ്ടത് ഡൽഹിക്കാരൻ ടെക്കി മാനത്ത് കണ്ടു! ‘JioHotstar’ ഡൊമെയ്ൻ ഇങ്ങ് തൂക്കി

Delhi Techie Jiohotstar Domain : ഒടിടി പ്ലാറ്റ്ഫോമുകളായ റിലയൻസിൻ്റെ ജിയോ സിനിമ ആപ്പും ഡിസ്നി സ്റ്റാർ നെറ്റ്വർക്കിൻ്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തമ്മിൽ ലയിപ്പിക്കാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് jiohotstar.com എന്ന ഡൊമെയ്ൻ ഡൽഹി സ്വദേശിയായ ഒരു ടെക്കി റാഞ്ചിയത്.

Jio Hotstar : അമ്പാനി മനസ്സിൽ കണ്ടത് ഡൽഹിക്കാരൻ ടെക്കി മാനത്ത് കണ്ടു! ‘JioHotstar’ ഡൊമെയ്ൻ ഇങ്ങ് തൂക്കി
പ്രതീകാത്മക ചിത്രം (Image Courtesy : Idrees Abbas/SOPA Images/LightRocket via Getty Images)
jenish-thomas
Jenish Thomas | Published: 24 Oct 2024 19:45 PM

ന്യൂ ഡൽഹി : കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഓവർ ദി പ്ലാറ്റ്ഫോം (OTT) പ്ലാറ്റ്ഫോം വമ്പന്മാരായ റിലയൻസിൻ്റെ ജിയോയും ഡിസ്നി-സ്റ്റാർ ഗ്രൂപ്പിൻ്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും തമ്മിൽ ലയിപ്പിക്കാൻ (Jio-Hotstar Merger) പോകുന്നു എന്ന വാർത്ത പുറത്ത് വന്നത്.  രാജ്യത്തെ വിനോദ മേഖലയിൽ സമ്പൂർണ ആധിപത്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ഇത്തരത്തിൽ ലയനത്തിന് തയ്യാറായിരിക്കുന്നത്. എന്നാൽ ഒടിടി വമ്പന്മാരുടെ ഈ തീരുമാനത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഒരു ടെക്കി. ലയനം വാർത്തകൾ പുറത്ത് വന്നതോടെ ജിയോയും ഹോട്ട്സ്റ്റാറും ചേർത്തുകൊണ്ടുള്ള jiohotstar.com എന്ന ഡൊമെയ്ൻ സ്വന്തമാക്കിയിരിക്കുകയാണ് ഡൽഹിക്കാരനായ ടെക്കി.

jiohotstar.com എന്ന ഡൊമെയ്നിൽ പ്രവേശിക്കുമ്പോൾ ജിയോഹോട്ട്സ്റ്റാർ എന്ന ബാനറും ബെസ്റ്റ് ഓഫ് എൻ്റർടെയ്മെൻ്റ് സ്ട്രീമിങ് സൂൺ കുറിപ്പുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ഒരു സന്ദേശവും ടെക്കി റിലയൻസിൻ്റെ അധികാരികൾക്കായി ചേർത്തുവെച്ചിട്ടുമുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനുള്ള തൻ്റെ ആഗ്രഹം സാഫലീകരിക്കുന്നതിന് വേണ്ടിയാണ് ഈ ഡൊമെയ്ൻ നേടിയെടുത്തെന്ന് യുവാവ് വെബ്സൈറ്റിൽ നൽകിട്ടുള്ള കുറിപ്പിൽ പറഞ്ഞു. നിലവിൽ ഈ വെബ്സൈറ്റ് ബ്ലോക്കായ നിലയിലാണ്.

ALSO READ : Noel Tata: രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇവിടെ ഭദ്രം; ആരാണ് നോയല്‍ ടാറ്റ?

വെബ്സൈറ്റിൽ കുറിച്ചിരിക്കുന്ന സന്ദേശം ഇങ്ങനെ

“ഞാൻ ഡൽഹി സ്വദേശിയായ ആപ്പ് ഡെവെലൊപ്പറാണ്, നിലവിൽ ഒരു സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുകയാണ്. ഐപിഎല്ലിൻ്റെ സംപ്രേഷണവകാശം നഷ്ടപ്പെട്ടതോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് തങ്ങളുടെ ഉപയോക്താളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ടായിയെന്നും തുടർന്ന്ല് ഡിസ്നി ഹോട്ട്സ്റ്റാറിനെ ഇന്ത്യയിലെ മറ്റ് എതിരാളികൾക്ക് വിൽക്കാനോ അല്ലെങ്കിൽ അവരും ലയിപ്പിക്കാനുള്ള തീരുമാനങ്ങൾ എടുത്തു തുടങ്ങിയെന്ന് 2023ൽ സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിച്ചിരുന്നു. സീയും- സോണിയും തമ്മിൽ ലയിക്കാൻ തീരുമാനിച്ചതോടെ പിന്നീട് വിയകോം 18 മാത്രമാണ് ഡിസ്നി പ്ലസിൻ്റെ മുന്നിലുള്ള ഏക ആശ്രയമെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇക്കാര്യം ജിയോ മ്യൂസിക് സ്ട്രീമിങ് സർവീസായ സാവനെ സ്വന്തമാക്കിയതും അത് ജിയോ-സാവനായ പേര് മാറ്റിയതും എന്നെ ഓർമ്മപ്പെടുത്തി. അതിന് ശേഷം saavn.com എന്ന ഡൊമെയ്ൻ jiosaavn.com എന്നായി. ഇനി അവർ ഹോട്ട്സ്റ്റാറിനെ സ്വന്തമാക്കിയാൽ ആപ്ലിക്കേഷൻ്റെ ഡൊമെയ്ൻ jiohotstar.com എന്നാക്കി മാറ്റുമെന്ന് ഞാൻ കരുതി.ഞാൻ ആ ഡൊമെയ്നായി തിരയുകയും അത് ലഭിക്കുകയും ചെയ്തു.”

താൻ ഈ ഡൊമെയ്ൻ സ്വന്തമാക്കിയത് കേംബ്രിഡ്ജ് യൂണിവേഴ്സിയിൽ പഠിക്കണമെന്ന തൻ്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടിയാണ്. സാമ്പത്തികമായ ബുദ്ധിമുട്ട് നേരിടുന്നതിനാൽ കേംബ്രിഡ്ജിൽ പഠിക്കാൻ സാധിച്ചില്ല. ഈ ലയനം നടന്നാൽ റിലയൻസ് ഈ ഡൊമെയ്ൻ വാങ്ങിക്കുന്നതിലൂടെ തൻ്റെ ആഗ്രഹം സഫലമാകുമെന്നും റിലയൻസിനെ പോലെയുള്ള ഒരു കമ്പനിക്ക് ഇത് ചെറിയ തുകയാണെന്നും ടെക്കി തൻ്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ മറ്റൊരു ഏജൻസി വഴി റിലയൻസ് തന്നെ ബന്ധപ്പെട്ടുയെന്നു യുവാവ് അറിയിച്ചു. ഡൊമെയ്നായി കോഴ്സ് ഫീസായ 93,345 യൂറോ (85 ലക്ഷത്തോളം രൂപ) നൽകാമെന്നും അറിയിച്ചു. എന്നാൽ താൻ ആ ഓഫർ നിരാകരിച്ചുയെന്നും റിലയൻസ് നിയമപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ ഒരുങ്ങുകയാണെന്നും യുവാവ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. റിലയൻസിനെതിരെ പോരാടാൻ താൻ അത്രകണ്ട പ്രബലൻ അലെന്നും ടെക്കി കൂട്ടിച്ചേർത്തു.

വിയകോം 18-ഡിസ്നി പ്ലസ് ലയനം

ലയനവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ നേരത്തെ പ്രാഥമിക കരാറിൽ ഒപ്പുവച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും അനുമതി നൽകിയിരുന്നു. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭമാണിത്.

സംയുക്ത കമ്പനിയിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയും അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനുമാണുള്ളത്. ലയനത്തോട് കൂടി ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ളാറ്റ് ഫോമുകളും റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിൻ്റെയും ഡിസ്നി ഹോട്ട് സ്റ്റാറിൻ്റെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

2024 ജൂൺ വരെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 35.5 ദശലക്ഷം വരിക്കാരാണുണ്ടായിരുന്നതെന്നാണ് കണക്കുകൾ പറയുന്നത്. സോണി ലൈവ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയ്ക്ക് വൻ വെല്ലുവിളി ഉയർത്തുന്നതാണ് റിലയൻസ്-ഡിസ്നി ഇന്ത്യ ലയനമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കളേഴ്സ്, സ്റ്റാർ പ്ലസ് എന്നിവയടക്കം 120 ഓളം ചാനലുകളും ജിയോ സിനിമ, ഡിസ്നി ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളും പുതിയ കമ്പനിക്ക് കീഴിലുണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി 75 കോടിയിലധികം ഉപയോക്താക്കളുമാണ് കമ്പനിക്ക് സ്വന്തമാകുക.

2024ന്റെ അവസാനപാദത്തിലോ 2025ന്റെ ആദ്യപാദത്തിലോ ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർണമാകുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാ​ര്യ നിത അംബാനിയായിരിക്കും ലയിച്ചുണ്ടാകുന്ന മാധ്യമക്കമ്പനിയുടെ ചെയർപേഴ്സൺ. വാൾട്ട് ഡിസ്നിയിൽ നിന്നുള്ള ഉദയ് ശങ്കർ വൈസ് ചെയർമാനാകുമെന്നും സൂചനയുണ്ട്.