Fixed Deposits: എഫ്ഡി ഇട്ടാൽ 8.25 ശതമാനം വരെ പലിശ തരും, ഇവിടെ
Yes Bank Fixed Deposit Interest: രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഈ പലിശ നിരക്കുകൾ 25 ബേസിസ് പോയിൻ്റാണ് (ബിപിഎസ്) ബാങ്ക് ഉയർത്തിയത്
നിക്ഷേപങ്ങൾക്ക് ലഭിച്ചിരുന്ന പലിശ നിരക്ക് ദിനംപ്രതി കുറഞ്ഞുവരികയാണ്. സർക്കാർ ബാങ്കുകൾ മുതൽ സ്വകാര്യ ബാങ്കുകൾ വരെ വലിയ നിരക്കിലുള്ള പലിശയൊന്നും ഇപ്പോൾ നൽകുന്നില്ല. ഇതിനൊക്കെയും അപവാദം എപ്പോഴും സ്വകാര്യ ബാങ്കുകളാണ്. നിലവിൽ 8 ശതമാനത്തിലധികം പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന ബാങ്കുകൾ രാജ്യത്തുണ്ട്. ഇത്തരത്തിൽ 8.25% പലിശ നൽകുന്ന ഒരു ബാങ്കിനെ പറ്റിയാണ് പരിശോധിക്കുന്നത്. യെസ് ബാങ്കാണ് നിക്ഷേപകർക്ക് വമ്പൻ സമ്മാനം നൽകുന്നത്.
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ ഒരു പ്രത്യേക കാലയളവിലേക്കുള്ള പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഈ പലിശ നിരക്കുകൾ 25 ബേസിസ് പോയിൻ്റാണ് (ബിപിഎസ്) ബാങ്ക് ഉയർത്തിയത്. ഈ വർദ്ധനക്ക് ശേഷം, സാധാരണ പൗരൻമാർക്ക് നിലവിൽ നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ എഫ്ഡിക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 8.25 ശതമാനം വരെയും ലഭിക്കും. പുതുക്കിയ പലിശ നിരക്കുകൾ 2023 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ALSO READ : Credit Score: ക്രെഡിറ്റ് സ്‌കോര്‍ താളം തെറ്റിയാല്‍ എല്ലാം കഴിഞ്ഞു; ശരിയാക്കാന്‍ വഴിയുണ്ട്
യെസ് ബാങ്കിൻ്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ഏഴ് മുതൽ 14 ദിവസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3.25 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 15 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.70 ശതമാനം പലിശയും ലഭിക്കും. 272 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ദീർഘകാല ബോണ്ടിന്, പലിശ നിരക്ക് 6.35 ശതമാനവും ഒരു വർഷത്തെ മെച്യൂരിറ്റിക്ക് 7.25 ശതമാനം പലിശയും ലഭിക്കും.
ഒരു വർഷം മുതൽ 18 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമാണ്. 18 മാസം മുതൽ 24 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക് പലിശ നിരക്ക് 7.50 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായും ഉയർത്തി. സീനിയർ സിറ്റിസൺസിൻ്റെ എഫ്ഡിക്ക് പലിശ നിരക്ക് 3.75 ശതമാനം മുതൽ 8.25 ശതമാനം വരെയാണ്.
18 മാസം മുതൽ 24 മാസത്തിൽ താഴെ വരെ കാലയളവുള്ള ഏഫ്ഡികൾക്ക് 8.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപ മുതൽ നിങ്ങൾക്ക് എഫ്ഡി നിക്ഷേപിക്കാം. മൂല്യത്തീയതി മുതൽ മെച്യൂരിറ്റി തീയതി വരെയാണ് എഫ്ഡിക്ക് പലിശ കണക്കാക്കുന്നത്. ആറ് മാസത്തിൽ താഴെ കാലാവധിയുള്ള FD-കൾക്ക് പ്രതിമാസമോ ത്രൈമാസമോ മെച്യൂരിറ്റിയോ ആയ പലിശ ഉപഭോക്താക്കൾക്ക് കൈപ്പറ്റാം.