Savings Schemes: വര്‍ഷംതോറും 8.2 ശതമാനം പലിശ; സമ്പാദ്യം ഈ സ്‌കീമുകളിലൂടെ ആവട്ടെ
9 Small Savings Schemes: വെറും 500 രൂപയ്ക്ക് ആരംഭിക്കുന്ന അക്കൗണ്ടിലൂടെ നിങ്ങള്‍ക്ക് പണം സമ്പാദിച്ച് തുടങ്ങാം. എങ്ങനെ എന്നല്ലേ, പോസ്റ്റ് ഓഫീസ് വഴി നിരവധി നിക്ഷേപ പദ്ധതികളാണ് ജനങ്ങളിലേക്ക് എത്തുന്നത്. ഇതിന് 4 ശതമാനം മുതല്‍ 8.2 ശതമാനം വരെയാണ് പലിശ ലഭിക്കുക.
സേവിംഗ്‌സ് സ്‌കീമുകള്‍, ഇത് കേള്‍ക്കുമ്പോള്‍ പകുതിയോളം ആളുകളുടെയും മുഖം ചുളിയും. എന്നാല്‍ മുഖം ചുളിക്കാന്‍ വരട്ടെ. നിങ്ങള്‍ക്ക് സമ്പാദിക്കേണ്ട എന്നാണ് ഇപ്പോള്‍ തോന്നുന്നതെങ്കില്‍ അത് ഭാവിയില്‍ കുറ്റബോധം തോന്നുന്നതിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജോലിയുള്ള സമയത്ത് സമ്പാദ്യശീലം വളര്‍ത്തിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും. സമ്പാദ്യ ശീലം സാമ്പത്തിക ബാധ്യതയില്ലാത്തവര്‍ക്കുള്ള ഏര്‍പ്പാടാണെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ആ തോന്നല്‍ ശരിയല്ല. കയ്യില്‍ പത്ത് രൂപയെ മിച്ചം വരുന്നുള്ളു എങ്കിലും നിങ്ങള്‍ക്ക് സമ്പാദിക്കാം. സമ്പാദിക്കാന്‍ വലിയ വരുമാനമുള്ള ജോലിയുടെ ആവശ്യമില്ല. ആര്‍ക്കും സമ്പാദിക്കാം, അതിന് ഒട്ടനവധി മാര്‍ഗങ്ങളാണ് ഉള്ളത്. അതിന് സാധിക്കുന്ന ഒട്ടനവധി സേവിംഗ്‌സ് സ്‌കീമുകളാണ് ഇന്നുള്ളത്. ഇനിയും പണം സേവ് ചെയ്ത് തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് പറ്റുന്ന സേവിംഗ് സ്‌കീമുകളേയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വെറും 500 രൂപയ്ക്ക് ആരംഭിക്കുന്ന അക്കൗണ്ടിലൂടെ നിങ്ങള്‍ക്ക് പണം സമ്പാദിച്ച് തുടങ്ങാം. എങ്ങനെ എന്നല്ലേ, പോസ്റ്റ് ഓഫീസ് വഴി നിരവധി നിക്ഷേപ പദ്ധതികളാണ് ജനങ്ങളിലേക്ക് എത്തുന്നത്. ഇതിന് 4 ശതമാനം മുതല്‍ 8.2 ശതമാനം വരെയാണ് പലിശ ലഭിക്കുക. ഏതെല്ലാമാണ് ആ നിക്ഷപ പദ്ധതികള്‍ എന്ന് നോക്കാം…
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്
വെറും 500 രൂപ മുടക്കിയാല്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. മിനിമം ബാലന്‍സ് എപ്പോഴും 500 രൂപയില്‍ കുറയാതെ സൂക്ഷിക്കണം. 500 നിലനിര്‍ത്തികൊണ്ട് നിങ്ങള്‍ക്ക് എത്ര രൂപ വേണമെങ്കിലും പിന്‍വലിക്കാന്‍ സാധിക്കും. ബാലന്‍സ് 500 രൂപയില്‍ താഴെയാണെങ്കില്‍ നിങ്ങള്‍ക്ക് പലിശ ലഭിക്കില്ല.
നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ്
ഒരാള്‍ക്ക് 1000 രൂപയിലോ അല്ലെങ്കില്‍ നൂറിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചുകൊണ്ടോ അക്കൗണ്ട് തുടങ്ങാം. ഇതിലും എത്ര രൂപ വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാം. നിക്ഷേപ കാലാവധിയെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് പലിശ ലഭിക്കുക. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് വര്‍ഷത്തെ നിക്ഷേപത്തിന് 7 ശതമാനവും മൂന്ന് വര്‍ഷത്തിന് 7.1 ശതമാനവും അഞ്ച് വര്‍ഷത്തിന് 7.5 ശതമാനവുമാണ് പലിശ ലഭിക്കുക.
5 വര്‍ഷ റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം
ഈ സ്‌കീമില്‍ കുറഞ്ഞത് 100 രൂപ അല്ലെങ്കില്‍ 10ന്റെ ഗുണിതങ്ങളായുള്ള ഏതെങ്കിലും സഖ്യ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കം. പ്രതിവര്‍ഷം 6.7 ശതമാനമാണ് പലിശ ലഭിക്കുക.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
1000 രൂപയാണ് കുറഞ്ഞത് നിക്ഷേപിക്കേണ്ടത്. എന്നാല്‍ ഒരിക്കലും 30 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കാനും പാടില്ല. 8.2 ശതമാനമാണ് ഈ സ്‌കീമിന് പലിശയായി ലഭിക്കുക.
പ്രതിമാസ വരുമാന പദ്ധതി
ഇത് ഒരു സംഖ്യ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന സ്‌കീമാണ്. പ്രതിമാസം ഇതിന്റെ പലിശ വരുമാനമായി ലഭിക്കും. 7.40 ശതമാനമാണ് നിലവില്‍ ഇതിന് പലിശ ലഭിക്കുന്നത്. 1000 രൂപയാണ് അക്കൗണ്ട് തുറക്കുമ്പോള്‍ നിക്ഷേപിക്കേണ്ടത്. വ്യക്തിഗത അക്കൗണ്ടുകളില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1,50,000 രൂപ വരെ നിക്ഷേപിക്കാം. 7.1 ശതമാനമാണ് നിലവില്‍ പലിശ ലഭിക്കുന്നത്. 15 വര്‍ഷം വരെയാണ് നിക്ഷേപ കാലയളവ്. അതിനുശേഷം അപേക്ഷിച്ച് അഞ്ച് വര്‍ഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാന്‍ സാധിക്കും.
Also Read: Best SIP: മാസം തോറും 5000 , 51 ലക്ഷം പോക്കറ്റിൽ എസ്ഐപി എന്നാ സുമ്മാവാ…
കിസാന്‍ വികാസ് പത്ര
1000 രൂപ കുറഞ്ഞത് നിക്ഷേപിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാം. എത്ര രൂപ വേണമെങ്കിലും പണം നിക്ഷേപിക്കാം. 7.5 ശതമാനമാണ് പ്രതിവര്‍ഷം പലിശ ലഭിക്കുക. നിക്ഷേപിക്കുന്ന തുക 9 വര്‍ഷവും 7 മാസവും കൊണ്ട് ഇരട്ടിയാകും.
മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
1000 രൂപയോ 100ന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചുകൊണ്ടാണ് ഇതില്‍ അക്കൗണ്ട് തുറക്കേണ്ടത്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 7.5 ശതമാനം വരെ പലിശ ലഭിക്കും.
സുകന്യ സമൃദ്ധി അക്കൗണ്ട്
10 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് ഈ അക്കൗണ്ട് തുടങ്ങേണ്ടത്. ഒരു സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 8.2 ശതമാനമാണ് പലിശ.