AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Government Investment Schemes: സര്‍ക്കാരല്ലേ വിശ്വസിക്കാം! കിടു സമ്പാദ്യ പദ്ധതികളല്ലേ കയ്യിലുള്ളത്‌

Know About The Government Backed Investment Schemes: ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അവയില്‍ ഏറ്റവും മികച്ചത് നോക്കി തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. സര്‍ക്കാര്‍ പിന്തുണയോടെ അധികം അപകട സാധ്യതയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില പദ്ധതികളെ പരിചയപ്പെട്ടാലോ?

Government Investment Schemes: സര്‍ക്കാരല്ലേ വിശ്വസിക്കാം! കിടു സമ്പാദ്യ പദ്ധതികളല്ലേ കയ്യിലുള്ളത്‌
പ്രതീകാത്മക ചിത്രം Image Credit source: Wong Yu Liang/Moment/Getty Images
shiji-mk
Shiji M K | Published: 23 Apr 2025 15:26 PM

നമ്മള്‍ ഓരോരുത്തരും എത്ര കഷ്ടപ്പെട്ടാണല്ലേ പണമുണ്ടാക്കുന്നത്, നല്ല രീതിയില്‍ പണമുണ്ടാക്കുന്ന കാര്യമാണേ പറഞ്ഞത്. പഴയ തലമുറയെ പോലെ ഇന്നത്തെയാളുകള്‍ക്ക് മുണ്ട് മുറുക്കിയുടുത്ത് ഉണ്ടാക്കിയതിന്റെ കഥ പറയാനില്ല, എന്നാല്‍ സ്മാര്‍ട്ടായി ഇന്‍വെസ്റ്റ് ചെയ്തതിന്റെ കഥ അടുത്ത തലമുറയോട് നമുക്ക് പറയേണ്ടേ? തീര്‍ച്ചയായും വേണം. മികച്ച സമ്പാദ്യ പദ്ധതികളുടെ ഭാഗമാകുക എന്നത് തന്നെയാണ് അതിനുള്ള പ്രധാന വഴി.

ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അവയില്‍ ഏറ്റവും മികച്ചത് നോക്കി തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. സര്‍ക്കാര്‍ പിന്തുണയോടെ അധികം അപകട സാധ്യതയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില പദ്ധതികളെ പരിചയപ്പെട്ടാലോ?

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു പദ്ധതിയാണിത്. ഉയര്‍ന്ന പലിശയും നികുതി ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 15 വര്‍ഷത്തെ ലോക്കിന്‍ കാലാവധിയാണ് പിപിഎഫിനുള്ളത്. ഈ കാലാവധിക്ക് ശേഷം അഞ്ച് വര്‍ഷമായി നിങ്ങള്‍ക്ക് നിക്ഷേപം തുടരാവുന്നതാണ്.

ഏഴ് വര്‍ഷത്തിന് ശേഷം ഉപാധികളോടെ പണം പിന്‍വലിക്കാം. മാത്രമല്ല നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് നികുതി ഈടാക്കില്ല എന്നൊരു പ്രത്യേകതയുമുണ്ട്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. 15 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്താന്‍ സാധിക്കുന്നത്.

അക്കൗണ്ട് ആരംഭിച്ച ദിവസം മുതല്‍ 21 വര്‍ഷത്തിന് ശേഷമാണ് കാലാവധി പൂര്‍ത്തിയാകുക. കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായതിന് ശേഷം ഭാഗികമായി പണം പിന്‍വലിക്കാവുന്നതാണ്.

Also Read: KSFE Chitty: ഇനിയും ചിട്ടിപ്പണം നിക്ഷേപിച്ചില്ലേ? കെഎസ്എഫ്ഇയില്‍ തന്നെ മതിയന്നേ; ദാ ഇത്ര പണിയേ ഉള്ളൂ

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്)

രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ആര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. എന്‍പിഎസില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന പണം ഇക്വിറ്റികള്‍, ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പറേറ്റ് കടം എന്നിവയിലേക്കാണ് പോകുന്നത്. ഇത് അപകട സാധ്യത കുറയ്ക്കുകയും പണം വളരാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷമോ മെച്യൂരിറ്റി കാലയളവിന് ശേഷമോ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഒറ്റത്തവണയായി പിന്‍വലിക്കാം. ബാക്കിയുള്ള തുക പെന്‍ഷനായി വാങ്ങിക്കാവുന്നതാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി, 80 സിസിഡി എന്നിവ പ്രകാരം നികുതി ഇളവും ലഭിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.