Small Savings Schemes: 8 ശതമാനത്തിലധികം പലിശ ലഭിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ
Small Savings Schemes Benefits: ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ഇവയിൽ നിക്ഷേപിക്കുന്നതിലൂടെ 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും.
ഓഹരി വിപണിയിൽ റിസ്ക് എടുത്ത് നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് സർക്കാരിൻ്റെ തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതാണ്. ത്യസമയത്ത് ഉറപ്പുള്ള വരുമാനം നൽകുന്ന ഇവക്ക് താരതമ്യേനെ മികച്ച പലിശയാണ് ലഭിക്കുന്നത്. ഈ സ്കീമുകളിൽ നിക്ഷേപിക്കുന്നത് വഴി, അടിയന്തിര സാഹചര്യങ്ങൾക്ക് നിങ്ങൾക്ക് പണം സ്വരൂപിക്കാൻ സാധിക്കും എന്ന് മാത്രമല്ല, നിങ്ങളുടെ സമ്പാദ്യത്തിൻ്റെ ലക്ഷ്യം നിറവേറ്റാനും കഴിയും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ഇവയിൽ നിക്ഷേപിക്കുന്നതിലൂടെ 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. നിക്ഷേപകർക്ക് ആദായവും ലാഭവും നൽകുന്ന അത്തരം ചില ചെറുകിട സമ്പാദ്യ പദ്ധതികളെക്കുറിച്ച് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
4 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് നൽകുന്നത്, 500 രൂപ മുതൽ നിക്ഷേപിച്ച് നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാം
ടൈം ഡെപ്പോസിറ്റ്
100 രൂപയുടെയോ 1000 രൂപയുടെയോ ഗുണിതങ്ങളായി നിങ്ങൾക്ക് പണം നിക്ഷേപിക്കാം. നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപ പരിധിയില്ല. ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് വർഷത്തേക്ക് 7 ശതമാനവും മൂന്ന് വർഷത്തേക്ക് 7.1 ശതമാനവും അഞ്ച് വർഷത്തേക്ക് 7.5 ശതമാനവും പലിശ സ്കീമിൽ ലഭിക്കും.
നാഷണൽ സേവിങ്ങ്സ് റിക്കറിങ്ങ് ഡെപ്പോസിറ്റ്
100 രൂപയിൽ ആരംഭിക്കാവുന്ന സ്കീമാണ് നാഷണൽ സേവിങ്ങ്സ് റിക്കറിങ്ങ് ഡെപ്പോസിറ്റ്. ജനുവരി ഒന്നു മുതൽ 6.7 ശതമാനം പലിശ ഇതിന് ലഭിക്കും.
നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്
1000 രൂപയുടെ ഗുണിതങ്ങളായി നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഒരു അക്കൗണ്ടിലെ പരമാവധി നിക്ഷേപ തുക 9 ലക്ഷം ആണ്, ജോയിൻ്റ് അക്കൗണ്ടിൽ പരമാവധി പരിധി 15 ലക്ഷം രൂപയാണ്.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
പ്രതിവർഷം 7.1 ശതമാനം പലിശ നിക്ഷേപകർക്ക് ലഭിക്കുന്ന ഒന്നാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്. കുറഞ്ഞത് 500 രൂപയിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാം, ഒരു സാമ്പത്തിക വർഷത്തിലെ പരമാവധി നിക്ഷേപ തുക 1.5 ലക്ഷം രൂപയാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
ആളുകളുടെ വാർദ്ധക്യ കാലം കണക്കിലെടുത്ത് ദീർഘകാല നിക്ഷേപത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്കീമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഈ സ്‌കീമിൽ, നിക്ഷേപ തീയതി മുതൽ മാർച്ച് 31/30 സെപ്റ്റംബർ/ഡിസംബർ 31 തീയതികളിൽ പലിശ കണക്കാക്കപ്പെടും, അതിനുശേഷം പലിശ ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ തീയതികളിൽ അടയ്‌ക്കും. 1,000 രൂപ മുതൽ ഇതിൽ നിക്ഷേപിക്കാം, 30 ലക്ഷം രൂപ വരെയാണ് സ്കീമിലെ നിക്ഷേപ പരിധി.
സുകന്യ സമൃദ്ധി അക്കൗണ്ട്
250 രൂപ മുതൽ സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. പദ്ധതി പ്രകാരം, നിക്ഷേപ തുകയ്ക്ക് 8.2 ശതമാനം പലിശ ലഭിക്കും. ഇതിൽ ഒരു വർഷം പരമാവധി ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കിസാൻ വികാസ് പത്ര (കെവിപി)
കിസാൻ വികാസ് പത്രയിൽ 1000 രൂപ മുതൽ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. പ്രതിവർഷം 7.5 ശതമാനം പലിശയാണ് ഇതിൽ ലഭിക്കുക
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
പ്രതിവർഷം 7.7 ശതമാനം പലിശയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ ലഭിക്കുക. 1000 രൂപയാണ് ഇതിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പരിധി , പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല.